മരണപ്പെടുന്ന സിനിമാ അഭിനേതാക്കളുടെ വീട്ടില്‍ താര സംഘടനയായ അമ്മയുടെ ഭാഗമായി റീത്തുമായി പോകുമ്പോള്‍ ഉണ്ടാകുന്ന അനുഭവത്തെ കുറിച്ച് പറയുകയാണ് ടിനി ടോം. ഒരു കലാകാരന്‍ മരിച്ചാല്‍ അവരുടെ കുടുംബം എന്തായി പോകുന്നുവെന്ന് താന്‍ മനസിലാക്കുന്നത് സംഘടനയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതിന് ശേഷമാണെന്നാണ് നടന്‍ പറയുന്നത്.
ഒരാള്‍ മരിച്ചാല്‍ ഒന്നോ രണ്ടോ ആഴ്ച ചിലപ്പോള്‍ നമ്മള്‍ അവരെ പറ്റി അന്വേഷിക്കുമെന്നും പിന്നീട് ആ വീട്ടുകാര്‍ക്ക് സിനിമയുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്നും ടിനി പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു കലാകാരന്‍ മരിച്ചാല്‍ അവരുടെ കുടുംബം എന്തായി പോകുന്നുവെന്ന് ഞാന്‍ മനസിലാക്കുന്നത് അമ്മ എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതിന് ശേഷമാണ്. ശരിക്കും എനിക്ക് ചില കാര്യങ്ങള്‍ ട്രോമയായിരുന്നു.
എല്ലായിടത്തും ഞാന്‍ റീത്ത് വെയ്ക്കാന്‍ പോയിട്ടുണ്ട്. ഒരാള്‍ മരിച്ചാല്‍ ഒന്നോ രണ്ടോ ആഴ്ച ചിലപ്പോള്‍ നമ്മള്‍ അവരെ പറ്റി അന്വേഷിക്കും. പിന്നെ അവര്‍ക്ക് സിനിമയുമായി ഒരു ബന്ധവും ഉണ്ടാകില്ല. ആ കുടുംബത്തില്‍ നിന്ന് മാറ്റാരെങ്കിലും സിനിമയിലേക്ക് വന്നാല്‍ ബന്ധമുണ്ടാകും. ഇല്ലെങ്കില്‍ പിന്നെ ആ കുടുംബം അനാഥമായി തീരും.
പിന്നെ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. അവരൊക്കെ ശരിക്കും ഐസോലേറ്റാകുകയാണ്. ഒറ്റപ്പെട്ടു പോകുകയാണ്. നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. നമ്മള്‍ അടുത്ത കാര്യത്തിലേക്ക് കടക്കും.
ഒരു കലാകാരനെ നഷ്ടമാകുമ്പോള്‍ ആ കുടുംബം അനാഥമായി പോകുകയാണ്. മരണവീട്ടില്‍ ചെന്നാല്‍ ചുറ്റുപാടും കാര്യങ്ങളും എന്റെ ശരീരത്തിലേക്ക് കയറാന്‍ തുടങ്ങി. ഒരുപാട് മരണങ്ങള്‍ കണ്ടു. അതൊക്കെ എനിക്ക് ഫീല് ചെയ്യാന്‍ തുടങ്ങി.
എനിക്ക് ചുറ്റും ഉണ്ടായിരുന്ന ഒരുപാട് ആളുകളുണ്ട്. ലളിത ചേച്ചി, കല്‍പന ചേച്ചി, മണി ചേട്ടന്‍, മേഘനാഥന്‍. മേഘനാഥനൊക്കെ എന്നെ എപ്പോഴും വിളിക്കുമായിരുന്നു. ആ നമ്പറുകളൊക്കെ ഇപ്പോഴും ഫോണിലുണ്ട്. പക്ഷെ വിളിച്ചാല്‍ അപ്പുറത്ത് ആ ആളുണ്ടാകില്ല എന്നോര്‍ക്കുമ്പോള്‍ എനിക്ക് വിഷമമാകും.
അവസാനം ഇനി എന്നെ റീത്ത് വെക്കാന്‍ പോകുമ്പോള്‍ വിളിക്കരുതെന്ന് പറഞ്ഞു. കാരണം അത് നമ്മളെ വല്ലാതെ ബാധിക്കും. കഴിഞ്ഞ ജനറല്‍ ബോഡിക്ക് കണ്ട് കെട്ടിപിടിച്ച് പിരിഞ്ഞ ആളുകളാകും അവര്‍. സാധാരണ മനുഷ്യര്‍ തന്നെയാണ് നമ്മളൊക്കെ.
സിനിമാ താരങ്ങളെ സ്റ്റാറുകള്‍ എന്നു പറയുന്നെന്ന് കരുതി ആകാശത്തുള്ള ആളുകളല്ല. മണ്ണിന് മേലെ ജീവിക്കുന്ന ആളുകളാണ്. മാള അരവിന്ദന്‍ എന്ന നടന്റെ മകന്‍ വിളിക്കാറുണ്ടായിരുന്നു. അദ്ദേഹം പെട്രോള്‍ പമ്പ് നടത്തികൊണ്ടിരിക്കുകയാണ്.
Content Highlight: Tini Tom Talks About The Families Of Actors Who Died