ഇന്ത്യ-ന്യൂസിലാൻഡ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ത്രില്ലർ വിജയം സ്വന്തമാക്കിയിരുന്നു. ക്രൈസ്റ്റ് ചർച്ചിൽ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സന്ദർശകർ നേടിയത്. കിവികൾ ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
തിലക് വർമയുടെ പോരാട്ടത്തിന് മുന്നിലാണ് ന്യൂസിലാൻഡ് മുട്ടുമടക്കിയത്. തിലക് 26 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയാണ് തിളങ്ങിയത്. ആറ് ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ സമ്പാദ്യം. മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും തിലക് തന്നെയാണ്.
ഈ മത്സരത്തിലെ താരമായതോടെ സേന രാജ്യങ്ങൾക്കെതിരെ (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ) ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായും തിലക് മാറി. മൂന്നാം തവണയാണ് തിലക് സേന രാജ്യങ്ങൾക്ക്കെതിരെ ഈ നേട്ടം കൈപ്പിടിയിലാക്കുന്നത്.
മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള വമ്പൻ താരങ്ങളെ മറികടന്നാണ് തിലകിന്റെ കുതിപ്പ്. നാല് തവണ ഈ നേട്ടം സ്വന്തമാക്കിയ സൂര്യകുമാർ യാദവ്, വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരാണ് ഈ റെക്കോഡിൽ ഒന്നാം സ്ഥാനത്തുള്ളത്.
ഇന്റർനാഷണൽ ടി-20യിൽ SENAയിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ
സൂര്യകുമാർ യാദവ് – 4
വിരാട് കോഹ്ലി – 4
രോഹിത് ശർമ – 4
തിലക് വർമ – 3
ക്രുണാൽ പാണ്ഡ്യ – 2
സഞ്ജു സാംസൺ – 2
യുവരാജ് സിങ് – 2
ഭുവനേശ്വർ കുമാർ – 2
ഹർദിക് പാണ്ഡ്യ – 2
അതേസമയം മത്സരത്തിൽ തിലകിന് പുറമെ 17 പന്തിൽ 31 റൺസ് നേടി നമൻ ധിർ, 13 പന്തിൽ പുറത്താകാതെ 26 റൺസ് നേടി നിതീഷ് കുമാർ റെഡ്ഡിയും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് സൂപ്പർ താരം ഗ്ലെൻ ഫിലിപ്സിന്റെ കരുത്തിലാണ് ആതിഥേയർ മികച്ച സ്കോറിലെത്തിയത്. 43 പന്തിൽ 70 റൺസാണ് താരം നേടിയത്. 46 പന്തിൽ 58 റൺസ് നേടിയ ബെവോൺ ജെയിംസും ആതിഥേയർക്കായി തിളങ്ങി.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ 2-0ന് മുമ്പിലാണ്. ഒക്ടോബർ 27നാണ് പരമ്പയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി. മൂന്നാം മത്സരം വിജയിച്ചാൽ ശ്രേയസ് അയ്യർക്കും സംഘത്തിനും പരമ്പര സ്വന്തമാക്കാൻ സാധിക്കും. മറുഭാഗത്ത് സ്വന്തം മണ്ണിൽ പരമ്പര കൈവിടാതിരിക്കാൻ കിവീസിനും വിജയം അനിവാര്യമാണ്.
Content Highlight: Tilak Varma create a huge record in international T20