| Tuesday, 16th June 2026, 9:29 pm

ടി.എം.സി വിമതരുടെ ലയനം: ധൃതിപിടിച്ച തീരുമാനമില്ല, ഇരുപക്ഷത്തെയും കേള്‍ക്കുമെന്ന് സ്പീക്കര്‍

ആദര്‍ശ് എം.കെ.

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രതിസന്ധിയും 20 വിമത എം.പിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (എന്‍.സി.പി.ഐ) ലയിക്കാന്‍ അനുമതി തേടിയ വിഷയത്തിലും ഇടപെടലുമായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള.

ഇരുപക്ഷത്തെയും നേരിട്ട് കേട്ട ശേഷം മാത്രമേ ലയനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കൂ എന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.

വിമത എം.പിമാരുടെയും തൃണമൂല്‍ ഔദ്യോഗിക നേതൃത്വത്തിന്റെയും വാദങ്ങള്‍ കേള്‍ക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇരുവിഭാഗത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. സ്പീക്കറുടെ ഈ നീക്കം നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട 20 എം.പിമാരാണ് ലയനത്തിന് അനുമതി തേടിയത്. തങ്ങള്‍ക്ക് പാര്‍ട്ടിയുടെ പാര്‍ലമെന്ററി കരുത്തിന്റെ മൂന്നില്‍ രണ്ട് ഭാഗമുണ്ടെന്നും അതിനാല്‍ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും വിമതര്‍ അവകാശപ്പെടുന്നു.

ഇവര്‍ എന്‍.ഡി.എ മുന്നണിയെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

ടി.എം.സി ഫ്‌ലോര്‍ ലീഡറായ അഭിഷേക് ബാനര്‍ജിയെ സ്പീക്കര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് ഹാജരാകാന്‍ സാധിച്ചിരുന്നില്ല. ജൂണ്‍ 15ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന സമയത്താണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്പീക്കറുടെ ഇമെയില്‍ വന്നതെന്ന് ടി.എം.സി ആരോപിക്കുന്നു.

എം.പി കിര്‍ത്തി ആസാദ് സ്പീക്കറുടെ ഓഫീസിലെത്തി അഭിഷേകിന്റെ അസൗകര്യം അറിയിക്കുകയും മറ്റൊരു ദിവസം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു

തൃണമൂല്‍ കോണ്‍ഗ്രസ് വിഭജിക്കാന്‍ കഴിയാത്ത ഒറ്റ പാര്‍ട്ടിയാണെന്നും വിമതര്‍ക്ക് പ്രത്യേക അംഗീകാരം നല്‍കരുതെന്നും അഭിഷേക് ബാനര്‍ജി സ്പീക്കര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് ഇതിനെ എതിര്‍ക്കാനാണ് പാര്‍ട്ടി തീരുമാനം.

ലയനം സ്പീക്കര്‍ അംഗീകരിക്കുകയാണെങ്കില്‍ ലോക്‌സഭയില്‍ തൃണമൂലിന്റെ അംഗബലം ഗണ്യമായി കുറയും. ഇതോടെ എന്‍.ഡി.എയുടെ അംഗസംഖ്യ 294ല്‍ നിന്ന് 314 ആയി ഉയരും.

Content highlight: TMC rebels’ merger: No hasty decision, will listen to both sides, says Speaker

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more