| Thursday, 22nd May 2025, 6:35 am

മൂന്നുവയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നുവയസുകാരി പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുന്നതിന് മുമ്പ് കുട്ടി ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ മുറിവുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുത്തന്‍കുരിശ് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഇയാള്‍ക്കെതിരെ പോക്സോ, ബാലനീതി വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചനയെ തുടര്‍ന്ന് നടത്തിയ രഹസ്യമായ അന്വേഷണത്തിനൊടുവിലാണ് പൊലീസിന്റെ നടപടി.

പ്രതിയെ ഇന്ന് (വ്യാഴം) കോടതിയില്‍ ഹാജരാക്കും. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ഉദ്യോഗസ്ഥ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സൈബര്‍ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. മെയ് 19നാണ് മൂന്നുവയസുകാരിയെ കാണാതായെന്ന പരാതി ഉയരുന്നത്.

ആദ്യഘട്ടത്തില്‍ കുട്ടിയുടെ അമ്മ സന്ധ്യ നല്‍കിയ മൊഴിയനുസരിച്ച് ബസില്‍ നിന്ന് കുട്ടിയെ കാണാതായെന്നായിരുന്നു വിവരം. പിന്നീട് മൂഴിക്കുളം പാലത്തിനടുത്ത് മകളെ ഉപേക്ഷിച്ചതായി സിന്ധു മൊഴി നല്‍കുകയായിരുന്നു.

പിന്നാലെ പൊലീസും സ്‌കൂബ ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍, മെയ് 20ന് രണ്ടരയോടെ മൂഴിക്കുളം പാലത്തിന്റെ പരിസരത്തെ മണലില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവും വീട്ടുകാരും കൂടുതല്‍ സ്‌നേഹിച്ചാല്‍ അവരുടെ കണ്ണീര്‍ കാണുന്നതിനായാണ് കുട്ടിയെ പുഴയിലെറിഞ്ഞതെന്നാണ് സന്ധ്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

സന്ധ്യ നിലവില്‍ കാക്കനാട് വനിതാ സബ് ജയിലിലാണ്. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സന്ധ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിടുകയായിരുന്നു. എറണാകുളം ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സന്ധ്യയെ കോടതിയില്‍ ഹാജരാക്കിയത്.

കുട്ടിയെ കാണാതായതിന് പിന്നാലെ അമ്മയ്ക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരുടെ വിദഗ്ധ ഉപദേശം ലഭിച്ചതിനുശേഷം പ്രതിയുടെ മാനസികനില പരിശോധിക്കുമെന്ന് റൂറല്‍ എസ്.പി എം. ഹേമലത മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Content Highlight: Three-year-old girl death in Ernakulam; Postmortem report says child was abused

We use cookies to give you the best possible experience. Learn more