| Friday, 8th August 2025, 8:13 pm

സഞ്ജുവിന് പകരക്കാരന്‍ ആര്? 2026ലെ സാധ്യതകളിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2026ന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള താത്പര്യമറിയിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. തന്നെ റിലീസ് ചെയ്യുകയോ ട്രേഡ് വിന്‍ഡോയിലൂടെ കൈമാറ്റം ചെയ്യുകയോ വേണമെന്ന് സഞ്ജു ടീമിനെ അറിയിച്ചതായി താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രാജസ്ഥാന്‍ റിലീസ് ചെയ്യുകയാണെങ്കില് താരം 2026 മിനി ലേലത്തിന്റെ ഭാഗമാകും.

ട്രേഡ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്സാണ് സഞ്ജുവിനെ ലക്ഷ്യം വെക്കുന്ന പ്രധാന ടീം. നേരത്തെ തന്നെ ടീം സഞ്ജുവിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ഇപ്പോള്‍ ട്രേഡ് വിന്‍ഡോയിലൂടെ മലയാളി വിക്കറ്റ് കീപ്പറെ സ്വന്തമാക്കുകയാണ് സൂപ്പര്‍ കിങ്സിന്റെ ലക്ഷ്യം.

സഞ്ജുവില്ലെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കുക ആരായിരിക്കും എന്ന ചോദ്യവും ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവുമധികം മത്സരങ്ങളില്‍ നയിച്ച, ഏറ്റവുമധികം വിജയങ്ങളിലേക്ക് നയിച്ച സഞ്ജുവിന് പകരക്കാരാകാന്‍ മൂന്ന് താരങ്ങളെ നിലവിലെ രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡില്‍ നിന്നുതന്നെ കണ്ടെത്താന്‍ ടീമിന് സാധിക്കും.

ഈ താരങ്ങളെ പരിശോധിക്കാം,

റിയാന്‍ പരാഗ്

2026 ഐ.പി.എല്ലില്‍ സഞ്ജു സാംസണ്‍ ടീമനൊപ്പമില്ലെങ്കില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍സിയേല്‍പ്പിക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത് റിയാന്‍ പരാഗിന് തന്നെയാണ്. ഐ.പി.എല്‍ 2025ല്‍ സഞ്ജു സാംസണ് പരിക്കേറ്റ സാഹചര്യത്തില്‍ റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്.

എന്നാല്‍ ക്യാപ്റ്റന്റെ റോളില്‍ താരത്തിന് അത്ര കണ്ട് തിളങ്ങാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ എട്ട് മത്സരത്തില്‍ രാജസ്ഥാനെ നയിച്ച താരത്തിന് രണ്ട് മത്സരത്തില്‍ മാത്രമാണ് വിജയം സ്വന്തമാക്കാന്‍ സാധിച്ചത്. ക്യാപ്റ്റന്‍സി റെക്കോഡ് മോശമാണെങ്കിലും ലീഡര്‍ഷിപ്പ് സ്‌കില്ലിന്റെ പേരില്‍ താരത്തിന് കയ്യടി ലഭിച്ചിരുന്നു.

യശസ്വി ജെയ്‌സ്വാള്‍

ജനറേഷണല്‍ ടാലന്റ് എന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന യശസ്വി ജെയ്‌സ്വാളാണ് രാജസ്ഥാന് ക്യാപ്റ്റന്റെ റോളില്‍ പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം. റിയാന്‍ പരാഗിനെ പോലെ ഏറെ നാളുകളായി ടീമിന്റെ ഭാഗമാണ് എന്നതിനാല്‍ തന്നെ രാജസ്ഥാന്റെ അന്തരീക്ഷവുമായി യോജിച്ചുപോകാനും ജെയ്‌സ്വാളിനാകും.

ക്യാപ്റ്റന്റെ റോളില്‍ ഇതുവരെ ഒറ്റ മത്സരത്തില്‍ പോലും ജെയ്‌സ്വാള്‍ കളത്തിലിറങ്ങിയിട്ടില്ലെങ്കിലും സഞ്ജു യുഗത്തിന് ശേഷം രാജസ്ഥാനെ ഒന്നിച്ചുകൊണ്ടുപോകാന്‍ താരത്തിന് തീര്‍ച്ചയായും സാധിക്കും.

നിതീഷ് റാണ

റിയാന്‍ പരാഗ്, യശസ്വി ജെയ്‌സ്വാള്‍ എന്നിവരേക്കാള്‍ പരിചയസമ്പന്നനായ താരമാണ് നിതീഷ് റാണ. കഴിഞ്ഞ മെഗാ താരലേലത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം നിതീഷ് റാണയെ രാജസ്ഥാന്‍ സ്വന്തമാക്കിയത്.

ശ്രേയസ് അയ്യരിന്റെ അഭാവത്തില്‍ ഒരു സീസണില്‍ താരം കെ.കെ.ആറിനെ നയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ആഭ്യന്തര തലത്തില്‍ ദല്‍ഹിയെയും താരം നയിച്ചിട്ടുണ്ട്.

മികച്ച ഗെയിം അവേര്‍നെസ്സ് കൈമുതലാക്കിയ നിതീഷ് റാണയെ ക്യാപ്റ്റന്‍സി മെറ്റീരിയലായി പരിഗണിക്കാന്‍ രാജസ്ഥാന് എന്തുകൊണ്ടും സാധിക്കും.

Content Highlight: Three players who could captain Rajasthan Royals next season if Sanju is not there

We use cookies to give you the best possible experience. Learn more