| Wednesday, 25th November 2026, 8:23 pm

ബാറ്റര്‍ ക്രീസിലെത്തും മുമ്പേ വിക്കറ്റ് തെറിച്ചു: ടൈം ഔട്ടില്‍ പുറത്തായി ഡിയാന്‍ഡ്ര ഡോട്ടിന്‍

ദേവിക ജയചന്ദ്രന്‍

ഒരു ബാറ്റര്‍ക്ക് ഔട്ടാകാന്‍ പല മാര്‍ഗങ്ങളുണ്ട്. സാധാരണമായ ക്യാച്ച്, സ്റ്റംപിങ്, എല്‍.ബി.ഡബ്ല്യു തുടങ്ങിയ മാര്‍ഗങ്ങള്‍ കൂടാതെ അപൂര്‍വമായ ചില മാര്‍ഗങ്ങളിലൂടെയും ഒരു ബാറ്റര്‍ ഔട്ടാകാം.

ബാറ്ററുടെ ശരീരമോ ബാറ്റോ സ്റ്റംപില്‍ തട്ടി ബെയില്‍സ് വീണ് പുറത്താകുന്ന ഹിറ്റ് വിക്കറ്റ് ആണ് അസാധാരണ രീതിയിലെ പുറത്താവലുകളില്‍ ഏറ്റവും സാധാരണമായത്.

ഫീല്‍ഡിങ് ടീമിന്റെ പ്രവര്‍ത്തനം മനപൂര്‍വം തടസപ്പെടുത്തുകയോ ഫീല്‍ഡറെ തടയുകയോ ചെയ്യുന്ന ഒബ്‌സ്ട്രക്ടിങ് ദ ഫീല്‍ഡ്, റിട്ടയേര്‍ഡ് ഔട്ട, ബാറ്റര്‍ അനുമതിയില്ലാതെ കൈകൊണ്ട് പന്ത് തോടുന്ന ഹാന്‍ഡ്‌ലിങ് ദ ബോള്‍, മനപൂര്‍വം രണ്ടാമതും ബോള്‍ അടിക്കുന്ന ഡബിള്‍ ഹിറ്റ്, ബൗളര്‍ പന്തെറിയുന്നതിന് മുമ്പ് നോണ്‍-സ്‌ട്രൈക്കര്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങിയാലുള്ള മങ്കാദിങ് തുടങ്ങിയവ മറ്റ് അസാധാരണമായ പുറത്താവലുകളുകളാണ്.

ക്രിക്കറ്റിലെ ഏറ്റവും അപൂര്‍വമായ പുറത്താവലുകളിലൊന്ന് ടൈംഡ് ഔട്ട് ആണ്. മുന്‍ ബാറ്റര്‍ പുറത്തായതിന് ശേഷം നിശ്ചിത സമയത്തിനുള്ളില്‍ അടുത്ത ബാറ്റര്‍ കളിക്കാന്‍ തയ്യാറായി ക്രീസിലെത്തിയില്ലെങ്കില്‍ പുറത്താകുന്ന രീതിയാണ് ടൈംഡ് ഔട്ട്.

ഐ.സി.സി നിയമപ്രകാരം അന്താരാഷ്ട്ര മത്സരങ്ങളില്‍ രണ്ട് മിനിട്ടിനുള്ളില്‍ തിരികെ കയറണം. ബിഗ് ബാഷ് ലീഗ്, വിമന്‍സ് ബിഗ് ബാഷ് ലീഗ് തുടങ്ങിയ ലീഗുകൡ ഇത് 75 സെക്കന്‍ഡ് ആണ്.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ടൈംഡ് ഔട്ട് ആയ ഒരേ ഒരു ബാറ്റര്‍ 2023 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പുറത്തായ ആഞ്ചലോ മാത്യൂസ് ആണ്. ബാറ്റ് ചെയ്യാനിറങ്ങവെ ഹെല്‍മറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതിനാല്‍ തിരികെ നടന്ന മാത്യൂസിന് സമയം തീരുന്നതിന് മുമ്പ് തിരിച്ചെത്താനായില്ല.

ഇപ്പോഴിതാ വിമന്‍സ് ബിഗ് ബാഷ് ലീഗില്‍ ഒരു താരം ടൈംഡ് ഔട്ട് ആയിരിക്കുകയാണ്. മെല്‍ബണ്‍ റെനഗ്രേഡ്‌സിന്റെ ഓള്‍റൗണ്ടര്‍ ഡിയാന്‍ഡ്രെ ഡോടിനെ ആണ് ക്രീസിലെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് അമ്പയര്‍ ഔട്ട് വിളിച്ചത്.

ബ്രിസ്‌ബേന്‍ ഹീറ്റിനെതിരെ ജങ്ക്ഷന്‍ ഓവലില്‍ വെച്ച് ബുധനാഴ്ച നടന്ന മത്സരത്തിലാണ് സംഭവം. നാലാം വിക്കറ്റ് നഷ്ടമായതിനെത്തുടര്‍ന്ന് പതിനഞ്ചാം ഓവറിന്റെ ആദ്യ പന്തിലാണ് ഡോട്ടിന്‍ ബാറ്റ് ചെയ്യാനെത്തിയത്.

എന്നാല്‍ നിശ്ചിത 75 സെക്കന്‍ഡില്‍ ക്രീസിലെത്താനാവാതെ വന്നപ്പോള്‍ ലീഗ് നിയമപ്രകാരം ബ്രിസ്‌ബേന്‍ ഹീറ്റിന് ഒരു ‘ഫ്രീ ബോള്‍’ ലഭിച്ചു. ബാറ്ററെ സ്റ്റംപില്‍ നിന്നും അഞ്ചടി മാറ്റി നിര്‍ത്തി ബൗളര്‍ക്ക് സ്റ്റംപിനെറിയാനുള്ള അവസരമാണ് ഫ്രീ ബോള്‍.

ബോളെറിഞ്ഞ സാറാ ഗ്ലെന്നിന് പിഴച്ചില്ല. അതോടെ ക്രീസിലെത്തുന്നതിന് മുന്നേ പുറത്താവേണ്ട ഗതികേടിലായി വെസ്റ്റ് ഇന്‍ഡീസ് താരം ഡോട്ടിന്‍.

ഇത് സംഭവിച്ചെങ്കിലും മത്സരത്തില്‍ മെല്‍ബണ്‍ റെനെഗ്രേഡ്‌സ് മൂന്ന് വിക്കറ്റിന് ജയിച്ചു. ബ്രിസ്‌ബേന്‍ ഹീറ്റ് ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ മെല്‍ബണ്‍ മറികടന്നു.

Content Highlight: Timed out dismissal during WBBL clash between Brisbane Heat and Melbourne Renegades

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more