തമിഴ് സിനിമയിലെ ഏറ്റവും മൂല്യമുള്ള താരങ്ങളാണ് രജിനികാന്തും വിജയ്‌യും. തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിലൂടെ ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച സൂപ്പര്‍ താരങ്ങളാണ് ഇരുവരും. സിനിമാജീവിതം അമ്പതാണ്ട് പിന്നിടുമ്പോഴും ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്ക്കുകയാണ് രജിനികാന്ത്. എന്നാല്‍ വിജയ് ചുരുങ്ങിയ കാലം കൊണ്ട് തമിഴിലെ ഏറ്റവും വലിയ താരമായി മാറുകയും കരിയറിന്റെ ഉന്നതിയില്‍ നില്ക്കവെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.
വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ജന നായകനിലെ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ദളപതി കച്ചേരി എന്ന് പേരിട്ടിരിക്കുന്ന ഗാനം മിനിറ്റുകള്‍ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കി. എന്നാല്‍ പാട്ട് ഹിറ്റായതിന് പിന്നാലെ അതിനെതിര വിമര്‍ശനവുമുയര്‍ന്നു. നാല് മിനിറ്റ് മാത്രമുള്ള ഗാനത്തില്‍ നാല്പതിലധികം തവണ ‘ദളപതി’ എന്ന വാക്ക് ഉപയോഗിച്ചതാണ് വിമര്‍ശനത്തിന് കാരണമായത്.
2017 വരെ ഇളയ ദളപതി എന്ന് ആരാധകര്‍ വിളിച്ചിരുന്ന വിജയ് മെര്‍സലിന് ശേഷമാണ് ദളപതി വിജയ്‌യായി മാറിയത്. പിന്നീട് എല്ലാ സിനിമകളിലും ഈ വിളിപ്പേര് ഒരു പാട്ടിലെങ്കിലും ഉണ്ടാകാറുണ്ട്. ജന നായകനിലെ ‘ദളപതി കച്ചേരി’ അതിന്റെ ഏറ്റവും എക്‌സ്ട്രീം വേര്‍ഷനാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. താന്‍ ദളപതിയാണെന്ന് അടിക്കടി ഓര്‍മപ്പെടുത്തണ്ട എന്നാണ് ചില കമന്റുകള്‍.
വിജയ് മാത്രമല്ല, രജിനിയും ഇതേ രീതിയാണ് പിന്തുടരുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എല്ലാ സിനിമയിലും സൂപ്പര്‍സ്റ്റാര്‍ എന്ന വാക്ക് ഒരു പാട്ടിലെങ്കിലും ഉള്‍പ്പെടുത്തുന്നതും വിമര്‍ശിക്കപ്പെടുന്നുണ്ട്. ആരാധന അമിതമായതുകൊണ്ടാണോ വരികള്‍ക്ക് ക്ഷാമമുള്ളതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതെന്നാണ് ട്രോളുകള്‍.
ഇത്തരം വിളിപ്പേരുകളോട് താത്പര്യമില്ലാതെ, അതൊന്നും ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട അജിത് കുമാറിനെ ഈ രണ്ട് താരങ്ങളും മാതൃകയാക്കണമെന്നാണ് ചില പോസ്റ്റുകള്‍. തല, കടവുള്‍, അള്‍ട്ടിമേറ്റ് സ്റ്റാര്‍ എന്നീ വിളിപ്പേരുകള്‍ തന്റെ പേരിനൊപ്പം ഉപയോഗിക്കരുതെന്ന് അടുത്തിടെ അജിത് പ്രസ്തവന നല്കിയിരുന്നു.
തമിഴില്‍ മാത്രമല്ല, തെലുങ്കിലും ഈ ട്രെന്‍ഡിന്റെ എക്‌സ്ട്രീം വേര്‍ഷന്‍ കാണാനാകും. ബാലകൃഷ്ണ ബാലയ്യ എന്ന വിളിപ്പേര് എല്ലാ പാട്ടുകളിലും ഉപയോഗിക്കുന്നതും പവന്‍ കല്യാണിന്റെ പവര്‍ സ്റ്റാര്‍ ടൈറ്റിലുമെല്ലാം വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. ആരാധകര്‍ക്ക് വേണ്ടി അണിയറപ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം നീക്കം വരും കാലങ്ങളില്‍ ഇല്ലാതാകുമെന്നാണ് വിലയിരുത്തല്‍.
Content Highlight: Titles of Rajni and Vijay using in songs getting criticized