താരകുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി മോളിവുഡിലേക്ക് കടന്നുവരികയാണ്. മലയാളികളുടെ സ്വന്തം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന തുടക്കം തിയേറ്ററുകളിലെത്തുകയാണ്. അനൗണ്‍സ്‌മെന്റ് മുതല്‍ തുടക്കത്തിന്റെ ഓരോ അപ്‌ഡേറ്റും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായാണ് ഗ്ലിംപ്‌സ് അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ ടൈംസ് സ്‌ക്വയറിലാണ് തുടക്കത്തിന്റെ ഗ്ലിംപ്‌സ് പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞദിവസം മോഹന്‍ലാല്‍ നേരിട്ടെത്തി ഗ്ലിംപ്‌സ് പ്രദര്‍ശിപ്പിക്കുകയായിരുന്നു.
ടൈംസ് സ്‌ക്വയറിലെ പെലെ സോക്കര്‍ സ്‌റ്റോറിലെ ബില്‍ബോര്‍ഡിലാണ് ഗ്ലിംപ്‌സ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ ഒരു പുതുമുഖ താരത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രൊമോഷനുകളിലൊന്നായി തുടക്കത്തിന്റെ ഗ്ലിംപ്‌സിനെ കണക്കാക്കാം. കഥയെക്കുറിച്ച് യാതൊരു സൂചനയും നല്‍കാത്ത ഗ്ലിംപ്‌സാണ് പുറത്തുവന്നിരിക്കുന്നത്.
വിസ്മയയെ കാണിച്ചുകൊണ്ട് തുടങ്ങുന്ന വീഡിയോയില്‍ ആശിഷ് ജോ ആന്റണിയെയും കാണിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ഹൈപ്പ് ഉയര്‍ത്താനായി മോഹന്‍ലാലിന്റെ ഒരു ഷോട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂഡ് ആന്തണി ജോസഫ് എന്ന ഫാന്‍ബോയ് മോഹന്‍ലാലിനെ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് അറിയാന്‍ ഈയൊരു ഷോട്ട് തന്നെ ധാരാളമാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.
തുടക്കം Photo: Film Food Fascal/ X.com
ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ വേണ്ടി കുറച്ച് ദിവസമായി മോഹന്‍ലാലും കുടുംബവും അമേരിക്കയിലാണ്. ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനലിന് തൊട്ടടുത്തദിവസം മകളുടെ സിനിമയുടെ പ്രൊമോഷന് വേണ്ടി മോഹന്‍ലാല്‍ ഇറങ്ങിയിരിക്കുകയാണ്. തുടക്കത്തിന്റെ ഓരോ അപ്‌ഡേറ്റുകളും പ്രേക്ഷകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷന്‍ നേടാന്‍ സാധ്യതയുള്ള ചിത്രമായാണ് പലരും തുടക്കത്തെ കണക്കാക്കുന്നത്. ആശീര്‍വാദ് സിനിമാസാണ് തുടക്കം നിര്‍മിക്കുന്നത്.
വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ഒരുപാട് സര്‍പ്രൈസുകള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. സായ് കുമാര്‍, ബോബി കുര്യന്‍, മനോജ് കെ. ജയന്‍, ജാഫര്‍ ഇടുക്കി, ചിപ്പി രഞ്ജിത് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം മോഹന്‍ലാലിന്റെ അതിഥിവേഷവും പ്രതീക്ഷ നല്‍കുന്നുണ്ട്. ഓഗസ്റ്റ് ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും. ഓണം റിലീസുകള്‍ക്ക് മുമ്പ് തിയേറ്ററുകളിലെത്തുന്ന തുടക്കം വിസ്മയക്ക് നല്ലൊരു ലോഞ്ച് ആയിരിക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.
Content Highlight: Thudakkam first glimpse launched in Times Square