| Friday, 12th September 2025, 3:22 pm

എ.സി മൊയ്തീന്‍ മുതലാളി; കപ്പലണ്ടി വിറ്റുനടന്ന കണ്ണന്‍ കോടിപതി: ഡി.വൈ.എഫ്.ഐ നേതാവ്; മണ്ണുത്തി ഏരിയ കമ്മിറ്റിയില്‍ പുറത്താക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരിലെ സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനമെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത്പ്രസാദ്. മുന്‍മന്ത്രിയായ എ.സി. മൊയ്തീന്‍, മുതിര്‍ന്ന സി.പി.ഐ.എം നേതാവായ എം.കെ. കണ്ണന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വര്‍ഗീസ് കണ്ടംകുളത്തി, പുതുക്കാട് എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ക്കെിരെയാണ് ശരത്പ്രസാദിന്റെ ആരോപണങ്ങള്‍.

ഡി.വൈ.എഫ്.ഐ കമ്മിറ്റി അംഗവും സുഹൃത്തുമായ നിബിന്‍ ശ്രീനിവാസനോട് സംസാരിക്കുന്ന വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ശരത്ചന്ദ്രന്റെ ശബ്ദരേഖയാണ് പുറത്തെത്തിയത്.

കപ്പലണ്ടി വിറ്റുനടന്ന എം.കെ. കണ്ണന്‍ ഇന്ന് കോടിപതിയാണെന്നും ടോപ് ക്ലാസ് ആളുകളുമായാണ് എ.സി. മൊയ്തീന്റെ ഇടപാടുകളെന്നും ശരത്പ്രസാദ് പറയുന്നതാണ് ശബ്ദസന്ദേശത്തിലുള്ളത്.

സി.പി.ഐ.എം ജില്ലാനേതൃത്തിലെ ആര്‍ക്കും സാമ്പത്തികമായി ഒരു പ്രശ്‌നവുമില്ലെന്നും ഒരുഘട്ടം കഴിഞ്ഞാല്‍ നേതാക്കളുടെ നിലവാരം മാറുകയാണെനന്നും ശരത്ചന്ദ്രന്‍ പറയുന്നു. വന്‍തോതിലുള്ള പിരിവാണ് പാര്‍ട്ടിയില്‍ നടക്കുന്നത്.

ഡി.വൈ.എഫ്.ഐ നേതാവ് പിരിക്കുമ്പോള്‍ പണം കുറച്ചേ ലഭിക്കൂവെന്നും എന്നാല്‍, സി.പി.ഐ.എം നേതൃത്വം പിരിക്കുമ്പോള്‍ ലക്ഷങ്ങളാണെന്നും ശരത്പ്രസാദ് ആരോപിക്കുന്നുണ്ട്.

അതേസമയം, ഈ ശബ്ദരേഖ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണെന്ന് സി.പി.ഐ.എം തൃശൂര്‍ ജില്ലാസെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ശബ്ദരേഖയിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നേതാക്കളുടെ ജീവിതം സുതാര്യമാണെന്നും അബ്ദുള്‍ ഖാദര്‍ പ്രതികരിച്ചു. സംഭവത്തില്‍ ശരത് പ്രസാദിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു.

ശരത് പ്രസാദിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം.കെ. കണ്ണന്‍ രംഗത്തെത്തി. താന്‍ സമ്പാദിച്ചെന്ന് പറയുന്ന കോടികള്‍ ഏത് ബാങ്കിലാണ് നിക്ഷേപിച്ചതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നൂറ് രൂപയില്‍ കൂടുതല്‍ ഒരു അക്കൗണ്ടില്‍ നിന്നും കണ്ടെത്താനാകില്ലെന്നും ഇ.ഡി അകന്ന ബന്ധുക്കളുടെയടക്കം അക്കൗണ്ടുകള്‍ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മണ്ണുത്തി ഏരിയ കമ്മിറ്റിയിലെ അസ്വാരസ്യങ്ങളാണ് ഇപ്പോള്‍ ശബ്ദസന്ദേശം പുറത്തെത്താന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ശബ്ദസന്ദേശം വിവാദമായതിന് പിന്നാലെ ഡി.വൈ.എഫ്.ഐ ജില്ലാനേതാവ് നിബിന്‍ ശ്രീനിവാസനെ സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കി. നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു നിബിന്‍ ശ്രീനിവാസന്‍.

Content Highlight:  Thrissur DYFI leader Sarath Chandran  against AC Moideen  and MK Kannan

We use cookies to give you the best possible experience. Learn more