| Thursday, 2nd October 2025, 5:20 pm

ആസിഫ് അലിയുടെ കെ.ജി.എഫ് എന്ന് പറഞ്ഞത് വെറുതേയല്ല, ടിക്കി ടാക്കയിലേക്ക് ബോളിവുഡ് വമ്പന്മാരും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ കുറച്ചുകാലമായി ബോക്‌സ് ഓഫീസില്‍ വലിയ നേട്ടങ്ങളില്ലാതിരുന്ന ആസിഫ് അലിയുടെ ഗംഭീര തിരിച്ചുവരവാണ് കഴിഞ്ഞ കുറച്ചുനാളുകളായി കാണാന്‍ സാധിക്കുന്നത്. ബോക്‌സ് ഓഫീസ് പ്രകടനത്തിനൊപ്പം തന്നിലെ നടനെയും തേച്ചുമിനുക്കുന്ന ആസിഫിന്റെ കരിയറിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടാണ് ടിക്കി ടാക്ക.

കളക്ക് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിനിടെ ആസിഫിന് പരിക്ക് പറ്റിയതും പിന്നീട് താരം തിരിച്ചുവന്നതും വലിയ വാര്‍ത്തയായിരുന്നു. ‘എന്റെ കെ.ജി.എഫ് മോഡല്‍ പടം’ എന്നാണ് ആസിഫ് അലി ടിക്കി ടാക്കയെ വിശേഷിപ്പിച്ചത്. അത് ശരിവെക്കുന്ന തരത്തിലാണ് പുറത്തുവരുന്ന അപ്‌ഡേറ്റുകളെല്ലാം.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബോളിവുഡിലെ വമ്പന്മാരായ ടി സിരീസും ടിക്കി ടാക്കയുടെ നിര്‍മാണ പങ്കാളികളാകുന്നുണ്ട്. ടി സിരീസിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ടിക്കി ടാക്ക. ആക്ഷന്‍ ചിത്രങ്ങള്‍ക്ക് മികച്ച വരവേല്പ് നല്‍കുന്ന പാന്‍ ഇന്ത്യന്‍ പ്രേക്ഷകരില്‍ ടിക്കി ടാക്ക വര്‍ക്കാകുമെന്നാണ് കരുതുന്നത്.

ആസിഫ് അലിക്കൊപ്പം വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗോദയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായിക. തമിഴ് താരം സഞ്ജന നടരാജും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മലയാളത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് വലിയ ഫാന്‍ബേസുണ്ടാക്കിയ നസ്‌ലെനും ടിക്കി ടാക്കയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഗാറ്റ്‌സ്ബി എന്നാണ് നസ്‌ലെന്റെ കഥാപാത്രത്തിന്റെ പേര്. ലുക്മാന്‍ അവറാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിന്‍ജ ആക്ഷന്‍ പ്രധാന പ്രമേയമാക്കിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ഈ തീമില്‍ ഒരുങ്ങുന്ന ആദ്യ മലയാളചിത്രം കൂടിയാണ് ടിക്കി ടാക്ക. ഈ വര്‍ഷം ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെ.ജി.എഫിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ രവി ബസ്‌റൂറാണ് ടിക്കി ടാക്കയുടെ സംഗീതം ഒരുക്കുന്നത്. ഇതുവരെ കാണാത്ത ആക്ഷന്‍ അവതാരത്തില്‍ ആസിഫിനെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും അതിഥിവേഷത്തിലെത്തുന്നുണ്ടെന്ന് റൂമറുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

Content Highlight: T Series became the production partners of Tiki Taka movie

We use cookies to give you the best possible experience. Learn more