| Wednesday, 9th July 2025, 10:06 am

പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചതിന്‌ തിരുപ്പതി ക്ഷേത്രം ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പള്ളിയില്‍ പോയി പ്രാര്‍ത്ഥന നടത്തിയതിന് തിരുപ്പതി ജില്ലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ഭരണസമിതി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ. രാജശേഖര്‍ ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. ക്ഷേത്രത്തിന്റെ ഭരണസമിതിയായ
തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റേതാണ് (ടി.ടി.ഡി) നടപടി.

രാജശേഖര്‍ ബാബു സ്വന്തം നാട്ടിലെ പള്ളിയില്‍ എല്ലാ ഞായറാഴ്ച്ച പ്രാര്‍ത്ഥനകളിലും പങ്കെടുക്കാറുണ്ടെന്നും, ക്രിസ്തുമതം പ്രചരിപ്പിക്കുന്നതില്‍ പങ്കാളിയായി എന്നുമാരോപിച്ചാണ് സസ്പെന്‍ഷന്‍. ഇത് ഹിന്ദു ട്രസ്റ്റിനെ പ്രതിനിധീകരിക്കുന്ന ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് ഭരണസമിതിയുടെ ആരോപണം.

ഹിന്ദു മത ഇതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ടി.ടി.ഡിയുടെ തീരുമാനം. നേരത്തെ, സമാനമായ കാരണങ്ങളാല്‍ അധ്യാപകര്‍, സാങ്കേതിക ഉദ്യോഗസ്ഥര്‍, നഴ്സുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 18 ജീവനക്കാരെ ടി.ടി.ഡി സ്ഥലം മാറ്റിയിരുന്നു.

‘ശ്രീ രാജശേഖര്‍ ബാബു തന്റെ ജന്മനാടായ തിരുപ്പതി ജില്ലയിലെ പുത്തൂരില്‍ എല്ലാ ഞായറാഴ്ചയും പ്രാദേശിക പള്ളിയിലെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് ടി.ടി.ഡിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്,’ ക്ഷേത്ര സമിതിയുടെ പ്രസ്താവനയില്‍ പറയുന്നു.

ആരോപണങ്ങളെ പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടും മറ്റ് തെളിവുകളും ടി.ടി.ഡി വിജിലന്‍സ് വകുപ്പ് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് രാജശേഖര്‍ ബാബുവിനെതിരെ വകുപ്പുതല നടപടി ആരംഭിച്ചത്. അദ്ദേഹം പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്.

ഒരു ഹിന്ദു മത സംഘടനയെ പ്രതിനിധീകരിക്കുന്ന ഒരു ജീവനക്കാരനില്‍ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും ടി.ടി.ഡി ആരോപിച്ചു. ഈ പെരുമാറ്റം ടി.ടി.ഡി മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്.

Content Highlight: Tirupati temple official suspended for going to church and offering prayers

We use cookies to give you the best possible experience. Learn more