| Sunday, 11th October 2026, 10:22 pm

റഷ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ക്ക് നേരെയുള്ള ആക്രമണം; ഉക്രൈന്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ സമയമായെന്ന് ട്രംപ്

ദേവിക ജയചന്ദ്രന്‍

വാഷിങ്ടണ്‍: യു.എസ്-റഷ്യ കരാറിനെ വിമര്‍ശിച്ച ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയെ പുറത്താക്കാന്‍ സമയമായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ ഡീസല്‍ വില വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്നും അതിനുള്ള കരാറായെന്നും ട്രംപ് പ്രഖ്യാപിച്ചത്.

റഷ്യന്‍ എണ്ണ കയറ്റുമതിയ്ക്ക് മേലുള്ള ഉപരോധങ്ങള്‍ ഏപ്രില്‍ ഏഴ് വരെ താത്കാലികമായി നിര്‍ത്തിവെക്കാന്‍ റഷ്യയുമായി ധാരണയിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു.

ഇതിന് പിന്നാലെ ഉക്രൈന്‍ റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു. ആക്രമണം തുടരുന്നതിലൂടെ ഉക്രൈന്‍ ലോകത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ യുദ്ധം തുടരാന്‍ റഷ്യയ്ക്ക് സമ്മതം നല്‍കുന്നതാണ് കരാറെന്നും അത് പുതിനുള്ള സമ്മാനമാണെന്നും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു.

‘സെലന്‍സ്‌കി ആക്രമണം നിര്‍ത്തുകയാണ് നല്ലത്. അല്ലെങ്കില്‍ റഷ്യയുമായി കരാറിലെത്താന്‍ കഴിയുന്ന ഒരു പുതിയ നേതാവിനെ ഉക്രൈന്‍ കണ്ടെത്തണം’, ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എണ്ണ ഉത്പാദകരായ റഷ്യയും ഉക്രൈനും ഊര്‍ജനിലയങ്ങള്‍ക്കും ഗതാഗത സംവിധാനങ്ങള്‍ക്കും നേരെയുള്ള പരസ്പര ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇതും യു.എസ്- ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതും ആഗോള ഊര്‍ജ വിപണിയെ സാരമായി ബാധിച്ചിരുന്നു.

‘ഉക്രൈന് റഷ്യയെ എത്ര വേണമെങ്കിലും ആക്രമിക്കാം. പക്ഷേ, എണ്ണ ശുദ്ധീകരണ ശാലകളെ ആക്രമിച്ച് ലോകത്ത് ഒരു പ്രശ്‌നം സൃഷ്ടിക്കരുത്’, ട്രംപ് പറഞ്ഞു.

സെലന്‍സ്‌കിയ്ക്ക് എത്ര കരാറുകള്‍ വേണമെങ്കിലും ഉണ്ടാക്കാമായിരുന്നെന്നും എന്നാല്‍ എന്തോ കാരണങ്ങളാല്‍ അതൊരിക്കലും ചെയ്യാത്തതാണെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഇടപെടലിനെ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ പ്രതിനിധി കിറില്‍ ദിമിത്രിയേവ് ‘ചരിത്രപ്രധാനവും ഐതിഹാസികവുമായ’ നടപടിയെന്ന് വിശേഷിപ്പിച്ചു. യഥാര്‍ഥത്തില്‍ സമാധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നേതൃത്വമാണ് ഉക്രൈന് ആവശ്യമെന്നും ദിമിത്രിയേവ് പറഞ്ഞു.

എന്നാല്‍ സെലന്‍സ്‌കിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ട്രംപിന്റെ നിര്‍ദേശം ഉക്രൈന്‍ തള്ളിക്കളഞ്ഞു. ഉക്രൈന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ റഷ്യ അവസാനിപ്പിച്ചാല്‍ റഷ്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് സെലന്‍സ്‌കി ഞായറാഴ്ച പറഞ്ഞു.

‘സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ഏത് നടപടിയും പരസ്പരമായിരിക്കണം. അതിന് ഉറപ്പുകളും ഉണ്ടായിരിക്കണം’, സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു.

സെലന്‍സ്‌കിയ്ക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും തീരുമാനമെടുക്കാനുള്ള അവകാശം അവര്‍ക്കാണെന്നും ഉക്രൈന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ പ്രതികരിച്ചിരുന്നു. വിദേശത്ത് നിന്നും വരുന്ന ഇത്തരം പ്രസ്താവനകള്‍ അദ്ദേഹം തന്റെ ജോലി നന്നായി ചെയ്യുന്നുവെന്ന കാര്യം മാത്രമാണ് സ്ഥിരീകരിക്കുന്നതെന്നും സിബിഹ കൂട്ടിച്ചേര്‍ത്തു.

റഷ്യയും ഉക്രൈനും തമ്മില്‍ ഊര്‍ജമേഖലയിലെ വെടിനിര്‍ത്തലിന് ധാരണയായതായി ട്രംപ് ഞായറാഴ്ച ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു ധാരണയിലെത്തിയതായി റഷ്യയോ ഉക്രൈനോ സ്ഥിരീകരിച്ചിട്ടില്ല.

Content Highlight:  ‘Time for Ukraine to get new president,’ says Trump after Zelensky condemns diesel deal

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more