| Sunday, 20th March 2016, 2:42 pm

വര്‍ഷങ്ങളായി ശമ്പളമില്ല: തൃത്താലയില്‍ അമ്പലമടച്ചിട്ട് പൂജാരിയുടേയും കഴകക്കാരുടേയും സമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: 2012 ഡിസംബര്‍ മുതലുള്ള ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പാലക്കാട് തൃത്താലയില്‍ ക്ഷേത്രപൂജാരിയും ജീവനക്കാരും അമ്പലം അടച്ചിട്ട് സമരം നടത്തുന്നു.

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തൃത്താല യജ്ഞേശ്വരം ക്ഷേത്രമാണ് ഈ അപൂര്‍വമായ സമരത്തിന് വേദിയായത്.

ഭഗവാനെ പൂജിക്കുന്ന അമ്പലമായാലും ശമ്പളം ലഭിച്ചില്ലെങ്കില്‍ കോവില്‍പൂട്ടിയിട്ട് സമരം ചെയ്യൂകയേ നിവൃത്തിയുള്ളൂവെന്ന് പറയുകയാണ് യജ്ഞ്വേശര്വം ക്ഷേത്രത്തിലെ പൂജാരി പ്രമോദ്.

പ്രമോദിനൊപ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്ഷത്രത്തിലെ കഴകക്കാരും കീഴ്ശാന്തിയും രംഗത്തുണ്ട്.

2012 ഡിസംബര്‍ മുതലുള്ള ശമ്പളവും രണ്ടു വര്‍ഷത്തെ ഉത്സവ ബത്തയും ഇവിടുത്തെ പൂജാരിക്കുള്‍പ്പടെ ലഭിക്കാനുണ്ട്. എന്നാല്‍ അടുത്തിടെ ക്ഷേത്രത്തില്‍ നടത്തിയ ഓഡിറ്റില്‍ മാനേജരുടെ ഭാഗത്ത് പിഴവുകള്‍ കണ്ടെത്തിയെന്ന കാരണത്തിലാണ് പൂജാരിയ്ക്കുള്‍പ്പടെയുള്ള ശമ്പളം അധികൃതര്‍ തടഞ്ഞു വെച്ചിട്ടുള്ളത്.

ഭഗവാന്റെ കാര്യമല്ലേയെന്ന് കരുതിയാണ് ഇത്രയും കാലം ശമ്പളമില്ലാതിരുന്നിട്ടും ജോലി ചെയ്തതെന്നും ഇനി അത് പറ്റില്ലെന്നും അതുകൊണ്ടാണ് അമ്പലം അടച്ചിട്ട് സമരം ചെയ്യാന്‍ തീരുമാനിച്ചതെന്നും പൂജാരി പറയുന്നു.

ശമ്പളം ലഭിച്ചില്ലെന്ന് മാത്രമല്ല തങ്ങള്‍ക്കെതിരെ മറ്റൊരു നടപടി കൂടി ദേവസ്വംബോര്‍ഡ് എടുത്തിട്ടുണ്ടെന്നാണ് പ്രമോദ് പറയുന്നത്.

അമ്പലത്തില്‍ നിത്യേന രണ്ട് പൂജ നടക്കാറുണ്ടെന്ന കരുതിയാണ് ഇത്രയും കാലം ശമ്പളം തന്നതെന്നും അതുകൊണ്ട് മുന്‍പ് കിട്ടിയ ശമ്പളത്തിന്റെ പകുതി തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് തങ്ങള്‍ക്ക് കത്തയച്ചിരിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

തുച്ഛമായ ശമ്പളമാണ് ഇത്രയും കാലം ലഭിച്ചതെന്നും അതിന്റെ പകുതി തിരിച്ചടയ്ക്കണമെന്ന് കൂടി പറഞ്ഞാല്‍ തങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നും ഇദ്ദേഹം ചോദിക്കുന്നു. ഈ സാഹചര്യത്തിലാണ് അമ്പലംപൂട്ടി സമരം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് പ്രമോദ് വ്യക്തമാക്കുന്നത്.

We use cookies to give you the best possible experience. Learn more