| Friday, 2nd May 2025, 9:56 pm

സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട്; ടിക് ടോകിന് 600 മില്യണ്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ കാരണം ടിക് ടോക്കിന് പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്‍ സ്വകാര്യതാ നിയന്ത്രണ ഏജന്‍സിയാണ് ഇന്ന് (വെള്ളിയാഴ്ച) 530 മില്യണ്‍ യൂറോ പിഴ ചുമത്തിയത്.

ആറ് മാസത്തിനുള്ളില്‍ പ്രോസസിങ് പാലിച്ചില്ലെങ്കില്‍ ചൈനയിലേക്കുള്ള ഡാറ്റ കൈമാറ്റം താത്ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്നും സ്വകാര്യത നിയന്ത്രണ ഏജന്‍സി ഉത്തരവിട്ടു.

ചൈനയിലെ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്, യൂറോപ്യന്‍ യൂണിയനിലെ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റയ്ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്ന് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അയര്‍ലന്റിലെ ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ വ്യക്തമാക്കി.

അതിനാല്‍ ടിക് ടോക് യൂറോപ്യന്‍ യൂണിയന്റെ മാനദണ്ഡങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ചുവെന്നും ആപ്പ് വഴി സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ ചൈനീസ് അധികാരികള്‍ക്ക് ആക്‌സസ് ചെയ്യാന്‍ വഴിയൊരുക്കുമെന്നും ഡി.പി.സി പറഞ്ഞു.

അതേസമയം യൂറോപ്യന്‍ യൂണിയന്റെ കണ്ടെത്തലിനെതിരെ അപ്പീല്‍ നല്‍കുമെന്നാണ് ടിക് ടോക്കിന്റെ പ്രതികരണം. കണ്ടെത്തലുകളെ ശക്തമായി എതിര്‍ക്കുന്നുവെന്നും കര്‍ശനമായി നിയന്ത്രണ വിധേയവും പരിമിതമായ വിദൂര ആക്‌സസ് അനുവദിക്കുന്നതുമാണ് ടിക് ടോക്കെന്നും യൂറോപ്യന്‍ യൂണിയന്റെ ചട്ടക്കൂട് സ്റ്റാന്‍ഡേര്‍ഡ് കോണ്‍ട്രാക്കല്‍ ക്ലോസുകള്‍ ഉപയോഗിച്ചാണെന്നും ആപ്പ് അധികൃതര്‍ പറയുന്നു.

അതിനാല്‍ 2023ല്‍ ആദ്യമായി നടപ്പിലാക്കിയ ഡാറ്റ സുരക്ഷാ നടപടികള്‍ പൂര്‍ണമായി പരിഗണിക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്റെ തീരുമാനം പരാജയപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

അതേസമയം നാല് വര്‍ഷത്തെ അന്വേഷണത്തില്‍ ടിക് ടോക്ക് ചൈനയിലെ സെര്‍വറുകളില്‍ യൂറോപ്യന്‍ യൂണിയന്‍ ഉപയോക്തൃ ഡാറ്റ സൂക്ഷിച്ചിട്ടില്ലെന്ന് പറയുന്നുണ്ടെങ്കിലും ചൈനയില്‍ പരിമിതമായ അളവില്‍ ഡാറ്റ സൂക്ഷിച്ചിട്ടുണ്ടെന്നും അതിനുശേഷം ഇല്ലാതാക്കിയെന്നും കഴിഞ്ഞ മാസം വെളിപ്പെടുത്തിയതായി ഡി.പി.സി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: TikTok fined €600 million by the European Union for failing to protect personal data

We use cookies to give you the best possible experience. Learn more