| Friday, 3rd July 2026, 6:49 pm

ലാലേട്ടനെ അണിയിച്ചൊരുക്കാന്‍ സുഷിന്‍ ശ്യാമും ഷൈജു ഖാലിദും ദിലീഷ് പോത്തനും; നെടുങ്കണ്ടം മിറാക്കിള്‍ ഒരുങ്ങുന്നു

അശ്വിന്‍ രാജേന്ദ്രന്‍

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി തുടങ്ങിയ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്ത സംവിധായകനാണ് ദിലീഷ് പോത്തന്‍. താരങ്ങളെക്കാള്‍ കഥയ്ക്കും കഥ പറച്ചിലിനും പ്രധാന്യം നല്‍കുന്ന സംവിധായകന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ വലിയ എക്‌സൈറ്റ്‌മെന്റിലായിരുന്നു മോളിവുഡ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തുകൊണ്ടുള്ള മോഷന്‍ പോസ്റ്ററാണ് സിനിമാ പ്രേമികളെ സന്തോഷത്തിലാഴ്ത്തിയിരിക്കുന്നത്. നെടുങ്കണ്ടം മിറാക്കിള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും വലിയ പ്രതീക്ഷയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് നല്‍കുന്നത്.

നെടുങ്കണ്ടം മിറാക്കിള്‍ . Photo: Mohanlal/ Facebook.com

മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ്, ജോജി, മായാനദി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരനും കാതല്‍ ദി കോര്‍, നെയ്മര്‍, അതിരടി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് നെടുങ്കണ്ടം മിറാക്കിളിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മഞ്ഞുമ്മല്‍ ബോയ്‌സ്, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഷൈജു ഖാലിദാണ്.

ഇതിനെല്ലാം പുറമെ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന മറ്റൊരു ഒത്തുച്ചേരലും ചിത്രത്തിലൂടെ സാധ്യമാകും. മലയാള സിനിമയിലെ സെന്‍സേഷനും യുവസംഗീതജ്ഞനുമായ സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുഷിന്റെ ബി.ജി.എമ്മിന്റെ പശ്ചാത്തലത്തില്‍ ലാലേട്ടനെ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ഭൂരിഭാഗം പ്രേക്ഷകരും. സൈജു ശ്രീധരനാണ് ചിത്രത്തിന്റെ എഡിറ്റിങ്.

Photo: Mohanlal/ Facebook.com

ചിത്രത്തിന്റെ ഴോണറിനെ കുറിച്ചും കൂടുതല്‍ അപ്‌ഡേഷനുകളെ കുറിച്ചും അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നെടുങ്കണ്ടം മിറാക്കിള്‍ എന്ന പേരും ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത രീതിയും വലിയ ചര്‍ച്ചകള്‍ക്കാണ് സിനിമാ പേജുകളില്‍ തുടക്കമിട്ടിരിക്കുന്നത്.

Content Highlight: Title announcement of Dileesh Pothan Mohanlal movie Nedumkandam Miracle

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more