ഏയ്ഞ്ചൽസ് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖയിലേക്ക് വരുകയും ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിക്കുകയും ചെയ്ത സംഗീത സംവിധായകനാണ് ജേക്സ് ബിജോയ്. ക്വീൻ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ഇഷ്ക്, കൽക്കി, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിൽ അദ്ദേഹം ചെയ്ത ഗാനങ്ങള്‍ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ രണം എന്ന ചിത്രത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള സിന്ത് പോപ്പ് പശ്ചാത്തലത്തിൽ സംഗീതം ഒരുക്കുകയും, പിന്നീട് അയ്യപ്പനും കോശിയും എന്ന സിനിമയിൽ ഗോത്ര വര്‍ഗ പാട്ടുകളും ഒരുക്കി തന്റേതായ ഒരിടം സിനിമ മേഖലയില്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു അദ്ദേഹം.
ജേക്സിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രമാണ് തരുൺ മൂര്‍ത്തിയുടെ മോഹൻലാൽ- മീരാ ജാസ്മിൻ കോംബോയുടെ അതിമനോഹരം. ഇന്നലെയാണ് ചിത്രത്തിലെ ആദ്യ സിംഗിൾ വീഡിയോയായ ‘സുന്ദരരാവണൻ’അണിയറപ്രവർത്തകർ പുറത്തു വിട്ടത്. എം.ജി.ശ്രീകുമാറാണ് ഗാനം ആലപിച്ചത്. കുറഞ്ഞ സമയം കൊണ്ട് തന്നെ ആരാധകർ ഗാനം ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ ജേക്സ് ദി ക്യൂ സ്റ്റുഡിയോക്ക് മുമ്പ് നൽകിയ അഭിമുഖത്തിലെ സിനിമയുമായ് ബന്ധപ്പെട്ട വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാൽ- എം.ജി.ശ്രീകുമാർ കോംബോയിൽ പ്രേക്ഷകർ കാണാഗ്രഹിച്ച പോലെയുള്ള ഗാനം ചെയ്യാൻ തനിക്ക് ആഗ്രമുണ്ടായിരുന്നുവെന്നാണ് അഭിമുഖത്തിൽ ജേക്സ് പറയുന്നത്.
അതിമനോഹരം.Photo. Screen Grab/Youtube.com
‘നമ്മൾ എങ്ങനെയാണ് ഇവരെ കാണാൻ ആഗ്രഹിക്കുന്നത്, നമ്മൾ കേട്ട് വളർന്ന ലാലേട്ടന്റെ പാട്ടുകൾ, പടങ്ങൾ, അല്ലെങ്കിൽ ഇവരുടെ കോംബോയിൽ വന്ന പാട്ടുകൾ, അതിനെ എങ്ങനെ മനോഹരമായിട്ട് റീക്രിയേറ്റ് ചെയ്യാമെന്നാണ് ഞാൻ വിചാരിച്ചത്. കൊറേ നാളായ് ഞാൻ അങ്ങനെ ചെയ്തിട്ടേയില്ലെന്ന് പറയാം,’ജേക്സ് പറഞ്ഞു.
ജേക്സിന്റെ വാക്കുകൾ എത്രമാത്രം അർത്ഥവത്തായിരുന്നു എന്ന് അടിവരയിടുന്നതാണ് ചിത്രത്തിലെ ഗാനത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗാനത്തിന് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞു. ബി.കെ.ഹരിനാരായണനാണ് ഗാനത്തിന്റെ വരികളെഴുതിയത്. തരുൺ മൂർത്തിയുടെ തന്നെ തുടരും എന്ന ചിത്രത്തിന് ശേഷം ജെയ്ക്സ്- എം.ജി ശ്രീകുമാർ ഒന്നിച്ച സിനിമ കൂടിയായിരുന്നു ‘അതിമനോഹരം’.
മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ആക്ഷൻ-കോമഡി-ഡ്രാമ ഴോണറിലുള്ള ചിത്രത്തിൽ ടി.എസ്. ലൗലജൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്. ഒരു വലിയ ഇടവേളക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡിസംബർ 24 ന് ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Through that film, I explored how the Mohanlal-M.G. Sreekumar combination could be beautifully recreated, says Jakes Bejoy.