| Sunday, 24th May 2026, 8:15 am

ടിനി ടോം പരസ്യമായി അപമാനിക്കുകയും അശ്ലീലം പറയുകയും ചെയ്തു; അന്‍സിബയ്ക്ക് പിന്നാലെ പരാതിയുമായി നീനാ കുറുപ്പ്

നിഷാന. വി.വി

തിരുവനന്തപുരം: നടന്‍ ടിനി ടോമിനെതിരെ പരാതി നല്‍കി നടി നീനാ കുറുപ്പ്. താരസംഘടനയായ അമ്മയിലാണ് (എ.എം.എം.എ ) പരാതി നല്‍കിയിരിക്കുന്നത്. ടിനി ടോം തന്നെ പരസ്യമായി അപമനിച്ചുവെന്നും അശ്ലീലവും അസഭ്യവും പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.

ഫെബ്രുവരിയില്‍ അമ്മയുടെ കുടുംബ സംഗമം നടക്കുന്ന സമയത്താണ് നിരവധിയാളുകളുടെ മുന്നില്‍ വെച്ച് തന്നെ അപമാനിച്ചതെന്നും നീനകുറിപ്പ് പറയുന്നു. അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍, ജനറല്‍ സെക്രട്ടറി കുക്കുപരമേശ്വരന്‍ എന്നിവര്‍ക്കാണ് നീന കുറുപ്പ് പരാതി നല്‍കിയത്.

ടിനി ടോമിന്റെ വാക്കുകള്‍ തന്നെ ആഴത്തില്‍ ബാധിച്ചുവെന്നും തന്റെ ആത്മാഭിമാനത്തിനും വ്യക്തിത്വത്തിനും മുറിവേറ്റുവെന്നും അവര്‍ പരാതിയില്‍ പറയുന്നു. മെയ് 12 നാണ് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയത്. ഇതിനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും നീന ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടി അന്‍സിബ ഹസനും ടിമി ടോമിനെതിരെ രംഗത്തെത്തിയിരുന്നു. താരസംഘടനയില്‍ നിന്ന് താന്‍ രാജിവെക്കാന്‍ കാരണവും ടിനി ടോമാണെന്നും അന്‍സിബ പറഞ്ഞിരുന്നു.

താന്‍ അമ്മയുടെ ജോയിന്‍ സെക്രട്ടറിയായതുമുതല്‍ തന്നെ ടിനി ടോം ആരോപണങ്ങളും അപവാദങ്ങളും ഉന്നയിച്ചിരുന്നുവെന്നും അന്‍സിബ പറഞ്ഞു. താന്‍ എല്ലാ വിവരങ്ങളും നീനാ കുറിപ്പിനോട് പറഞ്ഞിരുന്നുവെന്നും അന്‍സിബ പറഞ്ഞിരുന്നു.

തന്നെ ജിഹാദിയെന്ന് വിളിച്ചു. മതം മാറ്റാന്‍ ശ്രമംനടത്തിയെന്ന് ആരോപിച്ചു. തനിക്ക് പലരുമായും അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചു. ഒരു വനിതാ എക്‌സിക്യൂട്ടീവംഗത്തിനുമെതിരെ പരാതി പറഞ്ഞെന്നും അന്‍സിബ പറഞ്ഞു. എന്നാല്‍ ടിനിടോമിനെതിരായ പരാതി ആസൂത്രിതമായ ഗൂഢാലോചനയാണെന്നായിരുന്നു താരസംഘടനയുടെ പ്രസിഡന്റായ ശ്വേത മേനോന്റെ പ്രതികരണം.

Content Highlight: Tiny Tom publicly insulted and used obscene language; Nina Kurup files complaint after Ansiba

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more