| Sunday, 13th July 2025, 8:51 pm

24 മണിക്കൂറിനിടെ പാട്‌നയില്‍ മൂന്ന് പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഇരുട്ടില്‍ തപ്പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാറിലെ പാട്‌നയില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു. 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ നടന്ന മൂന്നാമത്തെ കൊലപാതകമാണിത്. ചായ കുടിച്ച് മടങ്ങുന്നതിനിടെ അഭിഭാഷകനായ ജിതേന്ദ്ര കുമാര്‍ മഹ്‌തോയ്ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തതായി പാട്ന ഈസ്റ്റ് എസ്.പി പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് മൂന്ന് ബുള്ളറ്റ് ഷെല്ലുകള്‍ പൊലീസ് കണ്ടെടുത്തതായും അക്രമികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥലത്ത് ഫോറന്‍സിക് പരിശോധനയും നടന്നുവരികയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പാട്നയില്‍ നടന്ന മൂന്നാമത്തെയും ബീഹാറില്‍ നടന്ന നാലാമത്തെയും കൊലപാതകമാണിത്. നേരത്തെ ഒരു റൂറല്‍ ഹെല്‍ത്ത് ഓഫീസറും കച്ചവടക്കാരനും സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്ക് നേരെയും അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച ബിഹ്ത-സര്‍മേര സംസ്ഥാന പാതയില്‍ ഷെയ്ഖ്പുര ഗ്രാമത്തിലെ സുരേന്ദ്ര കുമാര്‍ എന്നയാളെ അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ വെച്ച് ബൈക്കിലെത്തിയ അക്രമികള്‍ വെടിവെച്ച് കൊന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക ബി.ജെ.പി നേതാവുകൂടിയായ സുരേന്ദ്ര കുമാറിനെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശനിയാഴ്ച ബീഹാറിലെ സീതാമര്‍ഹിയില്‍ കച്ചവടക്കാരനായ പുട്ടു ഖാന്‍ എന്ന വ്യക്തിയെ തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

ജൂലൈ നാലിന് തന്റെ വസതിക്ക് പുറത്ത് വെച്ച് വെടിയേറ്റ് മരിച്ച ബിസിനസുകാരനും ബി.ജെ.പി പ്രവര്‍ത്തകനുമായ ഗോപാല്‍ ഖേംകയുടെ കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുന്‍മ്പാണ് നഗരത്തെ നടുക്കുന്ന കൊലപാതക പരമ്പര അരങ്ങേറുന്നത്. പ്രതികളെ ഇതുവരെയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

Content Highlight: Three people shot dead in Patna in 24 hours

We use cookies to give you the best possible experience. Learn more