| Thursday, 11th June 2026, 7:49 am

ഒമാന്‍ തീരത്തെ കപ്പലാക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാരെ കാണാതായ സംഭവം; യു.എസ് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ

നിഷാന. വി.വി

ന്യൂദല്‍ഹി: ഒമാന്‍ തീരത്ത് ഇന്ത്യന്‍ ജീവനക്കാരുള്ള കപ്പലിന് നേരെ നടന്ന യു.എസ് ആക്രമണത്തില്‍ കടുത്ത പ്രതിഷേധമറിയിച്ച് ഇന്ത്യ. യു.എസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി നാഗരാജ് നായിഡു യു.എസ് ചാര്‍ജ് ഡി അഫേഴ്‌സ് ജേസണ്‍ മിക്‌സിനെ വിളിച്ച് വരുത്തി പ്രതിഷേധമറിയിച്ചതായാണ് റിപ്പോര്‍ട്ട്. കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിക്കുകയും ഈ മേഖലയില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ഉപേക്ഷിക്കണമെന്നും ഇന്ത്യ അമേരിക്കയെ അറിയിച്ചു.

മേഖലയില്‍ കപ്പല്‍ ഗതാഗതത്തിന് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണെന്നും ഇന്ത്യ പറഞ്ഞു. എന്നാല്‍ ഈ നയതന്ത്ര ഇടപെടലിനെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

സെറ്റബെല്ലോ എന്ന കപ്പലിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. 24 ഇന്ത്യക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും ബാക്കി മൂന്ന് പേരെ കണ്ടെത്താനായിട്ടില്ല.

ജൂണ്‍ 9ന് രാത്രി പതിനൊന്നരയോടെയായിരുന്നു കപ്പലിന് നേരെയുള്ള ആക്രമണം. ഇറാനെതിരായ പ്രതിരോധത്തിന്റെ ഭാഗമായാണ് കപ്പല്‍ ആക്രമിച്ചതെന്നായിരുന്നു യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ വിശദീകരണം.

കാണാതായ ഇന്ത്യക്കാര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.
ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തിരിച്ചിലും രക്ഷാ പ്രവര്‍ത്തനവും നടന്നുകൊണ്ടിരിക്കുന്നു. ഇക്കാര്യത്തില്‍ ഒമാന്‍ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്’ വിദേശ കാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് റണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചിരുന്നു.

Content Highlight: Three Indians missing in ship attack off Oman coast; India summons US official to protest

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more