| Saturday, 2nd May 2026, 12:41 pm

രണ്ടായിരം കുലുവ; തമിഴില്‍ വീണ്ടും തിളങ്ങാന്‍ ജയറാം-ഉര്‍വശി ഹിറ്റ് ജോഡി

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത വിധം പ്രേക്ഷകരെ സ്വാധീനിച്ച രണ്ട് അഭിനേതാക്കളാണ് ജയറാമും ഉര്‍വശിയും. വിരലിലെണ്ണാവുന്നതാണെങ്കിലും ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. മഴവില്‍ക്കാവടി, തലയണമന്ത്രം, കടിഞ്ഞൂല്‍ കല്ല്യാണം, മുഖചിത്രം, പഞ്ചതന്ത്രം, മധുചന്ദ്രലേഖ തുടങ്ങി ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം പലരുടെയും ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടിയവയാണ്. ഈ ലിസ്റ്റിലേക്കുള്ള പുതിയ എന്‍ട്രിയായാണ് പരിമള ആന്റ് കോ എത്തിച്ചേരുന്നത്. എന്നാല്‍ മലയാളത്തിലല്ല തമിഴിലാണ് ഈ ജോഡി വീണ്ടും ഒന്നിക്കുന്നത് എന്നതാണ് പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നത്.

പരിമള ആന്റ് കോ. Photo: Screen Grab/Think Music India/ Youtube.com

പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന പരിമള ആന്റ് കോയുടെ ടൈറ്റില്‍ ടീസറാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ജയറാമിന്റെയും ഉര്‍വശിയുടെയും പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള ഡയലോഗുകളും ഇരുവരുടെയും പ്രകടനവും വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഒരു കുടുംബത്തിനുള്ളില്‍ നടക്കുന്ന സംഭവങ്ങളെ രസകരമായി അവതരിപ്പിച്ച ടീസറിലെ ജയറാമിന്റെ ഡയലോഗ് ഡെലിവെറിയും കൈയടി നേടുന്നുണ്ട്.

ടീസറിന് പിന്നാലെ തമിഴ് സിനിമകളില്‍ പ്രധാനവേഷങ്ങളിലെത്തുന്ന മലയാളി താരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന മറ്റൊരു വിഷയം. സുരാജ് വെഞ്ഞാറമൂട്, അനിഷ്മ അനില്‍ കുമാര്‍, മമിത ബൈജു തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ തമിഴില്‍ സജീവമായതിന് തൊട്ട് പിന്നാലെയാണ് മലയാളത്തിലെ ഹിറ്റ് ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കി തമിഴില്‍ സിനിമ ഒരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. പുറത്തുവന്ന ടീസറില്‍ ഉര്‍വശി പണം ആവശ്യപ്പെടുമ്പോള്‍ 2000 കുലുവ എന്ന് പറയുന്ന ജയറാമിന്റെ മാനറിസം തനി മലയാളിയുടെതാണെന്ന് പലരും കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്. തമിഴിലെങ്കിലും ഇരുവരും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത് കാണാന്‍ സാധിക്കുന്നതിന്റെ സന്തോഷം മലയാളികളിലും പ്രകടമാണ്.

യൂത്ത്. Photo: NewsBytes

വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കരയിലെ കാസ്റ്റിങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മമിത ബൈജു, ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജ രവി തുടങ്ങിയ മലയാളി താരങ്ങളായിരുന്നു. കെന്‍ കരുണാസ് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വലിയ വിജയം നേടിയ യൂത്തില്‍ നായകന്റെ അച്ഛനായെത്തിയത് സുരാജ് വെഞ്ഞാറമൂടും നായികയായെത്തിയത് അനിഷ്മ അനില്‍ കുമാറുമാണ്. ആദ്യ കാലങ്ങളില്‍ തമിഴില്‍ സഹനടനായോ നടിയായോ മാത്രം ഒതുങ്ങി നിന്നിരുന്ന മലയാളി താരങ്ങള്‍ പ്രധാനവേഷങ്ങളിലേക്കെത്തുന്നത് ഇവര്‍ക്ക് കിട്ടുന്ന പ്രേക്ഷക സ്വീകാര്യതയുടെ തെളിവാണ്.

Content Highlight: Title teaser of New Tamil Movie parimal and co starring Jayaram and Urvashi goes viral on social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more