2026 ടി – 20 ലോകകപ്പില്‍ രണ്ടാം മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. നാളെ (ഫെബ്രുവരി 12) നമീബിയക്ക് എതിരെയാണ് ഇന്ത്യയുടെ മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തിലാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
മത്സരത്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ കളിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. താരത്തിനെ വയറിന് അണുബാധ കാരണം ആശുപത്രിയില്‍ പ്രവേശിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ, നാളെ നമീബിയയ്ക്ക് എതിരെ താരം ഇറങ്ങില്ലെന്നും മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അഭിഷേക് ശർമയും സഞ്ജു സാംസണും. Photo: BCCI/x.com
ഇപ്പോള്‍ അഭിഷേക് ശര്‍മയുടെ ആരോഗ്യസ്ഥിതിയില്‍ അപ്‌ഡേറ്റ് നല്‍കുകയാണ് ഇന്ത്യന്‍ താരം തിലക് വര്‍മ. അഭിഷേക് ആശുപത്രി വിട്ടുവെന്ന് താരം അറിയിച്ചു.
മത്സരത്തിന് ഒരു ദിവസം കൂടിയുണ്ടെന്നും നമീബിയയ്ക്ക് എതിരെ ആരെത്തുമെന്ന് നാളെ തീരുമാനിക്കുകയുള്ളൂവെന്നും തിലക് കൂട്ടിച്ചേര്‍ത്തു. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തിലക്.
‘ഞങ്ങള്‍ ദല്‍ഹിയില്‍ എത്തിയപ്പോള്‍ അഭിഷേകിനെ കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് അവന്‍ ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. അവന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
മത്സരത്തിന് ഒരു ദിവസം കൂടിയുണ്ടല്ലോ. അതിനാല്‍ അവന്റെ ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് കളിക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമെടുക്കും,’ തിലക് പറഞ്ഞു.
ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ യു.എസ്.എയ്ക്ക് എതിരെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഭിഷേക് ഫീല്‍ഡ് ചെയ്തിരുന്നില്ല. താരത്തിന് പകരം മത്സരത്തില്‍ ഫീല്‍ഡ് ചെയ്തിരുന്നത് മലയാളി താരം സഞ്ജുവായിരുന്നു.
നേരത്തെ, അഭിഷേകിന് വയറിലെ അസ്വസ്ഥതയ്ക്ക് പുറമെ കടുത്ത പനിയുണ്ടെന്നും ടീമിനൊപ്പം ദല്‍ഹിയിലേക്ക് യാത്ര ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ടീമിന്റെ പരിശീലന സെഷനിലും താരം പങ്കെടുത്തിരുന്നില്ല. അതിനാല്‍ തന്നെ താരത്തിന് വിശ്രമം അനുവദിച്ചേക്കുമെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
Content Highlight: Tilak Varma gave big update on Abhishek Sharma