കോഴിക്കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ബി.ജെ.പിക്ക് സഹായകരമാകുമെന്ന പ്രസ്താവന നടത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എസ്.ഡി.പിഐ നേതാവ് തുളസീധരന്‍ പള്ളിക്കല്‍.
എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് തുളസീധരന്‍ പറഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയാവുകയും പിന്നീട് യു.ഡി.എഫിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതെന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തിരുന്നു.
മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് രാഷ്ട്രീയ തന്ത്രമാണെന്ന് ഇപ്പോള്‍ താന്‍ തിരിച്ചറിയുന്നുണ്ടെന്നും ചില പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതോടെയാണ് തനിക്ക് വീഴ്ച സംഭവിച്ചതെന്നും തുളസീധരന്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ട വീഡിയോയില്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ നിലപാടിനെ വിമര്‍ശിച്ച് താന്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ചായിരുന്നു വിമര്‍ശനം ഉന്നയിച്ചത്.
വര്‍ഷങ്ങളായി തൊട്ടുകൂടായ്മ പ്രഖ്യാപിച്ച് മാറ്റി നിര്‍ത്തിയ സംഘടനയുടെ വോട്ട് എല്ലാവര്‍ക്കും വേണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ രംഗത്തെത്തുന്നത് എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ തന്ത്രമാണെന്ന് ഇപ്പോള്‍ താന്‍ തിരിച്ചറിയുന്നു. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടിയിരുന്ന കാര്യങ്ങള്‍ പൊതുമധ്യത്തിലാണ് താന്‍ പറഞ്ഞത്. ചില പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതോടെയാണ് വീഴ്ച സംഭവിച്ചത്.
തന്റെ പ്രസ്താവന കാരണം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കുണ്ടായ വേദനയിലും അപകീര്‍ത്തികരമായ അനുഭവങ്ങളിലും ഖേദം പ്രകടിപ്പിക്കുന്നു. പാര്‍ട്ടി നിലപാടിനൊപ്പമുണ്ടാകും. പതിനേഴ് വര്‍ഷമായുള്ള തന്റെ കഷ്ടപ്പാട് കൂടിയാണ് ഈ പാര്‍ട്ടിയെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.
മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായി കെ.എം. അഷ്‌റഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പിന്നീട് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് പത്രിക പിന്‍വലിക്കുകയും ചെയ്തിരുന്നു. യു.ഡി.എഫുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ആരോപിച്ച് അഷ്‌റഫ് പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ചിരുന്നു.
കഴിഞ്ഞദിവസം നേമം മണ്ഡലത്തിലടക്കം എസ്.ഡി.പി.ഐ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മഞ്ചേശ്വരത്ത് ഏത് മുന്നണിയെ പിന്തുണയ്ക്കണമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ട്ടി തീരുമാനിക്കുമെന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി അറിയിച്ചിരുന്നു.
Content Highlight: It was SDPI’s strategy to field a candidate in Manjeswaram: Thulasidharan Pallikkal expresses regret