| Thursday, 17th July 2025, 3:07 pm

'പണി 2' പേര് പ്രഖ്യാപിച്ച് ജോജു ജോര്‍ജ്; ഷൂട്ട് ഡിസംബറില്‍ തുടങ്ങും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനായി തിളങ്ങിയ ജോജു ജോര്‍ജ് ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമാണ് പണി. ചിത്രത്തിന്റെ തിരക്കഥയെഴുതിയതും നായകനായതും ജോജു തന്നെയാണ്. അഭിനയ, സാഗര്‍ സൂര്യ, ജുനൈസ് വി.പി, സീമ, സുജിത്ത് ശങ്കര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രഞ്ജിത്ത് വേലായുധന്‍, അഭയ ഹിരണ്‍മയി തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 15 മുതല്‍ 25 കോടി രൂപ വരെ ബജറ്റില്‍ നിര്‍മിച്ച സിനിമ 36 കോടി രൂപ വരുമാനം നേടിയെന്നാണ് കണക്കുകള്‍. സമ്മിശ്രഭിപ്രായം നേടിയ പണിക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ജോജു നേരത്തെ പറഞ്ഞിരുന്നു.

പണി 2 എന്നായിരുന്നു രണ്ടാം ഭാഗത്തിന് താത്കാലികമായി പേരിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് ജോജു ജോര്‍ജ്. ഡീലക്സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആദ്യ ഭാഗത്തിലെ കഥയായോ കഥാപാത്രങ്ങളായോ ഡീലക്സിന് സാമ്യമുണ്ടാകില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഡിസംബര്‍ ആദ്യത്തോട് ചിത്രീകരണം തുടങ്ങുമെന്നും ജോജു ജോര്‍ജ് അറിയിച്ചു. ജോജു ജോര്‍ജും ഉര്‍വശിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആശ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിനിടെയാണ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്.

ഗിരി ആയാണ് ജോജു പണിയില്‍ എത്തിയത്. ‘ഡീലക്സ് ബെന്നി’ എന്നായിരിക്കും രണ്ടാം ഭാഗത്തില്‍ ജോജുവിന്റെ പേര്. ഈ വര്‍ഷം ഏപ്രിലില്‍ പണിയുടെ രണ്ടാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പണിക്ക് മൂന്ന് ഭാഗങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പണി ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായാണ് ഡീലക്സ് ഒരുങ്ങുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Title Of Pani 2 Movie Announced

We use cookies to give you the best possible experience. Learn more