| Saturday, 12th March 2016, 5:29 pm

വയനാട് അതിര്‍ത്തിയില്‍ തേയിലത്തോട്ടം വാച്ച് മാനെ കടുവ കൊന്നുതിന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗൂഡല്ലൂര്‍ : വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട് നീലഗിരി ജില്ലയിലെ പാട്ടവയലില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ തേയിലത്തോട്ടം വാച്ച് മാനെ കടുവ കൊന്നുതിന്നു. ദേവര്‍ഷോല ടൗണ്‍ പഞ്ചായത്ത് പരിധിയിലെ വുഡ്ബ്രയര്‍ എസ്റ്റേറ്റ് തൊഴിലാളിയായ മഖു ബോറയാണ് (45) കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡിലെ കുമ്പള ജില്ല വീരബോളി ഗ്രാമത്തിലെ ബയ്യബോറയുടെ മകനാണ് കൊല്ലപ്പെട്ട മബുബോറ.

ഇന്നലെ രാത്രിയാണ് മഖുബോറയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. തലയും കാലുകളും മാത്രമാണ് കണ്ടെത്തിയത്. തുടര്‍ന്ന് സംഭവം കടുവയുടെ ആക്രമണമാണെന്ന് വനംവകുപ്പ് സ്ഥിരീകരിക്കുകയായിരുന്നു.

വന്യ മൃഗങ്ങളില്‍ നിന്നും രക്ഷനേടാനുള്ള സുരക്ഷാ സംവിധാനങ്ങള്‍ മതിയായ രീതിയില്‍ ഒരുക്കിയില്ലെന്നാരോപിച്ച്  മൃതദേഹ അവശിഷ്ടങ്ങള്‍ കൊണ്ടുപോവുകയായിരുന്ന പോലീസ് സംഘത്തെ പ്രക്ഷുബ്ധരായ നാട്ടുകാര്‍ അര മണിക്കൂറോളം തടഞ്ഞുവെച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇതേതുടര്‍ന്ന് ഗൂഡല്ലൂര്‍ ആര്‍.ഡി.ഒ.വെങ്കിടാചലം, തഹസില്‍ദാര്‍ അബ്ദുറഹ്മാന്‍,ഡി.എഫ്.ഒ., തേജസ്വി തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി.

സംഭവത്തെ തുടര്‍ന്ന് കടുവയെ പിടികൂടാനായി സ്‌പെഷ്യല്‍ സ്‌ക്വാഡും പോലീസും എസ്റ്റേറ്റിലും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്. ദേവര്‍ഷോലയിലെ ടീ എസ്‌റ്റേറ്റില്‍ ഇരുപതിലധികം അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. 2014ലാണ് ഇവര്‍ ഇവിടെയെത്തുന്നത്.

We use cookies to give you the best possible experience. Learn more