| Saturday, 23rd May 2026, 3:23 pm

അമ്മയില്‍ നിന്ന് രാജിവയ്ക്കാന്‍ കാരണം ടിനി ടോം, അവിഹിതക്കഥകള്‍ പ്രചരിപ്പിച്ചു, മത തീവ്രവാദിയാക്കാന്‍ ശ്രമം നടത്തി: അന്‍സിബ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നും താന്‍ രാജിവയ്ക്കാനുണ്ടായ കാരണം നടന്‍ ടിനി ടോം ആണെന്ന വെളിപ്പെടുത്തലുമായി നടി അന്‍സിബ ഹസന്‍. തനിക്കെതിരെ നടന്‍ നിരന്തരം അപവാദപ്രചാരണങ്ങള്‍ നടത്തി മാനസികമായി തകര്‍ത്തുവെന്നാണ് അന്‍സിബയുടെ ആരോപണം.

ന്യൂസ് മലയാളം ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അന്‍സിബ സംഘടനയ്ക്കുള്ളിലെ സംഭവങ്ങള്‍ തുറന്നുപറഞ്ഞത്.

താന്‍ ആരോട് സംസാരിച്ചാലും അവരെ ചേര്‍ത്ത് ടിനി ടോം അവിഹിതക്കഥകള്‍ കെട്ടിച്ചമച്ചുണ്ടാക്കുമായിരുന്നെന്നും താന്‍ ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് പരത്തിക്കൊണ്ട് തന്നെ ഒരു മതതീവ്രവാദിയായി ചിത്രീകരിക്കാന്‍ ടിനി ടോം നിരന്തര ശ്രമം നടത്തിയെന്നും അന്‍സിബ പറഞ്ഞു.

ഈ അപവാദപ്രചാരണങ്ങള്‍ കാരണം താന്‍ മാനസികമായി ആകെ തകര്‍ന്നുപോയിരുന്നെന്നും സിനിമയില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന ഭയം മൂലമാണ് ഇത്രയും കാലം പ്രതികരിക്കാതിരുന്നതെന്നും താരം പറഞ്ഞു.

നീന കുറുപ്പ് ഉള്‍പ്പെടെയുള്ള മറ്റ് നടിമാര്‍ക്കും ടിനി ടോമിന്റെ ഇത്തരം അപവാദപ്രചാരണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അന്‍സിബ വെളിപ്പെടുത്തി.

ടിനിക്കെതിരെ നിലവില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും, എന്നാല്‍ തന്റെ രാജിയുടെ യഥാര്‍ത്ഥ കാരണം പൊതുജനങ്ങള്‍ അറിയണം എന്നതുകൊണ്ടാണ് ഇപ്പോള്‍ ഇത് തുറന്നുപറയുന്നതെന്നും അന്‍സിബ വ്യക്തമാക്കി.

നേരത്തെ ‘അമ്മ’ സംഘടനയിലെ തൊഴില്‍ പീഡന പരാതികള്‍ പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ടിനി ടോം, അന്‍സിബയുടെ രാജി തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു.

സംഘടനയുടെ ട്രഷറര്‍ ഉണ്ണി ശിവപാല്‍ മോശമായി പെരുമാറിയെന്നും, ഇത് ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനോട് പരാതിപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്നും കാണിച്ച് ഓഫീസ് മാനേജരായിരുന്ന യുവതി ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ഈ വിവാദങ്ങള്‍ പുകയുന്നതിനിടയിലാണ് ജോയിന്റ് സെക്രട്ടറിയായിരുന്ന അന്‍സിബയുടെ രാജി.

എന്നാല്‍, അന്‍സിബയുടെ രാജി സ്വീകരിച്ചതായി അറിയിച്ചുകൊണ്ട് സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞത് വ്യക്തിപരവും തൊഴില്‍പരവുമായ തിരക്കുകള്‍ കാരണമാണ് അന്‍സിബ രാജിവയ്ക്കുന്നത് എന്നാണ്.

സംഘടനയുടെ മീറ്റിങ്ങുകളില്‍ കൃത്യമായി പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് അന്‍സിബ പറഞ്ഞതെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വെച്ച് അന്‍സിബയോട് സംസാരിച്ച ശേഷമാണ് രാജി അംഗീകരിച്ചതെന്നുമാണ് ശ്വേത പറഞ്ഞത്.

Content Highlight: Tini Tom was the reason for resigning from ‘AMMA’ says Ansiba

We use cookies to give you the best possible experience. Learn more