| Wednesday, 8th October 2025, 3:58 pm

മൂന്ന് വര്‍ഷമായി തമിഴില്‍ അഭിനയിക്കുന്നു, ഒടുവില്‍ എല്ലാ സിനിമയും ഒരുമിച്ച് റിലീസ്, ചര്‍ച്ചയായി കൃതി ഷെട്ടിയുടെ വെറൈറ്റി അരങ്ങേറ്റം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയില്‍ നിലവില്‍ സെന്‍സേഷനായി മാറിയ നടിയാണ് കൃതി ഷെട്ടി. തെലുങ്ക് ചിത്രം ഉപ്പെനായിലൂടെയാണ് കൃതി സിനിമാലോകത്തേക്ക് അരങ്ങേറിയത്. ആദ്യചിത്രത്തിലെ പ്രകടനത്തിലൂടെ കൃതി ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞവര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായ എ.ആര്‍.എമ്മിലൂടെ മലയാളത്തിലും കൃതി അരങ്ങേറി.

മലയാളത്തില്‍ ആദ്യ സിനിമ ചെയ്യുന്നതിന് മുമ്പ് കൃതി തമിഴില്‍ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് വൈകുകയായിരുന്നു. ഒന്നിന് പിറകെ ഒന്നായി മൂന്ന് തമിഴ് സിനിമകളില്‍ കൃതി അഭിനയിച്ചെങ്കിലും എല്ലാ ചിത്രങ്ങളുടെയും ഷൂട്ട് വൈകുകയായിരുന്നു. ഇപ്പോഴിതാ തമിഴിലെ അരങ്ങേറ്റ സിനിമയടക്കം മൂന്നും ഒരുമിച്ച് റിലീസിന് തയാറെടുക്കുകയാണ്.

2023ല്‍ തമിഴിലേക്കെത്തിയ കൃതിയുടെ ആദ്യ ചിത്രമായിരുന്നു ലവ് ഇന്‍ഷുറന്‍സ് കമ്പനി. പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത ചിത്രം 2024ല്‍ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ട് നീണ്ടുപോവുകയായിരുന്നു. 2025 ഏപ്രിലില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും വീണ്ടും മാറ്റിവെക്കപ്പെട്ടു.

ദീപാവലിക്ക് പുറത്തിറക്കുമെന്ന് പിന്നീട് അറിയിച്ചെങ്കിലും പ്രദീപിന്റെ ഡ്യൂഡ് അതേദിവസം റിലീസ് ചെയ്യുന്നതിനാല്‍ വീണ്ടും റിലീസ് മാറ്റിവെക്കുകയായിരുന്നു. ഒടുവില്‍ ചിത്രം ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് നായകനായ പ്രദീപ് രംഗനാഥന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അനിരുദ്ധ് ഈണമിട്ട ‘ധീമാ ധീമാ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയിരുന്നു.

എന്നാല്‍ ലവ് ഇന്‍ഷുറന്‍സ് കമ്പനിക്കൊപ്പം കൃതിയുടെ മറ്റ് രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം. കാര്‍ത്തിയെ നായകനാക്കി നളന്‍ കുമാരസ്വാമി സംവിധാനം ചെയ്യുന്ന വാ വാത്തിയാര്‍ ഡിസംബര്‍ അഞ്ചിന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങേണ്ട ചിത്രമാണ് ഡിസംബറിലേക്ക് മാറ്റിയത്.

രവിമോഹന്‍ നായകനായെത്തുന്ന ജീനിയും ഡിസംബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്യാണി പ്രിയദര്‍ശനും കൃതി ഷെട്ടിയുമാണ് ചിത്രത്തിലെ നായികമാര്‍. ഫാന്റസി ഴോണറിലൊരുങ്ങുന്ന ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ബോക്‌സ് ഓഫീസില്‍ കൃതി vs കൃതി ക്ലാഷിന് വഴിയൊരുങ്ങുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

Content Highlight: Three movie of Krithi Shetty including her Tamil debut releasing in same month

We use cookies to give you the best possible experience. Learn more