കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ കിരീടമുയര്‍ത്തി തൃശൂര്‍ ടൈറ്റന്‍സ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ മൂന്ന് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് തൃശൂരിന്റെ കിരീടനേട്ടം. തൃശ്ശൂരിന്റെ ആദ്യ കിരീട നേട്ടമാണിത്.
ഫൈനലില്‍ ടോസ് നേടിയ കാലിക്കറ്റ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സ് മൂന്ന് പന്തുകളും മൂന്ന് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു.
അഹമ്മദ് ഇമ്രാന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് ടൈറ്റന്‍സ് വിജയിച്ചുകയറിയത്. 49 പന്തുകളില്‍ നിന്നും 69 റണ്‍സ് നേടിയാണ് ഇമ്രാന്‍ തിളങ്ങിയത്. ഏഴ് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 29 റണ്‍സ് നേടി സഞ്ജീവ് സതീശനും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.
ബൗളിങ്ങില്‍ തൃശൂരിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് അബ്ദുല്‍ റമീസാണ്. മൂന്ന് വിക്കറ്റുകളാണ് റമീസ് വീഴ്ത്തിയത്. ആനന്ദ് ജോസഫ്, ശരത് പ്രസാദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ബിജു നാരായണന്‍, അഖില്‍ എം.എസ് എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.
ബാറ്റിങ്ങില്‍ 34 പന്തില്‍ നിന്നും 45 റണ്‍സ് നേടിയ അഖില്‍ സ്‌കറിയ കാലികാറ്റിന്റെ ടോപ് സ്‌കോററായി. മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരം നേടിയത്.
26 പന്തുകളില്‍ നിന്നും രണ്ട് ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം 40 റണ്‍സ് അശ്വിന്‍ ആനന്ദും 21 റണ്‍സ് നേടി ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലും തിളങ്ങി.
സല്‍മാന്‍ നിസാര്‍, അബ്ദുല്‍ ബാസിത് തുടങ്ങിയവര്‍ക്ക് തിളങ്ങാന്‍ സാധിക്കാതെ പോയതും വലിയ ടോട്ടല്‍ ഉയര്‍ത്തുന്നതില്‍ ഗ്‌ളോബ്സ്റ്റാര്‍സിന് തിരിച്ചടിയായി.
കാലിക്കറ്റ് ബൗളിങ്ങില്‍ ജോസ് പാറയില്‍, അഖിന്‍ സത്താര്‍, ഇബ്‌നുല്‍ അഫ്താബ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും അഖില്‍ സ്‌കറിയ ഒരു വിക്കറ്റും കൈപ്പിടിയിലാക്കി.
ആലപ്പി റിപ്പിള്‍സ് താരം മുഹമ്മദ് അസറുദ്ദീനാണ് ടൂര്‍ണമെന്റിലെ താരം. ഈ സീസണില്‍ 596 റണ്‍സാണ് അസറുദ്ദീന്റെ ബാറ്റില്‍ നിന്നും പിറന്നത്. മൂന്ന് സെഞ്ച്വറികളും താരം നേടിയിരുന്നു.
ട്രിവാന്‍ഡ്രം റോയല്‍സ് താരം എം. നിഖിലാണ് മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടത്. 18 വിക്കറ്റുകള്‍ നേടിയാണ് നിഖില്‍ കരുത്തുകാട്ടിയത്.
പ്രോമിസിങ് യങ്സ്റ്റാറിനുള്ള പുരസ്‌കാരം മുഹമ്മദ് ഇനാനാണ് സ്വന്തമാക്കിയത്. ഫെയര്‍പ്ലേ പുരസ്‌കാരം ഏരീസ് കൊല്ലം സെയിലേഴ്‌സും കൈപ്പിടിയിലാക്കി.
Content Highlight: Thrissur Titans defeat Calicut Globestars to become champions of the third season of the Kerala Cricket League