| Friday, 11th July 2025, 6:50 pm

ടിബറ്റ്, ദലൈലാമ, അരുണാചൽ പ്രദേശ്, ചൈന വിവാദങ്ങൾ ഇവിടെ തുടങ്ങുന്നു

ജിൻസി വി ഡേവിഡ്

നിർത്താതെ പെയ്യുന്ന മഴയെ അവഗണിച്ച് തന്നെ കാണാൻ വന്ന ചുവന്ന വസ്ത്രധാരികളായ സന്യാസിമാർ തിങ്ങിനിറഞ്ഞ സദസിന് മുന്നിൽ ഇരുന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ അത് പാഴാക്കിയിട്ടില്ലെന്ന് എനിക്ക് മനസിലാകും.

മറ്റ് ജീവജാലങ്ങളെ സേവിച്ചാണ് ഞാൻ എന്റെ ജീവിതം നയിക്കുന്നത്. ടിബറ്റൻ ബുദ്ധമതത്തിന്റെ ആത്മീയ നേതാവായ ദലൈലാമയുടെ ഒരാഴ്ച നീണ്ടുനിന്ന 90-ാം പിറന്നാളാഘോഷത്തിന്റെ അവസാന ദിനം അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ചെറുഭാഗമാണ് മേല്പറഞ്ഞത്.

ടിബറ്റൻ ബുദ്ധമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ നേതാവാണ് ദലൈലാമ. അദ്ദേഹത്തെ കാരുണ്യത്തിന്റെ മൂർത്തിഭാവമായ അവലോകിതേശ്വരന്റെ (ജ്ഞാനോദയം നേടിയ വ്യക്തി) പുനർജന്മമായാണ് കണക്കാക്കുന്നത്. ടിബറ്റൻ ജനതയുടെ ആത്മീയവും ചരിത്രപരവുമായ വഴികാട്ടിയാണ് ദലൈലാമ. പതിനാലാമത് ദലൈലാമയാണ് ടെൻസിൻ ഗ്യാറ്റ്സോ.

ദലൈലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നത് ബുദ്ധമതത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഒരു ദലൈലാമ മരണപ്പെട്ടാൽ, മുതിർന്ന ബുദ്ധസന്യാസിമാരും ഉയർന്ന ലാമമാരും ദലൈലാമയുടെ അടുത്ത പുനർജന്മം എവിടെയായിരിക്കും എന്നതിനെക്കുറിച്ചുള്ള സൂചനകൾക്കായി തിരച്ചിൽ ആരംഭിക്കും.

ഇവയിൽ പലപ്പോഴും പ്രത്യേക സ്വപ്നങ്ങൾ, ദർശനങ്ങൾ, വിചിത്രമായ അടയാളങ്ങൾ, മരിച്ച ദലൈലാമയുടെ ശരീരത്തിൽ കാണുന്ന പ്രത്യേകതകൾ എന്നിവ ഉൾപ്പെടാം. ചിലപ്പോൾ, മുമ്പത്തെ ദലൈലാമ തന്നെ താൻ എവിടെ പുനർജനിക്കുമെന്ന് സൂചനകൾ നൽകിയിട്ടുണ്ടാകാം.

ദലൈലാമ ടെൻസിൻ ഗ്യാറ്റ്സോ

എന്തായാലും നിലവിലെ ദലൈലാമയുടെ 90-ാം പിറന്നാൾ വലിയ ആഘോഷത്തോടെ ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികൾ മക്ലിയോഡ്ഗഞ്ചിലെ ധരംശാലയിൽ വെച്ച് ആഘോഷപൂർവം കൊണ്ടാടി. എന്നാൽ പിന്നാലെ തന്റെ പിൻഗാമിയെക്കുറിച്ചുള്ള ദലൈലാമയുടെയും ചൈനീസ് ഭരണകൂടത്തിന്റെയും പ്രസ്താവനകൾ വലിയ വിവാദത്തിനും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. 1959ൽ ടിബറ്റിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിൽ താമസിക്കുകയാണ് നിലവിലെ ദലൈലാമ. അദ്ദേഹം ഇന്ത്യ ചൈന ബന്ധത്തിലെ സങ്കീർണമായ രാഷ്ട്രീയ, മതപര പ്രശ്നങ്ങളുടെ ഹേതുവാണെന്നും പറയാം.

130 വയസുവരെ ജീവിക്കുമെന്ന് ദലൈലാമ പ്രത്യാശ പ്രകടിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ പിൻഗാമി ആരാകുമെന്ന ചോദ്യം ഉയരുകയാണ്. ഈ വിഷയം കേവലം ആത്മീയമല്ല, മറിച്ച് വളരെയധികം രാഷ്ട്രീയമാണ്.

തന്റെ 90-ാം ജന്മദിനത്തിന് മുന്നോടിയായി നടന്ന പ്രാർത്ഥനാ ചടങ്ങുകളിൽ സംസാരിക്കവെ, ദലൈലാമ തന്റെ പിൻഗാമിയെ മുൻകാല ബുദ്ധമത പാരമ്പര്യങ്ങൾക്കനുസൃതമായി കണ്ടെത്തണമെന്നും അംഗീകരിക്കണമെന്നും പറഞ്ഞു.

അതേസമയം ചൈനീസ് സർക്കാർ ദലൈലാമയുടെ പുനർജന്മത്തെ തങ്ങളുടെ ആഭ്യന്തര കാര്യമായി കണക്കാക്കുന്നു. ടിബറ്റൻ ബുദ്ധമത നിയമങ്ങൾ, ചരിത്രപരമായ പാരമ്പര്യങ്ങൾ, ചൈനീസ് നിയമങ്ങൾ എന്നിവ അനുസരിച്ച് മാത്രമേ ദലൈലാമയെ തെരഞ്ഞെടുക്കാൻ കഴിയൂ എന്ന് അവർ വാദിക്കുന്നു.

മുൻകാലങ്ങളിൽ തന്നെ ദലൈലാമ തന്റെ പിൻഗാമി ചൈനയ്ക്ക് പുറത്തുള്ള ‘സ്വതന്ത്ര ലോകത്ത്’ ജനിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ചൈനയുടെ അധികാരത്തിൻ കീഴിൽ തെരഞ്ഞെടുക്കപ്പെടുന്ന ഏതൊരു പിൻഗാമിയെയും അംഗീകരിക്കില്ലെന്ന് ദലൈലാമ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

വോയ്‌സ് ഫോർ ദി വോയ്‌സ്‌ലെസ് എന്ന പുസ്തകത്തിലെ അദ്ദേഹത്തിന്റെ സമീപകാല പരാമർശങ്ങൾ, സ്വതന്ത്രമല്ലാത്ത ഒരു രാജ്യത്ത് തന്റെ പുനർജന്മം സംഭവിക്കില്ലെന്ന നിലപാട് വീണ്ടും ഉറപ്പിക്കുന്നു. ഇന്ത്യയായിരിക്കും ഈ സ്ഥലമെന്ന് ഇത് ശക്തമായി സൂചിപ്പിക്കുന്നു. ഈ പ്രഖ്യാപനം ടിബറ്റൻ ബുദ്ധമതത്തിനുമേൽ നിയന്ത്രണം അവകാശപ്പെടാനുള്ള ചൈനയുടെ തന്ത്രത്തിനെതിരായ ആത്മീയവും രാഷ്ട്രീയവും സാംസ്കാരികവുമായ വെല്ലുവിളിയായി നിരീക്ഷകർ കണക്കാക്കുന്നു.

അതേസമയം ദലൈലാമയെ വിഘടനവാദിയായി കാണുന്ന ചൈന, ടിബറ്റൻ ബുദ്ധിസത്തിന്റെ അടുത്ത ആത്മീയ നേതാവ് തങ്ങളുടെ അംഗീകാരത്തോടെ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് പറയുന്നു. ബീജിങ്ങിന്റെ സമ്മതമില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ആരെയും നിരസിക്കുമെന്നും അവർ പറയുന്നു.

തന്റെ 90-ാം പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട വീഡിയോയിൽ ദലൈലാമയുടെ പിൻഗാമിയെ നിശ്ചയിക്കാൻ മറ്റാർക്കും അവകാശമോ അധികാരമോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തന്റെ പുനർജന്മം കണ്ടെത്തുന്നതിനും അംഗീകരിക്കുന്നതിനുമുള്ള പ്രക്രിയ 2015 ൽ അദ്ദേഹം സ്ഥാപിച്ച ലാഭേച്ഛയില്ലാത്ത സംഘടനയായ ഗാഡെൻ ഫോഡ്രാങ് ട്രസ്റ്റിന് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയ നേതാവുമായും ദലൈലാമയുടെ സ്ഥാപനവുമായും ബന്ധപ്പെട്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സംഘടനയാണിത്.

ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ്

‘ഈ വിഷയത്തിൽ ഇടപെടാൻ മറ്റാർക്കും അത്തരമൊരു അധികാരമില്ല. ഭാവിയിലെ ദലൈലാമയെ കണ്ടെത്തുന്നത് മുൻകാല പാരമ്പര്യത്തിന് അനുസൃതമായി തന്നെ നടത്തണം,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ദലൈലാമയുടെ പ്രഖ്യാപനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞത് ദലൈലാമയുടെ പിൻഗാമിയെ കണ്ടെത്തുന്നതിന് ചൈനീസ്‌ സർക്കാരിന്റെ അംഗീകാരം വേണമെന്നാണ്.

മതപരമായ ആചാരങ്ങളും ചരിത്രപരമായ കാര്യങ്ങളും പാലിച്ചുകൊണ്ട് ഈ പ്രക്രിയ നടത്തണമെന്നും ദേശീയ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി അത് കൈകാര്യം ചെയ്യണമെന്നും മാവോ പറഞ്ഞതായി എ.പി ന്യൂസ് റിപ്പോർട്ട് ചെയ്തു.

2007ൽ ചൈനീസ് സർക്കാർ ഒരു നിയമം പാസാക്കിയിരുന്നു. ടിബറ്റൻ ലാമകളുടെ പുനർജന്മങ്ങൾ നിർണയിക്കുന്നത് പരമ്പരാഗത രീതിയിലായിരിക്കുമെന്നും എന്നാൽ അത് നടക്കുക ചൈനീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കുമെന്നും അതിൽ പറയുന്നു. ആ നിയമം അനുസരിച്ച്, ടിബറ്റൻ ബുദ്ധ ലാമകളുടെ പുനർജന്മങ്ങൾ നിർണയിക്കുന്നതിൽ ചൈനയ്ക്കായിരിക്കും അന്തിമ അവകാശം. കൂടാതെ രാജ്യത്തിന് പുറത്തുള്ള ആർക്കും (ഇപ്പോഴത്തെ ദലൈലാമ ഉൾപ്പെടെ) അതിൽ പങ്കാളിത്തം ഉണ്ടായിരിക്കില്ലെന്നും പറയുന്നു. പാരമ്പരാഗതെ ആചാരപരമായ സ്വർണ്ണ കലശത്തിൽ നിന്ന് നറുക്കെടുപ്പിലൂടെ അടുത്ത ദലൈലാമയെ സ്ഥിരീകരിക്കണമെന്നും ചൈനീസ് സർക്കാർ പറഞ്ഞു.

എന്തുകൊണ്ടാണ് ദലൈലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള അവകാശം തങ്ങളിൽ നിഷിപ്തമാണെന്ന് ചൈന പറയുന്നത്.

മംഗോളിയൻ ഭരണാധികാരിയായ കുബ്ലായ് ഖാന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട യുവാൻ രാജവംശത്തിന്റെ കാലത്താണ് ടിബറ്റ് ചൈനയുടെ ഭാഗമായതെന്ന് ചൈന അവകാശപ്പെടുന്നു. യുവാൻ രാജവംശം ടിബറ്റിന്മേൽ ഭരണപരമായ നിയന്ത്രണം ചെലുത്തിയിരുന്നതായും, പിന്നീട് ചൈനീസ് രാജവംശങ്ങൾ ഈ അവകാശങ്ങൾ കൈമാറിയതായും അവർ വാദിക്കുന്നതായി സ്റ്റാർട്ട് ന്യൂസ് ഗ്ലോബൽ പറയുന്നു. ചരിത്രപരമായി ടിബറ്റിൽ തങ്ങൾക്ക് അവകാശം ഉണ്ടായിരുന്നെന്നാണ് ചൈന പറയുന്നത്.

ടിബറ്റ് അവരുടെ അവിഭാജ്യ ഘടകമാണ് എന്നതാണ് ചൈന പറയുന്നത്. അതിനാൽ, ടിബറ്റൻ ബുദ്ധമതത്തിന്റെ പരമോന്നത നേതാവായ ദലൈലാമയെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ഉൾപ്പെടെയുള്ള എല്ലാ പ്രധാന കാര്യങ്ങളിലും തങ്ങൾക്ക് അധികാരം വേണമെന്ന് ചൈന വാദിക്കുന്നു. ഇത് ടിബറ്റിന്മേലുള്ള നിയന്ത്രണം ആഗോള സമൂഹത്തെയും ടിബറ്റൻ ജനതയെയും ബോധ്യപ്പെടുത്താനുള്ള ചൈനയുടെ ഒരു മാർഗമായി നിരീക്ഷകർ കാണുന്നു.

ക്വിങ് രാജവംശം

18-ാം നൂറ്റാണ്ടിൽ, ക്വിങ് രാജവംശത്തിന്റെ (Qing Dynasty) കാലത്ത്, ഉയർന്ന ലാമമാരുടെ പുനർജന്മങ്ങളെ തെരഞ്ഞെടുക്കാൻ ‘ഗോൾഡൻ അർൺ’ (Golden Urn) എന്നൊരു സമ്പ്രദായം നിലവിലുണ്ടായിരുന്നു എന്ന് ചൈന ചൂണ്ടിക്കാണിക്കുന്നു. ഈ രീതി പ്രകാരം, സ്ഥാനാർത്ഥികളുടെ പേരുകൾ ഒരു സ്വർണ്ണ കലശത്തിൽ നിക്ഷേപിച്ച് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും ചൈനീസ് സർക്കാരിന്റെ അംഗീകാരം നേടുകയും വേണം. ഈ ചരിത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് ടിബറ്റൻ മതകാര്യങ്ങളിൽ ചൈനീസ് സർക്കാരിന്റെ ഇടപെടലിന് ഒരു ചരിത്രപരമായ അടിസ്ഥാനമുണ്ടെന്ന് അവർ പറയുന്നു.

ബ്രിട്ടീഷുകാർ ചൈനയില്ലാതെ ടിബറ്റുമായി ഒരു പ്രതീകാത്മക ഉടമ്പടിയിൽ ഒപ്പുവച്ചു. ഈ ഉടമ്പടി ടിബറ്റിന്റെ 65,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇന്ത്യയ്ക്ക് കൈമാറി. ഈ സ്ഥലം ഇപ്പോൾ ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് എന്നറിയപ്പെടുന്നു.

അതേസമയം ഈ സമ്പ്രദായം എല്ലാ ദലൈലാമമാരുടെയും കാര്യത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും, പലപ്പോഴും അത് വെറുമൊരു ഔപചാരികത മാത്രമായിരുന്നു എന്നും, യഥാർത്ഥ തെരഞ്ഞെടുപ്പ് ടിബറ്റൻ ബുദ്ധമത പണ്ഡിതന്മാരാണ് നടത്തിയിരുന്നതെന്നും ടിബറ്റൻ ബുദ്ധിസ്റ്റുകൾ വാദിക്കുന്നു.

അതേസമയം ടിബറ്റിലെ ധാതു സമ്പത്ത് ചൈനയെ ആകർഷിക്കുന്നതായി വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ടിബറ്റൻ പീഠഭൂമിയിൽ ചെമ്പ്, സ്വർണ്ണം, ലിഥിയം, ഈയം, സിങ്ക്, ഇരുമ്പ് തുടങ്ങിയ അനേകം വിലയേറിയ ധാതുക്കളുടെ വൻ നിക്ഷേപങ്ങളുണ്ട്.

ടിബറ്റൻ പീഠഭൂമി

ആഗോളതലത്തിൽ ലിഥിയത്തിന്റെ ഏറ്റവും വലിയ കരുതൽ ശേഖരം ടിബറ്റിലുണ്ടെന്ന് കരുതപ്പെടുന്നു. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ബാറ്ററികൾക്ക് ലിഥിയം അത്യാവശ്യമാണ്. ചൈനയുടെ വർധിച്ചുവരുന്ന വ്യാവസായിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഈ വിഭവങ്ങൾ അത്യന്താപേക്ഷിതമാണ്.

ടിബറ്റൻ പീഠഭൂമിയെ ഏഷ്യയുടെ ജലഗോപുരം അല്ലെങ്കിൽ ലോകത്തിന്റെ മൂന്നാം ധ്രുവം എന്ന് വിശേഷിപ്പിക്കുന്നു. ഏഷ്യയിലെ സിന്ധു, ബ്രഹ്മപുത്ര, മെക്കോങ്, യാങ്സി തുടങ്ങി നിരവധി വലിയ നദികളുടെ ഉറവിടം ഇവിടെയാണ്. 1.5 ബില്യണിലധികം ആളുകൾ ഈ നദികളെ ആശ്രയിച്ച് ജീവിക്കുന്നു. ചൈനയുടെ വർധിച്ചുവരുന്ന ജല ആവശ്യങ്ങൾക്കും, പ്രത്യേകിച്ച് വടക്കൻ ചൈനയിലെ വരണ്ട പ്രദേശങ്ങളിലേക്ക് ജലം എത്തിക്കുന്നതിനും, ജലവൈദ്യുത പദ്ധതികൾക്കും ടിബറ്റിലെ ജലം അത്യന്താപേക്ഷിതമാണ്.

ആദ്യകാല ടിബറ്റ് ചരിത്രവും ചൈനീസ് അധിനിവേശവും

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ബ്രിട്ടീഷുകാർ ഇന്ത്യയെ അധിനിവേശപ്പെടുത്തിയതിന് ശേഷം ടിബറ്റിൽ ചൈനയുടെ സ്വാധീനം കുറയാൻ തുടങ്ങി. ക്വിങ് രാജവംശം തകർച്ചയുടെ വക്കിലെത്തിയപ്പോൾ, 1903ൽ ബ്രിട്ടീഷുകാർ ടിബറ്റുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനായി, അല്ലെങ്കിൽ കൂടുതൽ വ്യക്തമായി പറഞ്ഞാൽ, പ്രദേശം കീഴടക്കുന്നതിനായി ഒരു അതിർത്തി കമ്മീഷനെ ടിബറ്റിലേക്ക് അയച്ചു.

ടിബറ്റ് ആക്രമിക്കാൻ ബ്രിട്ടീഷുകാർക്ക് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി, മധ്യേഷ്യയുടെ വലിയൊരു ഭാഗം ഇതിനകം കീഴടക്കിയ റഷ്യക്കാർ ടിബറ്റിനെ ആക്രമിച്ചേക്കുമെന്ന് അവർ ഭയപ്പെട്ടു. ടിബറ്റിലെ സർക്കാർ ആസ്ഥാനമായ ലാസ റഷ്യയുടെ ഒരു സംരക്ഷിത പ്രദേശമായി മാറുമെന്ന് അവർ ഭയപ്പെട്ടു. രണ്ടാമതായി, ബ്രിട്ടീഷ് സ്വാധീനത്തിന് വഴങ്ങാത്തതും ബ്രിട്ടീഷ് ഇന്ത്യയുമായി വ്യാപാര ബന്ധമില്ലാത്തതുമായ അവസാന ഹിമാലയൻ രാജ്യമായിരുന്നു ടിബറ്റ്. ഇന്ത്യൻ ഉത്പന്നങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്ന ചൈനയുമായി ടിബറ്റ് വഴി വ്യാപാരം നടത്താൻ അവർ ആഗ്രഹിച്ചു.

എന്നാൽ ദലൈലാമ സഹകരിക്കാൻ വിസമ്മതിച്ചതിനാൽ, കേണൽ ഫ്രാൻസിസ് യങ്‌ഹസ്ബന്റിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ കീഴടക്കാൻ തീരുമാനിച്ചു. അവർ എത്തുമ്പോഴേക്കും 13-ാമത് ദലൈലാമ മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബാതറിലേക്ക് പലായനം ചെയ്തിരുന്നു. എന്തായാലും, യങ്‌ഹസ്ബൻഡ് ടിബറ്റുകാരെ ലാസ ഉടമ്പടിയിൽ ഒപ്പിടാൻ നിർബന്ധിച്ചു, അതിൽ ടിബറ്റ് നാല് കാര്യങ്ങൾ അനുസരിക്കണമായിരുന്നു.

ഫ്രാൻസിസ് യങ്‌ഹസ്ബൻഡ്

ടിബറ്റ് ഭീമമായ യുദ്ധ നഷ്ടപരിഹാരം നൽകേണ്ടിവരും, പണം അടയ്ക്കുന്നതുവരെ ചുംബി താഴ്‌വര ബ്രിട്ടന് വിട്ടുകൊടുക്കും.

ബ്രിട്ടീഷുകാർ യാഡോങ്, ഗ്യാൻസെ, ഗാർ യാർസ എന്നിവിടങ്ങളിൽ വ്യാപാരം നടത്തും.

ടിബറ്റ്, സിക്കിം-ടിബറ്റ് അതിർത്തി അംഗീകരിക്കും, ഒരുകാലത്ത് ടിബറ്റിന്റെ ഭാഗമായിരുന്ന സിഖുകാരുടെ മേലുള്ള ആംഗ്ലോ-ഇന്ത്യൻ പരമാധികാരം അംഗീകരിക്കും.

ചൈന, റഷ്യ എന്നിവയുൾപ്പെടെ മറ്റ് വിദേശ ശക്തികളുമായി ടിബറ്റിന് ബന്ധമുണ്ടാകില്ല. ഇതായിരുന്നു ആ നാല് കാര്യങ്ങൾ.

ഇവിടെയുള്ള ഒരു പ്രധാന കാര്യം ടിബറ്റ് ഒരു സ്വതന്ത്ര രാഷ്ട്രമായി ബ്രിട്ടീഷ് കരാറിൽ ഒപ്പുവെച്ചു എന്നതാണ്. ഇത് ഇഷ്ട്ടപ്പെടാതിരുന്ന ക്വിങ് രാജവംശം ഇതിന് മറുപടിയായി, ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന് പ്രഖ്യാപിച്ചു. ക്വിങ് രാജവംശം താമസിയാതെ ടിബറ്റിൽ ഭൂപരിഷ്കരണങ്ങൾ ആരംഭിച്ചു, എന്നാൽ ടിബറ്റൻ സന്യാസ സമൂഹത്തിൽ നിന്ന് ശക്തമായ എതിർപ്പ് നേരിടേണ്ടിവന്നു. കൂടാതെ, ക്വിങ് ഭരണകൂടം ഫ്രഞ്ച് കത്തോലിക്കാ മിഷനറിമാരെ ഈ മേഖലയിൽ പ്രവർത്തിക്കാൻ അനുവദിച്ചു, ഇത് സംഘർഷങ്ങൾ കൂടുതൽ വർധിപ്പിച്ചു.

1905 ആയപ്പോഴേക്കും ഈ സംഭവവികാസങ്ങൾ കിഴക്കൻ സിചുവാൻ, വടക്കൻ യുനാൻ എന്നിവിടങ്ങളിൽ വലിയ തോതിലുള്ള പാശ്ചാത്യ വിരുദ്ധ, ക്രിസ്ത്യൻ വിരുദ്ധ കലാപത്തിന് കാരണമായി.

ടിബറ്റിനെ മുമ്പ് അപമാനിച്ച ബ്രിട്ടീഷ് അധിനിവേശത്തോടുള്ള പ്രതികാരത്തിന്റെ ഒരു രൂപമായി പതിമൂന്നാം ദലൈലാമ ഈ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിൽ പങ്കുവഹിച്ചിരിക്കാമെന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നു.

1906ൽ, കലാപം അടിച്ചമർത്തിയതിനുശേഷം, ബ്രിട്ടനും ചൈനയും തമ്മിലുള്ള ഒരു കൺവെൻഷനിൽ ചൈന ലാസ ഉടമ്പടി അംഗീകരിച്ചു. പകരമായി, ടിബറ്റിന്മേലുള്ള ചൈനയുടെ പരമാധികാരം ബ്രിട്ടീഷുകാർ അംഗീകരിച്ചു. അതേസമയം, ടിബറ്റിന്റെ യുദ്ധ നഷ്ടപരിഹാരം നൽകാമെന്ന് ചൈന സമ്മതിക്കുകയും ചുമ്പി താഴ്‌വരയുടെ നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്തു.

ചൈനക്കാർ ടിബറ്റിലെ ഫ്യൂഡൽ പ്രഭുക്കന്മാരിൽ നിന്ന് ഭൂമി പിടിച്ചെടുക്കാനും, അടിമകളെ മോചിപ്പിക്കാനും, ഭൂമി പുനർവിതരണം ചെയ്യാനും തുടങ്ങി

അടുത്ത വർഷം, രണ്ട് സാമ്രാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല സംഘർഷം പരിഹരിക്കുന്നതിനായി ബ്രിട്ടീഷുകാർ റഷ്യക്കാരുമായി ആംഗ്ലോ-റഷ്യൻ കൺവെൻഷനിൽ ഒത്തുകൂടി. ഇത് മധ്യേഷ്യയിലെ ദീർഘകാല വൈരാഗ്യം അവസാനിപ്പിക്കുകയും ഒന്നാം ലോകമഹായുദ്ധം വരെ നിലനിന്ന ഒരു നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്തു. സമ്മേളനത്തിൽ, രണ്ട് സാമ്രാജ്യങ്ങളും ടിബറ്റിന്മേലുള്ള ചൈനയുടെ പരമാധികാരം അംഗീകരിക്കുകയും ചൈനീസ് മധ്യസ്ഥതയില്ലാതെ ടിബറ്റുമായി നേരിട്ട് ചർച്ച നടത്തില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

1912ൽ ക്വിങ് രാജവംശം തകർന്നു. ഇത് ചൈനയെ നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ഒരു കടുത്ത ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിട്ടു. ചിയാങ് കൈഷെക്കിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻമാരും മാവോ സെതൂങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകാരുമായി ചൈന വിഭജിക്കപ്പെട്ടു.

മാവോ സെതൂങ്

1913 ജനുവരിയിൽ ദലൈലാമ പ്രവാസത്തിൽ നിന്ന് ടിബറ്റിലേക്ക് മടങ്ങി. ക്വിങ് രാജവംശത്തിന്റെ പ്രദേശം അവകാശപ്പെട്ട ചൈന, ക്വിങ്ങിന്റെ ആക്രമണത്തിന് ദലൈലാമയോട് ക്ഷമാപണം നടത്തുകയും അദ്ദേഹത്തിന്റെ അധികാരം പുനസ്ഥാപിക്കാൻ വാഗ്ദാനം ചെയ്യുകയും ചെയ്തു. ദലൈലാമ ഈ വാഗ്ദാനം നിരസിക്കുകയും ചൈനക്കാരിൽ നിന്നുള്ള ഒരു ഔദാര്യവും ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ക്വിങ് രാജവംശത്തിന്റെ തകർച്ചയ്ക്ക് ശേഷം മംഗോളിയ ചെയ്തതുപോലെ അദ്ദേഹം ടിബറ്റിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ലോകത്തിലെ മറ്റൊരു രാജ്യവും അവരെ അംഗീകരിച്ചില്ലെങ്കിലും, 1913 ജനുവരിയിൽ രണ്ട് പുതുതായി സ്വതന്ത്രരായ രാജ്യങ്ങളും പരസ്പരം പരമാധികാരം അംഗീകരിക്കുന്ന ഒരു കരാറിൽ ഒപ്പുവച്ചു.

ദലൈലാമ പെട്ടെന്ന് ഒരു സൈന്യം സ്ഥാപിക്കുകയും മത വിദ്യാഭ്യാസ സമ്പ്രദായത്തോടൊപ്പം ഒരു മതേതര വിദ്യാഭ്യാസ സമ്പ്രദായം അവതരിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർക്കിടയിലെ അഴിമതി തടയുന്നതിനായി നിയമനിർമ്മാണം കൊണ്ടുവരുമെന്ന് പറയുകയും ഒരു ദേശീയ നികുതി സമ്പ്രദായം സ്ഥാപിക്കാനൊരുങ്ങുകയും ചെയ്തു. ടിബറ്റൻ ജനസംഖ്യയുടെ ഏകദേശം 95 ശതമാനം വരുന്ന അടിമകൾ ഉൾപ്പെടെ എല്ലാ ടിബറ്റൻ സാമൂഹിക വിഭാഗങ്ങൾക്കും പുതിയ നിയമത്തിലൂടെ പൗരാവകാശങ്ങൾ ലഭ്യമാക്കുമെന്ന് ദലൈലാമ വാഗ്ദാനം ചെയ്തു.

രാജ്യത്തിന്റെ സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനായി ദലൈലാമ ആദ്യത്തെ തപാൽ സ്റ്റാമ്പുകളും ടിബറ്റിന്റെ ആദ്യ ബാങ്ക് നോട്ടുകളും പുറത്തിറക്കി. ദലൈലാമ അവതരിപ്പിച്ച മറ്റ് പരിഷ്കാരങ്ങളിൽ പ്രഭുക്കന്മാരുടെ പ്രത്യേകാവകാശങ്ങൾ കുറയ്ക്കുക, അംഗഛേദം പോലുള്ള മനുഷ്യത്വരഹിതമായ ശിക്ഷകൾ നിർത്തലാക്കുക, കടക്കാരന്റെ കുട്ടികളെ അടിമകളാക്കുന്നത് നിരോധിക്കുക എന്നിവ ഉൾപ്പെടുന്നു.

പതിമൂന്നാമത് ദലൈലാമ

1914 മുതൽ ബ്രിട്ടീഷുകാരും ടിബറ്റുകാരും ചൈനക്കാരും ടിബറ്റിന്റെ അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങി. രാജ്യം ഇന്നർ, ഔട്ടർ ടിബറ്റ് എന്നിങ്ങനെ വിഭജിക്കുന്ന മംഗോളിയൻ മാതൃക സ്വീകരിക്കാൻ ബ്രിട്ടീഷുകാർ നിർദേശിച്ചു. ഇന്നർ ടിബറ്റ് ചൈനയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും, അതേസമയം ഔട്ടർ ടിബറ്റിന് അതിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അനുവാദമുണ്ടാകും, എങ്കിലും ചൈനയുടെ ഭാഗമായി തന്നെ തുടരും. പക്ഷേ , ചൈനക്കാർ ഈ നിർദേശം നിരസിച്ചു.

തുടർന്ന് ബ്രിട്ടീഷുകാർ ചൈനയില്ലാതെ ടിബറ്റുമായി ഒരു പ്രതീകാത്മക ഉടമ്പടിയിൽ ഒപ്പുവച്ചു. ഈ ഉടമ്പടി ടിബറ്റിന്റെ 65,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇന്ത്യയ്ക്ക് കൈമാറി. ഈ സ്ഥലം ഇപ്പോൾ ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് എന്നറിയപ്പെടുന്നു. കരാറർ അംഗീകരിക്കാത്ത ചൈന, ഇന്നും ടിബറ്റിന് കരാറിൽ ഒപ്പിടാനും ചൈനീസ് പ്രദേശത്തിന്റെ ഒരു ഭാഗം ഇന്ത്യയ്ക്ക് കൈമാറാനും അവകാശമില്ലെന്ന് വാദിക്കുന്നു. അങ്ങനെ, ഹിമാലയൻ അതിർത്തിയിൽ ചൈന ഇന്ത്യയുമായി അതിർത്തി സംഘർഷങ്ങൾ തുടരുന്നു.

1949ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് സൈന്യം ആഭ്യന്തരയുദ്ധത്തിൽ വിജയിക്കുകയും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന പ്രഖ്യാപിക്കുകയും ചെയ്തു. മാവോ സെതൂങ് ഉടൻ തന്നെ ചൈനയുടെ അധികാരം പുനസ്ഥാപിക്കാനും വർഷങ്ങൾ നീണ്ടുനിന്ന സങ്കർഷാവസ്ഥയിൽ നഷ്ടപ്പെട്ട പ്രദേശങ്ങൾ കൂട്ടിച്ചേർക്കാനും ശ്രമിച്ചു.

ജവഹർലാൽ നെഹ്‌റു

1950 ഒക്ടോബർ ആറിന്, പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് ചൈന കിഴക്കൻ ടിബറ്റിലേക്ക് മുന്നേറി, അഞ്ച് സ്ഥലങ്ങളിൽ അതിർത്തി കടന്നു. നിരവധി ഏറ്റുമുട്ടലുകൾക്ക് ശേഷം അവർ ടിബറ്റൻ സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, സൈനിക അധിനിവേശം തുടരുന്നതിനുപകരം, ടിബറ്റിലെ പ്രാദേശിക സർക്കാരും ബീജിങ്ങിലെ കേന്ദ്ര സർക്കാരും തമ്മിലുള്ള ഒരു കരാറിൽ ഒപ്പിടാൻ തന്റെ പ്രതിനിധികളെ ബീജിങ്ങിലേക്ക് അയക്കാൻ മാവോ 14-ാമത് ദലൈലാമയോട് ഉത്തരവിട്ടു.

ഈ കരാർ ദലൈലാമയുടെയും പഞ്ചൻ ലാമയുടെയും അവകാശങ്ങളെ സംരക്ഷിക്കുകയും ടിബറ്റിന്റെ ആഭ്യന്തര കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സ്വയംഭരണാവകാശം നൽകുകയും ചെയ്തു. ടിബറ്റുകാർക്ക് മതസ്വാതന്ത്ര്യം നൽകുകയും ടിബറ്റൻ ഭാഷയിൽ സംസാരിക്കാൻ അനുവദിക്കുകയും ചെയ്തു.

1951 മെയ് 23 ന്, 14-ാമത് ദലൈലാമയുടെ പ്രതിനിധികൾ ടിബറ്റിന്മേലുള്ള ചൈനയുടെ പരമാധികാരം സ്ഥിരീകരിക്കുന്ന ‘പതിനേഴ് പോയിന്റ് കരാറിൽ’ ഒപ്പുവച്ചു. ഏതാനും മാസങ്ങൾക്കുശേഷം, ലാസയിലെ സർക്കാരും ഈ രേഖയിൽ ഒപ്പുവച്ചു.

പിന്നാലെ ചൈനക്കാർ ടിബറ്റിലെ ഫ്യൂഡൽ പ്രഭുക്കന്മാരിൽ നിന്ന് ഭൂമി പിടിച്ചെടുക്കാനും, അടിമകളെ മോചിപ്പിക്കാനും, ഭൂമി പുനർവിതരണം ചെയ്യാനും തുടങ്ങി.

ടിബറ്റുമായി ഒപ്പിട്ട കരാറിൽ നിന്നും ചൈന വ്യതിചലിച്ചുവെന്നും ടിബറ്റൻ സംസ്കാരത്തിലും മതത്തിലും ചൈനീസ് ഭരണകൂടം ഇടപെടലുകൾ നടത്തിയെന്നും ദലൈലാമ പക്ഷം അവകാശപ്പെട്ടു. ചൈനീസ് സൈന്യം ബുദ്ധമഠങ്ങൾ തകർക്കുകയും, സന്യാസിമാരെ ഉപദ്രവിക്കുകയും, ടിബറ്റൻ ജനതയുടെ ജീവിതരീതികളിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നും അവർ പറഞ്ഞു. ഇത് ടിബറ്റിലെ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് കിഴക്കൻ ടിബറ്റിലെ ഖാം, അംദോ പ്രവിശ്യകളിൽ, വലിയ തോതിലുള്ള അസംതൃപ്തിക്ക് കാരണമായി. 1956 മുതൽ ഈ പ്രദേശങ്ങളിൽ ചെറിയ തോതിലുള്ള കലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചൈനീസ് സൈന്യം അവയെ ക്രൂരമായി അടിച്ചമർത്തുകയും ചെയ്തു. ഈ അടിച്ചമർത്തലുകൾ അഭയാർത്ഥി പ്രവാഹത്തിന് കാരണമായി,

1913-14 ലെ കൺവെൻഷനിൽ ബ്രിട്ടീഷ്, ടിബറ്റൻ, ചൈനീസ് ഉദ്യോഗസ്ഥർ

ടിബറ്റൻ സംസ്കാരത്തെ ഇല്ലാതാക്കാൻ ചൈന ആയിരക്കണക്കിന് സന്യാസിമാരെ തടവിലാക്കിയെന്നും ടിബറ്റിലെ 6,200 ആശ്രമങ്ങളിൽ 11 എണ്ണം ഒഴികെയുള്ളവയെല്ലാം നശിപ്പിച്ചുവെന്നും അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ യു.എൻ.എച്ച്.സി.ആർ ഒരു റിപ്പോർട്ടിൽ പറയുന്നു.

1959 മാർച്ച് 10 ന്, ഒരു ചൈനീസ് ജനറൽ ദലൈലാമയെ ഒരു ചൈനീസ് നൃത്തസംഘത്തിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചു. എന്നാൽ ഇത് ദലൈലാമയെ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള ചൈനീസ് സർക്കാരിന്റെ ഒരു കെണിയാണെന്ന് ദലൈലാമ പക്ഷക്കാർ ഭയപ്പെട്ടു. പലരും അദ്ദേഹത്തെ സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ഒത്തുകൂടാൻ തുടങ്ങി.

ഇത് ടിബറ്റൻ പ്രദേശത്തെ ചൈനീസ് സൈനിക സാന്നിധ്യത്തിനെതിരായ പ്രതിഷേധമായി പരിണമിച്ചു. 1959 മാർച്ച് 10 ന്, ദലൈലാമയെ സംരക്ഷിക്കുന്നതിനായി ലക്ഷക്കണക്കിന് ദലൈലാമ പക്ഷക്കാർ നോർബുലിംഗ കൊട്ടാരത്തിന് ചുറ്റും ഒരു മനുഷ്യ ബാരിക്കേഡ് രൂപീകരിച്ചു. തുടർന്ന് പീപ്പിൾസ് ലിബറേഷൻ ആർമി ക്രൂരമായ ഒരു അടിച്ചമർത്തൽ ആരംഭിച്ചുവെന്നും ആയിരക്കണക്കിന് പേർ മരിച്ചതായി പറയപ്പെടുന്നു.

മാർപ്പാപ്പ ജോൺ പോൾ രണ്ടാമനും ദലൈലാമയും

അന്തരീക്ഷം സംഘർഷഭരിതമായിക്കൊണ്ടിരിക്കുമ്പോൾ, ദലൈലാമയ്ക്കും അദ്ദേഹത്തിന്റെ സർക്കാരിനും വലിയ സമ്മർദ്ദം നേരിടേണ്ടി വന്നു. ചൈനീസ് സൈന്യം നോർബുലിങ്ക കൊട്ടാരത്തിന് നേരെ ഷെല്ലാക്രമണം ആരംഭിച്ചു. ടിബറ്റൻ ജനതയുടെ ജീവൻ രക്ഷിക്കാനും ടിബറ്റൻ ബുദ്ധമതത്തിന്റെ നിലനിൽപ്പിനുവേണ്ടിയും ദലൈലാമയ്ക്ക് പലായനം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾക്കും രാജ്യത്തെ പ്രമുഖ ലാമമാർക്കും ബോധ്യമായതായും ദലൈലാമ പക്ഷം വിശദീകരിക്കുന്നു.

1959 മാർച്ച് 17ന് രാത്രി, ദലൈലാമ ഒരു സാധാരണ സൈനികന്റെ വേഷത്തിൽ, അടുത്ത ബന്ധുക്കളുടെയും വിശ്വസ്തരായ ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ നോർബുലിങ്ക കൊട്ടാരത്തിൽ നിന്ന് രഹസ്യമായി പുറപ്പെട്ടു.

1959 മാർച്ച് 31ന് ദലൈലാമയും സംഘവും ഇന്ത്യയിലെ അരുണാചൽ പ്രദേശിലെ മാക്മോഹൻ രേഖ (McMahon Line) കടന്ന് സുരക്ഷിതമായി ഇന്ത്യൻ മണ്ണിൽ പ്രവേശിച്ചു. ഇന്ത്യൻ അതിർത്തിയിൽ വെച്ച് അസം റൈഫിൾസ് സേനാംഗങ്ങൾ അദ്ദേഹത്തെ സ്വീകരിക്കുകയും സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയും ചെയ്തു.

അരുണാചൽ പ്രദേശ്

അടുത്ത ദിവസം, ഇന്ത്യൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചുതാങ്മു ഔട്ട്‌പോസ്റ്റിൽ ഔപചാരികമായി സ്വാഗതം ചെയ്യുകയും ചരിത്രപ്രസിദ്ധമായ തവാങ് ആശ്രമത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സമ്മർദ്ദത്തിലായിരുന്നു. ദലൈലാമയെ സ്വാഗതം ചെയ്യുന്നത് ബീജിങ്ങിനെ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ട്. എങ്കിലും 1959 ഏപ്രിൽ മൂന്നിന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അദ്ദേഹത്തിന് അഭയം നൽകി. പലായനത്തിന് ശേഷം ദലൈലാമ ചൈനയുമായി ഒപ്പുവെച്ച പതിനേഴ് പോയിന്റ് കരാർ അസാധുവാക്കിയതായി പ്രഖ്യാപിച്ചു.

ദലൈലാമയോടൊപ്പം പതിനായിരക്കണക്കിന് ടിബറ്റൻ ജനത ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ ദലൈലാമ ടിബറ്റൻ പ്രവാസി സർക്കാരിന് (Central Tibetan Administration) രൂപം നൽകി. ഇത് ടിബറ്റൻ സംസ്കാരവും മതവും ഭാഷയും സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ലോകമെമ്പാടുമുള്ള ടിബറ്റൻ ജനതയുടെ പ്രതിരോധത്തിന്റെയും സ്വത്വത്തിന്റെയും പ്രതീകമായി ദലൈലാമ തുടർന്നു.

ടിബറ്റിന്റെ ദുരവസ്ഥയെക്കുറിച്ചുള്ള അന്താരാഷ്ട്ര അവബോധം വളർത്തുന്നതിനും നിലനിർത്തുന്നതിനും ദലൈലാമ വ്യാപകമായി പ്രവർത്തിച്ചിട്ടുണ്ട്. 1987ൽ അദ്ദേഹം യു.എസ് കോൺഗ്രസ് മനുഷ്യാവകാശ കോക്കസിന് മുന്നിൽ തന്റെ അഞ്ച് പോയിന്റ് സമാധാന പദ്ധതി അവതരിപ്പിച്ചു.

ടിബറ്റൻ പ്രവാസി സർക്കാർ, ഒരു നിയമസഭ, (ടിബറ്റൻ പാർലമെന്റ് ഇൻ എക്സൈൽ ) എക്സിക്യൂട്ടീവ് (കഷാഗ്), സുപ്രീം ജസ്റ്റിസ് കമ്മീഷൻ എന്നിങ്ങനെ അധികാരങ്ങൾ വേർതിരിക്കുന്ന രീതിയിലാണ് രൂപീകരിച്ചിരിക്കുന്നത്. 1991ൽ പ്രഖ്യാപിച്ച ടിബറ്റൻ പ്രവാസികളുടെ ചാർട്ടർ അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. സെൻട്രൽ ടിബറ്റൻ ഭരണകൂടത്തിന്റെ പ്രധാന വകുപ്പുകൾ ഇന്ത്യയുടെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്ത സൊസൈറ്റികളായി നിയമപരമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, ഇത് ഇന്ത്യയിൽ സർക്കാരിതര സംഘടനകളായി പ്രവർത്തിക്കാൻ അവരെ അനുവദിക്കുന്നു.

ദലൈലാമയുടെ ടിബറ്റൻ പ്രവാസി സർക്കാറിന് (Central Tibetan Administration – CTA) ടിബറ്റിനുള്ളിൽ ഭരണപരമായി തീരുമാനങ്ങളെടുക്കാനുള്ള അധികാരം ഇല്ലെങ്കിലും ടിബറ്റിലെ ഭൂരിഭാഗം ജനങ്ങളും, പ്രത്യേകിച്ച് ടിബറ്റൻ ബുദ്ധമത വിശ്വാസികളും, ദലൈലാമയെയാണ് തങ്ങളുടെ ആത്മീയ നേതാവായും ടിബറ്റൻ സ്വത്വത്തിന്റെ പ്രതീകമായും അംഗീകരിക്കുന്നതെന്ന് ദലൈലാമ പക്ഷം അവകാശപ്പെടുന്നു.

അതുകൊണ്ട് തന്നെ പുതിയ ദലൈലാമയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ ചൈന ഇടപെട്ടാൽ ചൈനയുടെ താത്‌പര്യങ്ങൾക്ക് അനുസൃതമായൊരു വ്യക്തിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുമോയെന്ന ഭയം അവർക്കുണ്ട്. ചൈനീസ് താത്പര്യങ്ങൾ അംഗീകരിക്കുന്ന ദലൈലാമയിലൂടെ ടിബറ്റിനെ പൂർണമായി നിയന്ത്രിക്കാൻ ചൈന ശ്രമിക്കുമെന്ന വിമർശനം ധാരാളമായി ഉയരുന്നുമുണ്ട്.

അതേസമയം തായ്‌വാനെപ്പോലെ ടിബറ്റും ചൈനയുടെ അവിഭാജ്യ ഘടകമാണെന്ന് ചൈന ഉറച്ചുവിശ്വസിക്കുന്നു. ടിബറ്റിനെ വിഭജിച്ച് മാറ്റാൻ ശ്രമിക്കുന്ന ഏതൊരു നീക്കത്തെയും ചൈന ദേശീയ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയായി കാണുന്നു. ചൈനയുടെ ഭരണം ടിബറ്റിൽ വലിയ തോതിലുള്ള വികസനം കൊണ്ടുവന്നുവെന്ന് അവർ അവകാശപ്പെടുന്നു. റോഡുകൾ, റെയിൽവേ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ നിർമ്മാണം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

ടിബറ്റിലെ 95 ശതമാനം ജനങ്ങളും ‘മി സെർ’ (Mi ser) എന്നറിയപ്പെടുന്ന അടിമകളോ അർധ-അടിമകളോ ആയിരുന്നുവെന്ന് ചൈന പറയുന്നു. ഇവർക്ക് ഭൂവുടമകളുടെ അനുമതിയില്ലാതെ വിവാഹം കഴിക്കാനോ, യാത്ര ചെയ്യാനോ, കുടുംബത്തിൽ നിന്ന് വേർപിരിയാനോ കഴിഞ്ഞിരുന്നില്ല. ഭൂവുടമകൾക്ക് വേണ്ടി നിർബന്ധിത ജോലി ചെയ്യേണ്ടിവരുകയും കനത്ത നികുതികൾ നൽകുകയും ചെയ്തിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്ന സെർഫുകൾക്ക് കടുത്ത ശിക്ഷകൾ (ചിലപ്പോൾ അവയവങ്ങൾ ഛേദിക്കുന്നത് പോലുള്ളവ) നൽകിയിരുന്നു.

ടിബറ്റിലെ ഭൂരിഭാഗം കൃഷിഭൂമിയും കന്നുകാലികളും ദലൈലാമ ഉൾപ്പെടെയുള്ള കുറച്ച് വലിയ സന്യാസ ആശ്രമങ്ങൾക്കും (monasteries) പ്രഭുക്കന്മാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും സ്വന്തമായിരുന്നു. കർഷകർക്ക് വളരെ കുറച്ച് ഭൂമി മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. 1959ലെ ചൈനീസ് വിമോചനത്തോടെയാണ് ടിബറ്റിലെ ജനങ്ങളെ ഈ ഫ്യൂഡൽ വ്യവസ്ഥയിൽ നിന്ന് മോചിപ്പിച്ചതെന്നും, ജനാധിപത്യപരമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നുവെന്നും ചൈന അവകാശപ്പെടുന്നു.

എന്നാൽ ഫ്രീഡം ഹൗസ് പുറത്തിറക്കിയ ടിബറ്റ്: ഫ്രീഡം ഇൻ ദി വേൾഡ് 2020 കൺട്രി റിപ്പോർട്ട് പറയുന്നത് ബീജിങ് ആസ്ഥാനമായുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സി.സി.പി) ഭരിക്കുന്ന ടിബറ്റിൽ ടിബറ്റൻ വംശജരായ നിവാസികൾക്ക് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നാണ്. ടിബറ്റൻ വംശജരുടെ പ്രതിഷേധം ഭരണകൂടം ശക്തമായി അടിച്ചമർത്തുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

Content Highlight: Tibet, Dalai Lama, Arunachal Pradesh, China The controversies start here

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more