| Thursday, 25th June 2026, 12:01 am

ജീവിതത്തിന്റെ സായംസന്ധ്യയില്‍ പുനരാലോചന നന്നായിരിക്കും; ഖുര്‍ആന്‍ ഒന്നുകൂടി വായിച്ചാല്‍ വലിയ തിരിച്ചറിവുകള്‍ തേടിയെത്തും: കെ.ഇ.എന്നിനോട് അഭ്യര്‍ത്ഥനയുമായി ടി.കെ. അഷ്‌റഫ്

റെന്വര്‍ പി

കോഴിക്കോട്: കെ.ഇ.എന്‍ കുഞ്ഞഹമ്മദിനെതിരെ അടുത്തിടെ ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ്. ‘ഒരു അഭ്യര്‍ത്ഥന മുസ്‌ലിം സമുദായത്തോടും കെ.ഇ.എന്നിനോടും എന്ന പേരിലുള്ള ഒരു കുറിപ്പാണ് ടി.കെ അഷ്‌റഫ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുള്ളത്.

‘ വേട്ടയാടപ്പെടുന്ന സ്വത്വങ്ങളും സായംസന്ധ്യയിലെ തിരിച്ചറിവുകളും,’ എന്ന തലക്കെട്ടും ഈ കുറിപ്പിന് നല്‍കിയിട്ടുണ്ട്. ഇസ്‌ലാമിക ആചാരങ്ങള്‍ കൃത്യമായി പാലിച്ചാല്‍ തങ്ങള്‍ ‘തീവ്രവാദി’യായി മുദ്രകുത്തപ്പെടുമോ എന്നൊരു ആശങ്ക മുസ് ലിം കമ്മ്യൂണിറ്റിയില്‍ വളര്‍ന്നുവരുന്നുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ങ്ങളുടെ വിശ്വാസങ്ങളില്‍ നിന്നും കര്‍മ്മങ്ങളില്‍ നിന്നും പലരും സ്വയം മാറിനില്‍ക്കാന്‍ ശ്രമിച്ചാലും നിങ്ങളുടെ പേര് എന്ന അവസാന അടയാളം കൂടി അഴിച്ചുവെക്കുന്നത് വരെ ഈ വേട്ടയാടല്‍ തുടരുക തന്നെ ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നു.

ഇതിന് ഉദാഹരണമായി കെ.ഇ.എന്നിന്റെയും നടി അന്‍സിബ ഹസന്റെയും പേരും പോസ്റ്റില്‍ പറയുന്നു. ‘ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ.ഇ.എന്‍ കുഞ്ഞഹമ്മദിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍. സമാനമായാണ് നടി അന്‍സിബയ്‌ക്കെതിരെയും ജിഹാദി ആരോപണങ്ങള്‍ വന്നത്, ‘ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തന്റെ ജീവിതകാലമത്രയും ഇടതുപക്ഷ സഹയാത്രികനായി ജീവിച്ചിട്ടും, ഒരു പ്രോഗ്രാമിന്റെ നോട്ടീസില്‍ അദ്ദേഹത്തിന്റെ പേര് കാണുമ്പോള്‍ ഇടതുപക്ഷ ചിന്താഗതിക്കാര്‍ പോലും അസ്വസ്ഥപ്പെടുന്നു എന്നത് ഇന്നത്തെ ഭീതിദമായ സാഹചര്യത്തെയാണ് കാണിക്കുന്നതെന്നും ടി.കെ. അഷ്‌റഫ് അഭിപ്രായപ്പെട്ടു.

കെ.ഇ.എന്‍ ജീവിതത്തിന്റെ സായം സന്ധ്യില്‍ ഒരു പുനരാലോചന നടത്തുന്നത് നല്ലതായിരിക്കുനെന്ന് താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ടി.കെ. അഷ്‌റഫ് പറഞ്ഞു. ‘താങ്കള്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന പുതിയ ബോധ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് ഖുര്‍ആന്‍ ഒന്നുകൂടി വായിച്ചാല്‍ വലിയ തിരിച്ചറിവുകള്‍ തീര്‍ച്ചയായും താങ്കളെ തേടിയെത്തുമെന്ന് എന്റെ മനസ്സ് പറയുന്നു,’ എന്നും അഷ്‌റഫ് കുറിച്ചു.

ആര്‍ക്കുവേണ്ടിയാണോ ഇത്രയും കാലം താങ്കള്‍ പേനയെടുത്തതും നാവ് ചലിപ്പിച്ചതും, അവരൊന്നും പ്രതിസന്ധിയില്‍ താങ്കളുടെ കൈപിടിക്കാന്‍ ഉണ്ടായിക്കൊള്ളണമെന്നില്ലെന്നും അഷ്‌റഫ് കെ.ഇ.എന്നിനോടുള്ള അഭ്യര്‍ത്ഥനയില്‍ പറയുന്നു. ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത ഉത്തരം മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവിന്റെ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിലുണ്ടെന്നും അദ്ദേഹം കുറിച്ചു.

‘ജീവിതത്തിന്റെ ഈ സായംസന്ധ്യയില്‍ ഒരു പുനരാലോചന നടത്തുന്നത് ഏറെ നന്നായിരിക്കും. ആര്‍ക്കുവേണ്ടിയാണോ ഇത്രയും കാലം താങ്കള്‍ പേനയെടുത്തതും നാവ് ചലിപ്പിച്ചതും, അവരൊന്നും പ്രതിസന്ധിയില്‍ താങ്കളുടെ കൈപിടിക്കാന്‍ ഉണ്ടായിക്കൊള്ളണമെന്നില്ല.!’

‘മനുഷ്യന്റെ ആമാശയം നിറഞ്ഞാല്‍ മാത്രം അവന്റെ ആവശ്യങ്ങള്‍ അവസാനിക്കുന്നില്ല; അവന്റെ ആത്മാവിന്റെ പ്രശ്നങ്ങള്‍ക്ക് കൂടി പരിഹാരം വേണമെന്ന കാഴ്ചപ്പാടിനെ നാം പിന്തുണക്കണമെന്ന് ഒരഭിമുഖത്തില്‍ അനുഭവസാക്ഷ്യത്തിലൂടെ താങ്കള്‍ വിശദീകരിച്ച് കണ്ടു…’

‘ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത ആ ഉത്തരം മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവിന്റെ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിലുണ്ട്. താങ്കള്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന പുതിയ ബോധ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് ഖുര്‍ആന്‍ ഒന്നുകൂടി വായിച്ചാല്‍ വലിയ തിരിച്ചറിവുകള്‍ തീര്‍ച്ചയായും താങ്കളെ തേടിയെത്തുമെന്ന് എന്റെ മനസ്സ് പറയുന്നു,’ ടി.കെ അഷ്റഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഏറ്റവും ഒടുവിലെ അഭിമുഖത്തില്‍ കെ.ഇ.എന്‍ തന്നെ വ്യക്തമാക്കുന്നത് പോലെ, മുസ് ലിംങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ മര്‍ദ്ദിത വിഭാഗമാണെന്ന് തുറന്നുപറയേണ്ടത് ഇന്നൊരു അനിവാര്യതയായി മാറിയിരിക്കുകയാണെന്നും ടി.കെ അഷ്‌റഫ് അഭിപ്രായപ്പെട്ടു.

Content highlight: TK Ashraf Facebook Post About KEN Kunjahammad

   
റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more