| Tuesday, 5th August 2025, 8:52 pm

അരങ്ങേറ്റം പാളി, ഇംഗ്ലണ്ടില്‍ പൂജ്യത്തിന് പുറത്തായി തിലക് വര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് കൗണ്ടി റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ ഹാംഷെയറിനെതിരായ തന്റെ അരങ്ങേറ്റ മത്സരത്തില്‍ നിരാശനാക്കി തിലക് വര്‍മ. വെയ്ല്‍സില്‍ നടന്ന മത്സരത്തില്‍ ഗ്ലാമോര്‍ഗണെതിരെ ബ്രോണ്‍സ് ഡക്കായാണ് താരം മടങ്ങിയത്. നെഡ് ലിയോര്‍ഡിന്റെ പന്തില്‍ അസ ട്രൈബിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

ഏകദിനത്തില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ച തിലക് വര്‍മ കൗണ്ടില്‍ കളത്തിലിറങ്ങുമ്പോള്‍ ഹാംഷെയര്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയായിരുന്നു. എന്നാല്‍ താരം തീര്‍ത്തും നിരാശപ്പെടുത്തി.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹാംഷെയറിന് മികച്ച തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ നിക് ഗബ്ബിന്‍സും അലി ഓറും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 68ല്‍ നില്‍ക്കവെ അലി ഓറിനെ മടക്കി നെഡ് ലിയോനാര്‍ഡ് ബ്രേക് ത്രൂ നല്‍കി.

വണ്‍ ഡൗണായെത്തിയ തിലക് വര്‍മ ബ്രോണ്‍സ് ഡക്കായി മടങ്ങിയപ്പോള്‍ നാലാമന്‍ ജോ വെതര്‍ലിയും അഞ്ചാം നമ്പറിലിറങ്ങിയ ടോം പ്രെസ്റ്റും ഒറ്റയക്കത്തിനും പുറത്തായി.

അഞ്ചാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ മയേഴ്‌സിനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ഗബ്ബിന്‍സ് സ്‌കോര്‍ ഉയര്‍ത്തി. സെഞ്ച്വറി കൂട്ടുകെട്ടുമായി ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ടീം സ്‌കോര്‍ 115ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 256ലാണ്.

55 പന്തില്‍ 74 റണ്‍സുമായി നില്‍ക്കവെ മയേഴ്‌സിനെ മടക്കി നെഡ് ലിയോനാര്‍ഡാണ് കൂട്ടുകെട്ട് പൊളിച്ചത്. മയേഴ്‌സ് മടങ്ങിയെങ്കിലും ഗബ്ബിന്‍സ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് നേടി. 147 പന്തില്‍ 144 റണ്‍സുമായി ഗബ്ബിന്‍സ് പുറത്താകാതെ നിന്നു.

ഗ്ലാമോര്‍ഗണായി നെഡ് ലിയോനാര്‍ഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ കിരണ്‍ കാള്‍സണ്‍, ജെയിംസ് ഹാരിസ്, ആന്‍ഡി ഗ്രോവിന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗ്ലാമോര്‍ഗണ്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 143 എന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ്.

Content Highlight: Tilak Varma out for a duck in Royal London Cup

We use cookies to give you the best possible experience. Learn more