| Wednesday, 22nd April 2026, 2:53 pm

റെയ്‌നയെ വെട്ടി തിലകിന്റെ കുതിപ്പ്; റെക്കോഡ് ലിസ്റ്റില്‍ സഞ്ജുവും അയ്യരും പിന്നില്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ഏപ്രില്‍ 20ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിനാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും വീഴ്ത്തിയത്.

ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 100 റണ്‍സില്‍ ഓള്‍ ഔട്ടായി.

സൂപ്പര്‍ താരം തിലക് വര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് മുംബൈ സ്‌കോര്‍ ഉയര്‍ത്തിയത്. 45 പന്ത് നേരിട്ട് പുറത്താകാതെ 101 റണ്‍സുമായാണ് തിലക് തിളങ്ങിയത്. ആകാശം തൊട്ട ഏഴ് സിക്സറും എണ്ണം പറഞ്ഞ എട്ട് ഫോറും അടക്കം 224.44 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായായിരുന്നു തിലകിന്റെ പ്രകടനം.

ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനും തിലകിന് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഓപ്പണറല്ലാത്ത രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനാണ് തിലകിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ താരം സുരേഷ് റെയ്‌നയെ മറികടന്നാണ് തിലക് രണ്ടാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്തുള്ളത് സൂര്യകുമാര്‍ യാദവാണ്.

ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഓപ്പണറല്ലാത്ത താരങ്ങള്‍, സെഞ്ച്വറി എന്ന ക്രമത്തില്‍

സൂര്യകുമാര്‍ യാദവ് – 6

തിലക് വര്‍മ – 5

സുരേഷ് റെയ്‌ന – 4

ശ്രേയസ് അയ്യര്‍ – 3

സഞ്ജു സാംസണ്‍ – 3

അതേസമയം നാളെ (ഏപ്രില്‍ 23) ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെയിലാണ് പോരാട്ടം. നിലവില്‍ ആറ് മത്സരങ്ങളില്‍ രണ്ട് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് മുംബൈ.

ചെന്നൈ സൂപ്പര്‍ കിങ്‌സും നാല് പോയിന്റ് നേടിയെങ്കിലും എട്ടാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ പോയിന്റ് ടേബിളില്‍ മുന്നേറാന്‍ ഇരുവര്‍ക്കും വിജയം ആവശ്യമാണ്. ഇതോടെ വാംഖഡെയില്‍ വമ്പന്‍ പോരാട്ടം തന്നെയാകും നടക്കുക എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Tilak Varma Surpass Suresh Raina In Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more