| Sunday, 19th April 2026, 9:47 am

പരാജയത്തിലും തലയുയര്‍ത്തി ടിം ഡേവിഡ്; തൂക്കിയത് വെടിക്കെട്ട് റെക്കോഡ്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ദല്‍ഹി ക്യാപ്പിറ്റല്‍സ് ആറ് വിക്കറ്റിന്റെ ആവേശകരമായ വിജയം സ്വന്തമാക്കിയിരുന്നു. ബെംഗളൂരുവിലെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം ദല്‍ഹി ഒരു പന്തും നാല് വിക്കറ്റും ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു.

ബെംഗളൂരുവിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് അര്‍ധ സെഞ്ച്വറി നേടിയ ഫില്‍ സാള്‍ട്ടും അഞ്ചാമനായി ഇറങ്ങിയ ടിം ഡേവിഡുമാണ്. 38 പന്തില്‍ 68 റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്. നാല് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് ഇംഗ്ലണ്ട് താരത്തിന്റെ പ്രകടനം. 17 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 26 റണ്‍സാണ് ടിം ഡേവിഡ് നേടിയത്. 152.94 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. മാത്രമല്ല മത്സരത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനും ഡേവിഡിന് സാധിച്ചിരുന്നു.

ഇതോടെ ഒരു സൂപ്പര്‍ നേട്ടത്തിലെത്താനും ടിം ഡേവിഡിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ 1000 റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് ഡേവിഡ് സ്വന്തമാക്കിയത്. ഫില്‍ സാള്‍ട്ടിനെ മറികടന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ 1000+ റണ്‍സ് നേടിയ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ്

(താരം, സ്‌ട്രൈക്ക് റേറ്റ്, റണ്‍സ്, ഇന്നിങ്‌സ്)

ടിം ഡേവിഡ് – 177.83 – 1019 – 50

ഫില്‍ സാള്‍ട്ട് – 174.47 – 1258 – 40

ആന്ദ്രേ റസല്‍ – 174. 17 – 2651 – 115

ട്രാവിസ് ഹെഡ് – 168.12 – 1266 – 42

അതേസമയം ട്രിസ്റ്റന്‍ സ്റ്റബ്സിന്റെയും കെ.എല്‍ രാഹുലിന്റെയും അര്‍ധ സെഞ്ച്വറിയും ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ ഫിനിഷിങ്ങുമാണ് ദല്‍ഹിക്ക് വിജയം സമ്മാനിച്ചത്. ട്രിസ്റ്റന്‍ സ്റ്റബ്സ് 47 പന്തില്‍ പുറത്താവാതെ 60 റണ്‍സാണ് നേടിയത്. നാല് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

രാഹുല്‍ 34 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 57 റണ്‍സും സ്വന്തമാക്കി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മില്ലര്‍ 10 പന്തില്‍ 22 റണ്‍സ് നേടിയാണ് ദല്‍ഹിക്ക് വിജയം സമ്മാനിച്ചത്. ഒരു ഫോറും രണ്ട് സിക്സുമാണ് മില്ലര്‍ നേടിയത്.

ഈ ത്രില്ലര്‍ ജയത്തോടെ അകസര്‍ പട്ടേലും സംഘവും പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തെത്തുകയും ചെയ്തു. ആറ് പോയിന്റാണ് ദല്‍ഹിക്കുള്ളത്. എട്ട് പോയിന്റോടെ ആര്‍.സി.ബി രണ്ടാം സ്ഥാനത്തുമാണ്.

Content Highlight: Tim David In Great Record Achievement In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more