| Friday, 24th October 2025, 7:26 am

ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍? സ്പിരിറ്റ് സൗണ്ട് ടീസറിനെതിരെ വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്പിരിറ്റ്. അനിമലിന്റെ ഗംഭീര വിജയത്തിന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തു. തെലുങ്ക് സൂപ്പര്‍താരം പ്രഭാസാണ് ചിത്രത്തിലെ നായകന്‍. ഇതുവരെ ഷൂട്ടിങ് ആരംഭിക്കാത്ത ചിത്രത്തിന്റെ ആദ്യ അപ്‌ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

ഒരു സീന്‍ പോലും കാണിക്കാതെ വെറും ഡയലോഗുകളിലൂടെ ചിത്രത്തിന്റെ കഥയെക്കുറിച്ച് സൂചന നല്‍കുന്ന സൗണ്ട് സ്‌റ്റോറിയാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രകാശ് രാജും പ്രഭാസും തമ്മിലുള്ള സംഭാഷണമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയത്. പൊലീസ് ജോലിയില്‍ നിന്ന് ടെര്‍മിനേറ്റ് ചെയ്യപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജയിലില്‍ റിമാന്‍ഡിലാകുന്ന കഥയാണ് ചിത്രത്തിന്റേതെന്ന് ടീസര്‍ സൂചന നല്കുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് പ്രഭാസിനെ വിശേഷിപ്പിച്ച ടൈറ്റിലാണ്. ‘ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍’ എന്നാണ് പ്രഭാസിന് നല്കിയിരിക്കുന്ന ടൈറ്റില്‍. ഇതാണ് ചില സിനിമാപേജുകള്‍ ചര്‍ച്ചയാക്കിയത്. ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, രജിനികാന്ത് എന്നിവരുള്ളപ്പോള്‍ പ്രഭാസ് എങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറാകും എന്നാണ് പലരും ചോദിക്കുന്നത്.

ബാഹുബലിക്ക് ശേഷം സിനിമ കണ്ട് തുടങ്ങിയവര്‍ക്ക് പ്രഭാസിനെ സൂപ്പര്‍സ്റ്റാറായി തോന്നും’ ഷാരൂഖിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരാള്‍ പോസ്റ്റ് പങ്കുവെച്ചു. ‘സ്വന്തം പടത്തില്‍ പറയുന്നതുപോലെയല്ല, മറ്റുള്ളവര്‍ അത് വിളിക്കുന്നതാണ് മാസ്’, അമിതാഭ് ബച്ചന്‍ അദ്ദേഹത്തിന്റെ ആയകാലത്ത് ഉണ്ടാക്കിയ ഇംപാക്ട് പ്രഭാസിന് നേടാന്‍ സാധിച്ചിട്ടില്ല’ എന്നൊക്കെയാണ് മറ്റ് കമന്റുകള്‍.

‘ഈ ടൈറ്റില്‍ കാണുമ്പോള്‍ മുംബൈയിലെ ചിലരുടെ ഉറക്കം പോകാന്‍ സാധ്യതയുണ്ട്’ എന്നാണ് പ്രഭാസ് ആരാധകര്‍ അവകാശപ്പെടുന്നത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രൗഡ്പുള്ളര്‍ പ്രഭാസാണെന്നും അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം ആര്‍ക്കും തൊടാനാകില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ സിനിമയിലെ സകല കളക്ഷന്‍ റെക്കോഡും സ്പിരിറ്റ് തകര്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍.

അനിമലിന്റെ നിര്‍മാതാക്കളായ ടി സീരീസും സന്ദീപ് റെഡ്ഡി വാങ്കയുടെ ഉടമസ്ഥതയിലുള്ള ഭദ്രകാളി പിക്‌ചേഴ്‌സ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സ്പിരിറ്റ് നിര്‍മിക്കുന്നത്. തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, വിവേക് ഒബ്‌റോയ്, കാഞ്ചന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2026ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Title of Prabhas in Spirit Sound Story got criticism

We use cookies to give you the best possible experience. Learn more