| Thursday, 8th January 2026, 12:52 pm

ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി; വെടിക്കെട്ട് വീരന് പരിക്ക്, പകരക്കാരന്‍ ഗില്ലോ?

ആദര്‍ശ് എം.കെ.

സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പിന് ഇനി ഒരു മാസം മാത്രം ശേഷിക്കവെ ഇന്ത്യന്‍ ക്യാമ്പിന് ആശങ്കയുണര്‍ത്തി പരിക്ക്. സൂപ്പര്‍ താരം തിലക് വര്‍മയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിനായി കളിക്കവെ വയറുവേദന അനുഭവപ്പെട്ട താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌കാനിങ്ങില്‍ ടെസ്റ്റികുലാര്‍ ടോര്‍ഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. എത്ര നാള്‍ വിശ്രമം വേണ്ടി വരും, എന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായിരിക്കുമെന്നും അപെക്‌സ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

ലോകകപ്പിന് കര്‍ട്ടന്‍ റെയ്‌സറെന്നോണം സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ടി-20 പരമ്പര തിലകിന് നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിലേക്ക് താരം തിരിച്ചെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.

തിലക് വര്‍മ. Photo: BCCI/x.com

ബ്ലാക് ക്യാപ്‌സിനെതിരായ പരമ്പരയില്‍ തിലകിന്റെ പകരക്കാരന്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ജനുവരി 21നാണ് ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 31 വരെ നീളും.

ഫെബ്രുവരി ഏഴിന് യു.എസിനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

കിവീസിനെതിരായ പരമ്പരയില്‍ ശുഭ്മന്‍ ഗില്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും താരത്തിന് അവസരം നല്‍കാന്‍ ബി.സി.സി.ഐ തയ്യാറായേക്കില്ല.

ഗില്ലിനെ സ്‌ക്വാഡിന്റെ ഭാഗമാക്കിയാല്‍ തീര്‍ച്ചയായും കളത്തിലിറക്കേണ്ടി വരും. പരമ്പരയ്ക്കിടെ തിലക് ആരോഗ്യം വീണ്ടെടുത്ത് മടങ്ങിയെത്തിയാല്‍ ലോകകപ്പ് മുന്നിലുള്ള സാഹചര്യത്തില്‍ തങ്ങളുടെ പോസ്റ്റര്‍ ബോയ്‌യെ പുറത്താക്കാന്‍ ബി.സി.സി.ഐ നിര്‍ബന്ധിതരാകും.

ശുഭ്മന്‍ ഗില്‍

ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ബി.സി.സി.ഐ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ഗില്ലാണ് ഇന്ത്യയുടെ നായകന്‍. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്ക് പുറമെ ലോകകപ്പ് സ്‌ക്വാഡിലും ഗില്ലിന് സ്ഥാനമില്ല.

അതേസമയം, ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനായെന്നും കളിക്കാന്‍ സജ്ജനാണെന്നും ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് മെഡിക്കല്‍ ടീം വ്യക്തമാക്കി.

വിജയ് ഹസാരെയില്‍ ഹിമാചല്‍ പ്രദേശിനെതിരെ മുംബൈയ്ക്കായി ശ്രേയസ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 53 പന്തില്‍ നിന്ന് 82 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് താരം ഫിറ്റ് ആണെന്ന് ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് അറിയിച്ചത്.

Content Highlight: Tilak Varma undergoes surgery, doubtful for world cup

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more