സത്യൻ അന്തിക്കാടിന്റെയും മോഹൻലാലിന്റെയും സിനിമകൾ കണ്ടുവളർന്ന ഒരു പയ്യനാണ് ടിസ് തോമസ്. പിന്നീട് ഭാഗ്യം പോലെ അവരുടെ സിനിമയിൽ തന്നെ ആ നടൻ എത്തിപ്പെട്ടു. പിന്നീട് ഷോർട്ട് ഫിലിംസിലൂടെയും വെബ് സീരീസിലൂടെയും പരസ്യത്തിലൂടെയും മുഖം കാണിച്ച് തുടങ്ങി.
അതിൽ ശ്രദ്ധിക്കപ്പെട്ട് ഷോർട്ട് ഫിലിമായിരുന്നു മുടി. ആ ഷോർട്ട് ഫിലിമിലെ പയ്യന്റെ സംസാര ശൈലിയും അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ കണ്ടന്റുകൾ കൂടുതലായി ചെയ്തു തുടങ്ങി. നിരവധി ഓഡിഷനുകളിൽ പങ്കെടുത്തു. സമയം നീണ്ടുപോകുമ്പോഴും നിരാശയുണ്ടായിരുന്നില്ല. എപ്പോഴെങ്കിലും അവസരം കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
ഈ വർഷം ജനുവരിയിലാണ് എറണാകുളത്തെ ഹോട്ടലിൽ വെച്ച് അനൂപ് സത്യനെ കണ്ടുമുട്ടുന്നത്. അവിടെ വെച്ച് താൻ അഭിനയിച്ച മുടി ഷോർട്ട് ഫിലിം കണ്ടിട്ടുണ്ടെന്ന് അറിഞ്ഞ ടിസ് ശരിക്കും ഞെട്ടിപ്പോയിരുന്നു. പിരിയുമ്പോൾ എല്ലാവരോടും പറയുന്ന റോൾ വല്ലതും ഉണ്ടെങ്കിൽ പറയണേ എന്ന സ്ഥിരം ഡയലോഗ് പറഞ്ഞപ്പോൾ കിട്ടിയതാണ് ഹൃദയപൂർവ്വത്തിലെ ബിബിൻ ബാബു എന്ന കഥാപാത്രം.
ബിബിൻ ബാബു എന്ന കഥാപാത്രം ഇത്രത്തോളം ശ്രദ്ധിക്കപ്പെടുമെന്ന് അന്ന് കരുതിയിരുന്നില്ല. മോഹൻലാലിന്റെ ക്ലൗഡ് കിച്ചണിലെ ജോലിക്കാരൻ ആയിട്ടാണ് ടിസ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഹൃദയപൂർവ്വത്തിൽ ഏവരെയും ചിരിപ്പിക്കുന്ന കഥാപാത്രം ഒട്ടും നിരാശപ്പെടുത്തിയില്ല. ജോലിക്കിടയിൽ ചിത്രത്തിലെ കഥാപാത്രം പറയുന്ന ഒരു പാട്ട് സത്യൻ അന്തിക്കാടിന്റെ സൗഹൃദ സദസിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. അതിനെക്കുറിച്ച് ടിസിന് പറയാനുള്ളത്,
ഈ സിനിമയിലെ ഒരു സീനിൽ തറ തുടയ്ക്കുമ്പോൾ ഞാൻ പാടുന്ന ‘ആലപ്പുഴ അരൂർ റോട്ടിൽ പുന്നകൾ പൂത്തു…’ എന്ന പാട്ടില്ലേ, അത് പണ്ട് സത്യൻ സാറിന്റെ സൗഹൃദ സദസിൽ പിറന്നതാണ്.
‘ആ വരികൾ അന്ന് പാടിയത് ആരെന്നോ… തിലകൻ സാർ. സത്യൻ സാർ പറഞ്ഞും പാടിയും തന്നു ഈ പാട്ട്. തിലകൻ സാറിനെ കൊണ്ടുതന്നെ ഈ പാട്ട് സിനിമയിൽ പാടിക്കണമെന്നായിരുന്നു സത്യൻ സാറിന് ആഗ്രഹം എന്നുകൂടി കേട്ടപ്പോൾ എന്റെ ഭാഗ്യത്തിന് കിട്ടിയ ബോണസ് ആയത്’ എന്നാണ്.
ഇപ്പോൾ ഹൃദയപൂർവ്വം കഴിഞ്ഞതിന്റെ സന്തോഷത്തിൽ നിൽക്കുന്ന ടിസിന്റെ പുതിയ സിനിമകൾ വരാനുണ്ട്. ചർച്ചകൾ നടക്കുന്നുണ്ട്. മോഹിച്ചതിന് അപ്പുറമാണ് സിനിമ ടിസിന് കൊടുത്തത്. അതുകൊണ്ട് പ്രതീക്ഷയോടെ മുന്നോട്ട് പോകുകയാണെന്നാണ് ടിസ് പറയുന്നത്.
Content Highlight: Mudi to Hridayapoorvam; Tiss got a great role in a question that is always asked