| Saturday, 23rd May 2026, 1:51 pm

ഈ ചൂടില്‍ ടി.എം.സി ഐസിനേക്കാള്‍ വേഗത്തില്‍ ഉരുകുന്നു; പ്രതിപക്ഷത്ത് ഇടത് മുന്നണി വരണമെന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്: ബംഗാള്‍ സി.പി.ഐ.എം

നിഷാന. വി.വി

കൊല്‍ക്കത്ത: വേനല്‍കാലത്തെ ചൂടില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഐസിനേക്കാള്‍ വേഗത്തില്‍ ഉരുകുകയാണെന്ന് സി.പി.ഐ.എം പശ്ചിമബംഗാള്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സലിം.

ബി.ജെ.പി ഭരിക്കുന്ന ബംഗാളില്‍ പ്രതിപക്ഷ ഇടം സി.പി.ഐ.എം ഏറ്റെടുക്കേണ്ട സമയമാണിതെന്നും ജനം അത് പ്രതീക്ഷിക്കുന്നുണ്ടെന്നും സലിം പറഞ്ഞു.

‘ഇപ്പോള്‍ ഈ ചൂടില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മഞ്ഞുരുകുന്നതിനെക്കാള്‍ വേഗത്തില്‍ ഉരുകി കൊണ്ടിരിക്കുന്നതിനാല്‍ പശ്ചിമബംഗാളില്‍ ബി.ജെ.പിക്കെതിരെ പ്രാഥമിക പ്രതിപക്ഷമാവുക എന്നത് സൈദ്ധാതികമാായി മാത്രമല്ല പ്രായോഗികമായും നമ്മുടെ കടമയാണ്,’ സലിം പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യേകിച്ച് സി.പി.ഐ.എം ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും എതിര്‍ക്കുന്നതില്‍ മുന്നില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘പശ്ചിമബംഗാളിലെ ഇടതുപക്ഷ ആവാസ വ്യവസ്ഥ വീണ്ടെടുക്കുകയെന്നത് ബുദ്ധിമുട്ടുളള കാര്യമാണ്. എന്നാല്‍ അസാധ്യമല്ല. ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ക്കായുള്ള ജനങ്ങളുടെ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുക,’ പി.ടി.എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം നയിക്കുന്ന ഇടത് മുന്നണി സംസ്ഥാനത്തെ പ്രതിപക്ഷ ഇടം ഏറ്റെടുക്കുമെന്ന് തന്റെ പാര്‍ട്ടി മാത്രമല്ല ജനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നര പതിറ്റാണ്ടിലേറെയായി ടി.എം.സി പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് നടത്തിയ ഭീകര തന്ത്രങ്ങള്‍ ഉള്‍പ്രദേശങ്ങളില്‍ ആര്‍.എസ്.എസിന്റെ വളര്‍ച്ചയ്ക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ മതം കലര്‍ത്തി ടി.എം.സിയും ബി.ജെ.പിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ അകറ്റി നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. സിറ്റിങ് മണ്ഡലമായ ഭവാനിപൂരില്‍ മമത, സുവേന്ദു അധികാരിയോട് ദയനീയമായി തോല്‍ക്കുകയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് 80 സീറ്റുകളാണ് നേടിയത്. 294 അംഗ നിയമസഭയില്‍ 207 സീറ്റുകള്‍ നേടി ബി.ജെ.പി വന്‍ വിജയം നേടി. 15 വര്‍ഷത്തെ തൃണമൂല്‍ ഭരണത്തിനാണ് ഇതോടെ അന്ത്യം കുറിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് രണ്ട് സീറ്റും സി.പി.ഐ.എം ഒരു സീറ്റും നേടിയിട്ടുണ്ട്.

Content Highlight: TMC is melting faster than ice in this heat; People are expecting Left Front to come in opposition: Bengal CPI(M)

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more