സെപ്റ്റംബര്‍ ഒമ്പതിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്.
ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ആരെല്ലാം സ്ഥാനം നേടുമെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. ടീമില്‍ ശുഭ്മന്‍ ഗില്ലിന്റെ വരവോടെ തുലാസിലായ സഞ്ജുവിന്റെ സ്ഥാനവും മറ്റും ആരാധകര്‍ക്കിടയില്‍ ഇപ്പോഴും ചോദ്യ ചിഹ്നമാണ്.
എന്നിരുന്നാലും കെ.സി.എല്ലില്‍ സഞ്ജു കാഴ്ചവെക്കുന്ന വെടിക്കെട്ട് പ്രകടനം ശുഭ സൂചനയാണ്. എന്നാല്‍ സഞ്ജുവിന് പുറമെ ചര്‍ച്ച ചെയ്യുന്ന മറ്റൊരു പേര് തിലക് വര്‍മയുടേതാണ്.
ഇലവനില്‍ ഉറപ്പായും തിലകിന്റെ പേര് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതിന് ഒരു കാരണവുമുണ്ട്. അടുത്ത കാലത്തായി ഇന്റര്‍നാഷണല്‍ ടി-20യില്‍ തിലക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടി-20യില്‍ ഏറ്റവും കൂടുതല്‍ ആവറേജുള്ള ഇന്ത്യന്‍ താരവും തിലകാണ് (മിനിമം 500 റണ്‍സ്).
തിലക് വര്‍മ – 49.93
വിരാട് കോഹ്‌ലി – 48.69
മനീഷ് പാണ്ഡെ – 44.31
ഏഷ്യാ കപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തകൃതിയായി നടക്കുമ്പോഴും തിലക് ഇലവനില്‍ തന്റെ സ്ഥാനം പിടിക്കുമെന്ന് തന്നെയാണ് ആരാധകും വിശ്വസിക്കുന്നത്. 25 ടി-20യില്‍ നിന്ന് 749 റണ്‍സാണ് തിലക് അടിച്ചെടുത്തത്. 120* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിന് ഫോര്‍മാറ്റില്‍ ഉണ്ട്. മാത്രമല്ല രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണ് താരത്തിന്റെ റണ്‍ വേട്ട.
അതേസമയം ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതും ആരാധകര്‍ക്ക് ആവേശം സൃഷ്ടിക്കുന്ന ഒന്നാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.
സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്
Content Highlight: Tilak Verma is the Indian player with the highest average in T20Is