കളപ്പാറ: മലപ്പുറത്ത് മാലിന്യ സംസ്‌കരണ യൂണിറ്റില്‍ കുടുങ്ങി മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. കളപ്പാറയിലാണ് സംഭവം. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്.
രണ്ട് ബീഹാര്‍ സ്വദേശികളും ഒരു അസം സ്വദേശിയുമാണ് മരിച്ചത്. ബീഹാര്‍ സ്വദേശികളായ ബികാസ് കുമാര്‍, ഹിതേഷ് ശരണ്യ, അസം സ്വദേശി സമദലി എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ കളപ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന മാലിന്യ സംസ്‌കരണ ടാങ്കിലാണ് അപകടമുണ്ടായത്. അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കോഴി അറവുമാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന പ്ലാന്റ് കൂടിയായിരുന്നു ഇത്.
കെമിക്കല്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ടാങ്ക് വൃത്തിയാകുന്നതിനിടെയാണ് തൊഴിലാളികള്‍ മരിച്ചത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശ്വാസതടസം മൂലമാണ് മരണം. ടാങ്കിലിറങ്ങിയ തൊഴിലാളികള്‍ ബോധരഹിതരായതിന് പിന്നാലെ മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം.
എന്നാല്‍ ഈ മേഖലയില്‍ ഒരു മാലിന്യ സംസ്‌കരണ ഫാക്ടറി പ്രവര്‍ത്തിക്കുന്നതായി പ്രാദേശികവാസികള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് നാട്ടുകാരെ ഉദ്ധരിച്ച് ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ തൊഴിലാളികളുടെ മരണത്തില്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അരീക്കോട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മാലിന്യ സംസ്‌കരണ പ്ലാന്റില്‍ സുരക്ഷാ സംവിധാനങ്ങളും മുന്‍കരുതലുകളും ഏര്‍പ്പെടുത്തിരുന്നോ എന്നതിലുള്‍പ്പെടെ പൊലീസ് പരിശോധനയുണ്ടാകും.
Content Highlight: Three workers died while cleaning a garbage tank in Kalappara