പാലക്കാട്: ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിന്റെ പരിസരത്ത് നിന്ന് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. വ്യാസ വിദ്യാ പീഠം മാനേജ്‌മെന്റിന്റെ വടക്കന്തറ ദേവി വിദ്യാനികേതന്‍ പ്രൈമറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം (ബുധന്‍) വൈകിട്ട് നാലരയോടെയാണ് സംഭവം.
സ്‌കൂള്‍ പരിസരത്ത് കളിക്കാനെത്തിയ പത്ത് വയസുകാരന്‍ നാരായണ്‍, അയല്‍വാസികളായ ലീലാമ്മ, ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സമീപ വാസികളായ കുട്ടി കള്‍ കളിക്കാനായി സ്‌കൂള്‍ വളപ്പിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.
സംഭവത്തെ തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി സ്‌ഫോടകവസ്തുക്കള്‍ മാറ്റി. നൂല് ചുറ്റിയ തോട്ട രൂപത്തിലുള്ള നാല് സ്‌ഫോടകവസ്തുക്കളാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളായതിനാല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
സ്‌ഫോടകവസ്തു സ്‌കൂള്‍ പരിസരത്ത് എങ്ങനെയെത്തി തുടങ്ങിയ വിശദമായ അന്വേഷണം വേണമെന്നാണ് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടത്. സ്‌കൂള്‍ മാനേജ്‌മെന്റിനെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും സംഘടന പറഞ്ഞു.
നാരായണ്‍ പന്തിന്റെ രൂപത്തിലുള്ള സ്‌ഫോടകവസ്തു കൈയിലെടുത്തശേഷം കുത്തിപ്പൊട്ടി ക്കാന്‍ ശ്രമിച്ചപ്പോള്‍ സമീപമുണ്ടായിരുന്ന അയല്‍വാസി അപകടം മനസിലാക്കി അത് വലിച്ചെറിയാന്‍ പറഞ്ഞു. എറിഞ്ഞപ്പോള്‍ ഉഗ്രശബ്ദത്തോടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തില്‍ കാലിന് പരിക്കേറ്റ നാരായണിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ടുപേര്‍ക്കും നിസാരപരിക്കാണുള്ളത്. പ്രദേശം ആര്‍.എസ്.എസിന്റെ ശക്തികേന്ദ്രമാണ്. സ്‌കൂള്‍ പരിസരത്ത് സ്‌ഫോടകവസ്തു എങ്ങനെയെത്തിയെന്നത് വ്യക്തതയില്ല.
Content Highlight: Three injured in explosive blast near RSS-controlled school