| Tuesday, 14th October 2025, 9:07 am

'ശ്രദ്ധിക്കേണ്ടത് പെണ്‍കുട്ടികള്‍, എല്ലായിടങ്ങളിലും പട്രോളിങ് ഉണ്ടാകണമെന്നില്ല' മമതയ്ക്ക് പിന്നാലെ ടി.എം.സി എം.പിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ദുര്‍ഗാപൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയ്. എല്ലായിടങ്ങളിലും പൊലീസിന് ഓടിയെത്താന്‍ കഴിയണമെന്നില്ല. അതുകൊണ്ട് പെണ്‍കുട്ടികള്‍ ജാഗ്രത പാലിക്കണമെന്നാണ് സൗഗതയുടെ പരാമര്‍ശം.

ഇതേ വിഷയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. രാത്രി 12 മണി കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ ക്യാമ്പസിലൂടെ ഇറങ്ങി നടക്കുന്ന സംസ്‌കാരം നിയന്ത്രിക്കണമെന്നായിരുന്നു മമതയുടെ വിവാദ പ്രസ്താവന.

ഇതിനുപിന്നാലെയാണ് ടി.എം.സി എം.പിയും രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം കേസുകള്‍ ബംഗാളില്‍ അപൂര്‍വമാണെന്നും ബംഗാളിലെ സ്ത്രീ സുരക്ഷ മറ്റേതൊരു സംസ്ഥാനങ്ങളേക്കാളും മികച്ചതാണെന്നുമാണ് സൗഗത പറയുന്നത്.

‘രാത്രി വൈകി കോളേജുകളില്‍ നിന്ന് പുറത്തിറങ്ങരുത്. കാരണം പൊലീസിന് എല്ലായിടത്തും പട്രോളിങ് നടത്താന്‍ കഴിയില്ല. എല്ലാ റോഡുകളിലും പൊലീസിന്റെ സാന്നിധ്യം ഉണ്ടാകണമെന്നില്ല. ഒരു പ്രശ്‌നമുണ്ടായാല്‍ നടപടി എടുക്കാന്‍ മാത്രമേ പൊലീസിന് കഴിയുകയുള്ളു. അതുകൊണ്ട് ജാഗ്രത വേണം,’ സൗഗത പറഞ്ഞു. എ.എന്‍.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥികള്‍ രാത്രി പുറത്തിറങ്ങുന്ന സംസ്‌കാരം കോളേജുകള്‍ നിയന്ത്രിക്കണമെന്നും പെണ്‍കുട്ടികള്‍ സ്വയം സുരക്ഷ ഉറപ്പ് വരുത്തണമെന്നുമായിരുന്നു മമതയുടെ പരാമര്‍ശം. രാത്രി 12.30ന് പെണ്‍കുട്ടിയെങ്ങനെ പുറത്തുകടന്നുവെന്ന ചോദ്യത്തോട് കൂടിയായിരുന്നു മമത പ്രതികരിച്ചത്.

ദുര്‍ഗാപൂരിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിന് സമീപമാണ് ഒഡീഷയില്‍ നിന്നുള്ള രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ആണ്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനായി പുറത്തുപോയ പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്.

സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് മമതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നേരിട്ടത്. നിരന്തരമായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗിക അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

ഇതിനുപിന്നാലെയാണ് അതിജീവിതയെ പഴിച്ച് മമത സംസാരിച്ചത്. പരാമര്‍ശം വിവാദമായതോടെ തന്റെ പ്രതികരണം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും മമത പറഞ്ഞിരുന്നു.

അതേസമയം വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നിലവില്‍ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സോവന മൊഹന്തിയുടെ നേതൃത്വത്തിലുള്ള സംഘം അതിജീവിതയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.

Content Highlight: TMC MP Saugata Roy makes controversial remarks on the gang abuse of a medical student

We use cookies to give you the best possible experience. Learn more