കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഹങ്കാരം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ബി.ജെ.പി സംസ്ഥാനത്ത് ചരിത്ര വിജയം സ്വന്തമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബംഗാണില്‍ നടന്ന വന്‍ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം അവസാനിച്ചപ്പോള്‍ തന്നെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഹങ്കാരം അവസാനിച്ചു. ഇനി രണ്ടാം ഘട്ടവും പൂര്‍ത്തിയാകുന്നതോടെ ബി.ജെ.പിയുടെ ചരിത്ര വിജയം ഇവിടെ കുറിക്കപ്പെടും,’ മോദി പറഞ്ഞു.
ഏപ്രില്‍ 23നാണ് ബംഗാളില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 29നാണ് രണ്ടാം ഘട്ടം. ആദ്യ ഘട്ടത്തില്‍ മുര്‍ഷിദാബാദ്, പൂര്‍വ മേദിനിപൂര്‍ അടക്കമുള്ള 16 ജില്ലകളിലെ 152 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ കൊല്‍ക്കത്ത, ഹൗറ, പൂര്‍വ ബര്‍ധമാന്‍ അടക്കമുള്ള ഏഴ് ജില്ലകളിലെ 142 സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കും.
വ്യാജ രേഖകളുമായി നിയമവിരുദ്ധമായി ബംഗാളില്‍ പ്രവേശിച്ചവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടണമെന്ന് മോദി കര്‍ശനമായി ആവശ്യപ്പെട്ടു. മെയ് നാലിന് വോട്ടെണ്ണല്‍ ഫലം പുറത്തുവരുന്നതോടെ ഇത്തരം നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ പുറത്താക്കുമെന്നും ഇനി അവരെ സംരക്ഷിക്കാന്‍ ടി.എം.സിക്ക് കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി
ബംഗാളില്‍ നിലവില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും ‘മഹാ ജംഗിള്‍ രാജ്’ ആണ് നിലനില്‍ക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രാദേശിക ഗുണ്ടകള്‍ പോലും തങ്ങളാണ് സര്‍ക്കാരെന്ന നിലയിലാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മതുവ, നാമസൂദ്ര വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് പൗരത്വ ഭേദഗതി നിയമം വഴി ഇന്ത്യന്‍ പൗരത്വവും എല്ലാ അവകാശങ്ങളും ഉറപ്പാക്കുമെന്ന് മോദി പറഞ്ഞു.
തൃണമൂലിന്റെ ‘മാ, മാട്ടി, മാനുഷ്’ (അമ്മ, മണ്ണ്, മനുഷ്യന്‍) എന്ന മുദ്രാവാക്യം അവര്‍ തന്നെ ലംഘിച്ചുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
ബംഗാളിലെ അമ്മമാരെ കരയിപ്പിക്കുകയും, ഭൂമി സിന്‍ഡിക്കേറ്റുകള്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുകയും, തൊഴിലിനായി ജനങ്ങളെ സംസ്ഥാനം വിടാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ചണം കൃഷിക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ വലിയ ഇടപെടലുകള്‍ നടത്തി. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ചണത്തിന്റെ താങ്ങുവില ഇരട്ടിയാക്കി. സര്‍ക്കാര്‍ സംഭരണം മൂന്നിരട്ടിയാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു.
Content Highlight: TMC’s arrogance ended after the first phase of elections, BJP’s historic victory in Bengal: Modi