| Thursday, 13th August 2026, 9:13 pm

മെറ്റയോട് മുഖ്യമന്ത്രി പറഞ്ഞില്ലായിരിക്കാം; പക്ഷേ അദ്ദേഹം നിയമിച്ച ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനാലാണ് പോസ്റ്റുകള്‍ വിലക്കിയതെന്ന് തോമസ് ഐസക്ക്

റെന്വര്‍ പി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മെറ്റ വിലക്കിയത് മുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണെന്ന് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്ക്. താന്‍ പറഞ്ഞിട്ടല്ല മെറ്റ തനിക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകള്‍ പ്രാദേശിക അധികാരികളില്‍ നിന്നുള്ള നിയമപരമായ അഭ്യര്‍ത്ഥന കാരണം മെറ്റ ഇന്ത്യയില്‍ നിന്ന് പ്രാദേശികമായി വിലക്കിയതാണെന്നാണ് വ്യക്തമാകുന്നതെന്ന് തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വി.ഡി. സതീശന്‍ ഇതിന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് പോസ്റ്റ് മെറ്റ നീക്കം ചെയ്തതെന്നും ഐസക്ക് പറഞ്ഞു.

ബി.ജെ.പി ഉണ്ടാക്കിയ നിയമത്തെ ഉപയോഗിച്ചു നിങ്ങള്‍ മെറ്റയ്ക്ക് നല്‍കിയ നിര്‍ദ്ദേശം പിന്‍വലിക്കുക മാത്രമാണ് വി.ഡി സതീശന്‍ ചെയ്യേണ്ടതെന്നും തോമസ് ഐസക്ക് പറഞ്ഞു. നീക്കം ചെയ്യപ്പെട്ട ഇമേജുകള്‍ താന്‍ മെറ്റ എ.ഐ. വെച്ച് പരിശോധിച്ചെന്നും തോമസ് ഐസക്ക് അറിയിച്ചു. ഈ ചിത്രങ്ങളെക്കുറിച്ച് മെറ്റ എ.ഐയോട് ചോദിച്ചപ്പോള്‍ അവ മെറ്റ കമ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നില്ലെന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും ഐസക്ക് പറഞ്ഞു.

‘ഈ ഫോട്ടോകള്‍ ഗൂഗിള്‍ ജെമിനി എ.ഐ വച്ചും പരിശോധിച്ചു. ഗൂഗിള്‍ ജെമിനിയില്‍ നിന്നും ആ ഫോട്ടോകള്‍ കമ്യൂണിറ്റി സ്റ്റാന്‍ഡേഡിന് വിരുദ്ധമല്ലെന്ന മറുപടിയാണ് ലഭിച്ചത്.

പിന്നെ എന്തുകൊണ്ട് നീക്കം ചെയ്യപ്പെട്ടു എന്ന് ചോദിച്ചപ്പോള്‍ ഇന്ത്യയിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ചട്ടങ്ങള്‍ പ്രകാരമുള്ള നിയമപരമായ ആവശ്യകതകള്‍ക്ക് അനുസൃതമായി നീക്കം ചെയ്യപ്പെട്ടു എന്ന സന്ദേശമാണ് മെറ്റയില്‍ നിന്ന് ലഭിച്ചതെന്നുള്ള മറുപടിയാണ് ലഭിച്ചത്,’  ഐസക്ക് പറഞ്ഞു.

മെറ്റയുടെ ആഗോള നിയമങ്ങളുടെ നേരിട്ടുള്ള ലംഘനം കൊണ്ടല്ല ആ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യപ്പെട്ടതെന്നും പ്രാദേശിക അധികാരികളില്‍ നിന്നുള്ള നിയമപരമായ അഭ്യര്‍ത്ഥന കാരണം അവ ഇന്ത്യയില്‍ പ്രാദേശികമായി വിലക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്താണെന്നുമാണ് ഇത് വ്യക്തമാക്കുന്നതെന്നും ജെമിനി മറുപടി നല്‍കിയെന്നും ഐസക്ക് അറിയിച്ചു.

വി.ഡി. സതീശന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും സമൂഹ മാധ്യമങ്ങളിലെ വിലക്കിനെക്കുറിച്ച് തോമസ് ഐസക്ക് പറഞ്ഞു. ‘നിങ്ങള്‍ ചെയ്തിരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്, പൗരാവകാശ ധ്വംസനമാണ് അഭിപ്രായ സ്വാതന്ത്രത്തെ നിക്ഷേധിക്കലാണ്,’ ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘വീണ്ടും പറയുന്നു ജെന്‍ സീ സോഷ്യല്‍ മീഡിയക്ക് മുന്നില്‍ മോദി തോറ്റു.. പിന്നെയാണോ നിങ്ങള്‍?
നിങ്ങള്‍ പറഞ്ഞിട്ട് മെറ്റ നീക്കം ചെയ്ത കാര്‍ഡുകള്‍ തന്നെ ഞാന്‍ വീണ്ടും പോസ്റ്റ് ചെയ്യുകയാണ്.,’ തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. മെറ്റയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട കൈരളി ന്യൂസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്ററുകളും ഈ പോസ്റ്റിനൊപ്പം ഐസക്ക് പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഞാന്‍ പറഞ്ഞാല്‍ മെറ്റ കേള്‍ക്കുമോ? വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഞാന്‍ ഒരു ഭയങ്കര സംഭവം തന്നെയെന്ന് എനിക്ക് തന്നെ തോന്നി. എന്റെ ഓഫീസ് പറഞ്ഞാല്‍ Meta വാര്‍ത്ത Remove ചെയ്യുമോ?, വിഷയത്തില്‍ മാധ്യമങ്ങള്‍ പരാതി നല്‍കിയാല്‍ അതിനൊപ്പം ഞാന്‍ നില്‍ക്കാം” ഇതാണ് മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് പറഞ്ഞത്.

ഭയങ്കര സംഭവം തന്നെ. അതുകൊണ്ട് മെറ്റയോട് ചോദിക്കാം എന്ന് തീരുമാനിച്ചു. കൈരളിയുടെ നീക്കം ചെയ്ത കാര്‍ഡുകളെല്ലാം whatsapp മെറ്റയിലിട്ട് ചോദിച്ചു.
”ഞാന്‍ നിങ്ങള്‍ അപ്ലോഡ് ചെയ്ത 9 ചിത്രങ്ങളും പരിശോധിച്ചു. ഇവ കേരള രാഷ്ട്രീയത്തെക്കുറിച്ചുള്ള 2026 ആഗസ്റ്റിലെ കൈരളി ന്യൂസ് ഗ്രാഫിക്‌സുകള്‍ ആണ്.”
”ഇവ മെറ്റാ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ (Meta Community Standards) ലംഘിക്കുന്നുണ്ടോ?

ചുരുക്കത്തില്‍: ഇല്ല, ഇവ പ്രധാന കമ്മ്യൂണിറ്റി മാനദണ്ഡങ്ങളൊന്നും ലംഘിക്കുന്നതായി കാണുന്നില്ല.”

”അക്രമം, നഗ്‌നത, അല്ലെങ്കില്‍ വെറുപ്പ് ഉളവാക്കുന്ന ചിഹ്നങ്ങള്‍ (hate symbols) എന്നിവയില്ല, അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങള്‍, രക്തം, അല്ലെങ്കില്‍ പരിക്കുകള്‍ എന്നിവയില്ല, ഉറവിടം വ്യക്തമാക്കിയിട്ടുണ്ട്: എല്ലാത്തിലും ‘kairalinews’ വാട്ടര്‍മാര്‍ക്കും തീയതിയുമുണ്ട്.”

ഇവയൊന്നുംതന്നെ വ്യാജ നിര്‍മ്മിത ദൃശ്യങ്ങളല്ല, വ്യക്തിപരമായ അംഗീകരിക്കപ്പെടാന്‍ ആവാത്ത അധിക്ഷേപങ്ങളും അല്ല. രാഷ്ട്രീയ വിമര്‍ശനങ്ങളാണ് എന്നൊക്കെ തുടര്‍ന്ന് മെറ്റ തന്നെ വിശദീകരിക്കുന്നു. പക്ഷെ എന്തുകൊണ്ട് നീക്കം ചെയ്തു?

ഈ സംശയവും തീര്‍ക്കണമല്ലോ? അത് ഗൂഗിളിന്റെ ജെമിനിയോട് ആണ് ചോദിച്ചത് ജെമിനിയും സമ്മതിക്കുന്നു ഈ ചിത്രങ്ങളൊന്നും മെറ്റയുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്സിന് വിരുദ്ധമല്ല. എന്നിട്ട് എന്തുസംഭവിച്ചിരിക്കാം എന്ന് വിശദീകരിക്കുന്നു:
”ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു മെറ്റാ (ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം) നിയന്ത്രണ അറിയിപ്പ് വ്യക്തമായി കാണിക്കുന്നുണ്ട്, അതില്‍ ഇങ്ങനെ വായിക്കാം: ‘Your photo is unavailable in India.’ (നിങ്ങളുടെ ഫോട്ടോ ഇന്ത്യയില്‍ ലഭ്യമല്ല.

‘കൂടാതെ, പ്രധാന ഗ്രാഫിക്കിന് പിന്നില്‍ ഭാഗികമായി കാണുന്ന പശ്ചാത്തല വാചകത്തില്‍, ‘pursuant to legal requirements under Information Technology… Rules’ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി… ചട്ടങ്ങള്‍ പ്രകാരമുള്ള നിയമപരമായ ആവശ്യകതകള്‍ക്ക് അനുസൃതമായി) ആണ് ആക്സസ് നിയന്ത്രിച്ചിരിക്കുന്നതെന്ന് പരാമര്‍ശിക്കുന്നുണ്ട്.”

”ഇത് സൂചിപ്പിക്കുന്നത്, ചിത്രങ്ങളോ ഉള്ളടക്കമോ മെറ്റായുടെ ആഗോള നിയമങ്ങളുടെ നേരിട്ടുള്ള ലംഘനം കൊണ്ടല്ല, മറിച്ച് പ്രാദേശിക അധികാരികളില്‍ നിന്നുള്ള നിയമപരമായ അഭ്യര്‍ത്ഥന കാരണം ഇന്ത്യയില്‍ ജിയോ-ബ്ലോക്ക് (geo-blocked) ചെയ്യപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ്”.

മിസ്റ്റര്‍ സതീശന്‍ നിങ്ങള്‍ ആവശ്യപ്പെട്ടുകാണില്ല, നിങ്ങള്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത് നീക്കം ചെയ്തത്. നിങ്ങള്‍ ആകെ ചെയ്യേണ്ടത് ബിജെപി ഉണ്ടാക്കിയ നിയമത്തെ ഉപയോഗിച്ചു നിങ്ങള്‍ മെറ്റയ്ക്ക് നല്‍കിയ നിര്‍ദ്ദേശം പിന്‍വലിക്കുക മാത്രമാണ്. പൊട്ടന്‍ കളിക്കരുത്.

നിങ്ങള്‍ ചെയ്തിരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്, പൗരാവകാശ ധ്വംസനമാണ് അഭിപ്രായ സ്വാതന്ത്രത്തെ നിക്ഷേധിക്കലാണ്.

വീണ്ടും പറയുന്നു ജന്‍സി സോഷ്യല്‍ മീഡിയക്ക് മുന്നില്‍ മോദി തോറ്റു.. പിന്നെയാണോ നിങ്ങള്‍?
നിങ്ങള്‍ പറഞ്ഞിട്ട് മെറ്റ നീക്കം ചെയ്ത കാര്‍ഡുകള്‍ തന്നെ ഞാന്‍ വീണ്ടും പോസ്റ്റ് ചെയ്യുകയാണ്.

Content Highlight: TM Thomas Issac on Meta Geo Restrictions- Says Official of VD Satheesan Directs to remove posts

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more