| Saturday, 8th November 2025, 7:18 am

ഒന്നാമന്‍ അഭിഷേകല്ല, അതിനും മുകളില്‍ ഒരുത്തനുണ്ട്; ഇന്ത്യയെ ഭയപ്പെടുത്തുന്ന ഓസീസിന്റെ വെടിക്കെട്ട് വീരന്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അഞ്ചാമത്തെ ടി-20 മത്സരത്തിന് ഗാബ വേദിയാവുകയാണ്. പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. മാത്രമല്ല നിര്‍ണായക മത്സരത്തില്‍ വിജയം സ്വന്തമാക്കിയാല്‍ പരമ്പര നേടാനുള്ള അവസരം സൂര്യകുമാര്‍ യാദവിനും സംഘത്തിനുമുണ്ട്.

അഭിഷേക് ശര്‍മയുടെ കരുത്തില്‍ ഓസീസിനെതിരെ ഇന്ത്യ വലിയ സ്‌കോര്‍ നേടുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. എന്നാല്‍ വമ്പന്‍ പ്രകടനങ്ങള്‍ക്ക് പേരുകേട്ട അഭിഷേകിന് കരുത്തനായ മറ്റൊരു എതിരാളിയും ഉടലെടുത്തിട്ടുണ്ട്. ഓസീസിന്റെ ടിം ഡേവിഡിനെക്കുറിച്ചാണ് പറയുന്നത്. അതിന് ഒരു കാരണവുമുണ്ട്.

2025ലെ കണക്കുകള്‍ പരിശോധിച്ചാല്‍ അഭിഷേകിനേക്കാള്‍ മുന്നിലാണ് ഡേവിഡ്. റണ്‍സ് നേടുന്നവരുടെ പട്ടികയല്ല പറഞ്ഞുവരുന്നത്. 2025ല്‍ അന്താരാഷ്ട്ര ടി-20യിലെ ഫുള്‍മെമ്പര്‍ ടീമുകളില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള താരമാകാനാണ് ടിം ഡേവിഡിന് സാധിച്ചത്. പ്രഹരശേഷിയുടെ കാര്യത്തില്‍ അഭിഷേകിനെ രണ്ടാമതാക്കി ഒന്നാം സ്ഥാനം ഉറപ്പിച്ചാണ് ഡേവിഡിന്റെ തിളക്കം.

2025ല്‍ 10 ഇന്നിങ്‌സില്‍ നിന്ന് 395 റണ്‍സ് നേടിയ ഡേവിഡ് 197.5 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ഡേവിഡിന്റെ ബാറ്റിങ്. ലിസ്റ്റില്‍ രണ്ടാമനായ അഭിഷേക് 16 ഇന്നിങ്‌സില്‍ നിന്ന് 733 റണ്‍സ് നേടിയെങ്കിലും 197.1ാണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. കണക്കുകളില്‍ നേരിയ വ്യത്യാസമുണ്ടെങ്കിലും അഭിഷേകിനേക്കാള്‍ മുന്നില്‍ തന്നെയാണ് ഡേവിഡ്.

വെടിക്കെട്ടുകള്‍ക്കൊപ്പം മികച്ച സ്ഥിരതയുള്ള ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് കാഴ്ചവെക്കുന്നത്. താരം 27 ഇന്നിങ്സില്‍ നിന്നും ഇതുവരെ 989 റണ്‍സ് നേടിയത്. 36.62 എന്ന ശരാശരിയിലും 189.82 സ്ട്രൈക് റേറ്റിലുമാണ് താരം ബാറ്റ് വീശുന്നത്. രണ്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും അടിച്ചെടുത്ത താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 135 ആണ്.

അതേസമയം ഓസീസിന്റെ ടിം ഡേവിഡ് 58 ഇന്നിങ്‌സില്‍ നിന്ന് 1596 റണ്‍സാണ് താരം അടിച്ചിട്ടത്. 16839 എന്ന സ്‌ട്രൈക്ക്‌റേറ്റില്‍ലാണ് താരത്തിന്റെ ബാറ്റിങ്. ഒരു സെഞ്ച്വറിയും ഒമ്പത് അര്‍ധ സെഞ്ച്വറിയും ഫോര്‍മാറ്റില്‍ ഡേവിഡ് നേടി.

Content Highlight: Tim David surpasses Abhishek’s record in strike rate in 2025

We use cookies to give you the best possible experience. Learn more