ടി-20 ലോകകപ്പില്‍ യു.എ.ഇയെ തകര്‍ത്ത് ന്യൂസിലാന്‍ഡ് രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ വിജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്.
യു.എ.ഇ ഉയര്‍ത്തിയ 174 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് 15.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഓപ്പണര്‍ ടിം സീഫെര്‍ട്ടിന്റെയും (42 പന്തില്‍ 89*) ഫിന്‍ അലന്റെയും (50 പന്തില്‍ 84*) കരുത്തിലാണ് ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയത്.
കൂറ്റന്‍ വിജയത്തിന് പിന്നാലെ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ന്യൂസിലാന്‍ഡ് ഓപ്പണര്‍മാര്‍ക്ക് സാധിച്ചിരിക്കുകയാണ്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് നേടുന്ന താരങ്ങളാകാനാണ് സീഫേര്‍ട്ടിനും അലനും സാധിച്ചത്.
ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ അലക്‌സ് ഹേല്‍സും ജോസ് ബട്‌ലറും അടിച്ചെടുത്ത 170* റണ്‍സിന്റെ കൂട്ടുകെട്ട് തകര്‍ത്താണ് കിവീസിന്റെ ഓപ്പണര്‍മാര്‍ ലോകകപ്പ് ചരിത്രം തിരുത്തിയത്. 2022ലെ ടി-20 ലോകകപ്പ് സെമി ഫൈനലിലായിരുന്നു ബട്‌ലറും അലക്‌സും ഇന്ത്യയ്‌ക്കെതിരെ തകര്‍ത്തടിച്ച് മത്സരത്തില്‍ വിജയം സ്വന്തമാക്കിയത്.
ടിം സീഫേര്‍ട്ട് & ഫിന്‍ അലന്‍ (ന്യൂസിലാന്‍ഡ്) – 175* – യു.എ.ഇ
അലക്‌സ് ഹേല്‍സ് & ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) – 170* – ഇന്ത്യ
റീലി റൂസോ & ക്വിന്റണ്‍ ഡികോക് (സൗത്ത് ആഫ്രിക്ക) – 168 – ബംഗ്ലാദേശ്
കുമാര്‍ സംഗക്കാര & മഹേല ജയവര്‍ധനെ (ശ്രീലങ്ക) – 166 – വെസ്റ്റ് ഇന്‍ഡീസ്
റഹ്‌മാനുള്ള ഗുര്‍ബാസ് & ഇബ്രാഹിം സദ്രാന്‍ (അഫ്‌നാനിസ്ഥാന്‍) – 154 – ഉഗാണ്ട
അതേസമയം യു.എ.ഇക്കെതിരായ വിജയത്തിന് പിന്നാലെ കളിച്ച രണ്ട് മത്സരവും ജയിച്ച് നാല് പോയിന്റോടെ ഗ്രൂപ്പ് ഡി സ്റ്റാന്‍ഡിങ്സില്‍ ഒന്നാമതാണ് ന്യൂസിലാന്‍ഡ്.
ഫെബ്രുവരി 14നാണ് ന്യൂസിലാന്‍ഡിന്റെ അടുത്ത മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.
Content Highlight: Tim Seifert and Finn Allen In Great Record Achievement In T20 World Cup History