വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ദിനം അവസാനിച്ചിരിക്കുകയാണ്. നിലവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 162 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. ഇതോടെ 286 റണ്‍സിന്റെ ലീഡും ഇന്ത്യനേടി.
ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് ഓപ്പണര്‍ കെ.എല്‍. രാഹുലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലും രവീന്ദ്ര ജഡേജയുമാണ്. മൂവരും സെഞ്ച്വറി നേടിയാണ് ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയത്. രാഹുല്‍ 197 പന്തില്‍ 12 ഫോര്‍ ഉള്‍പ്പെടെ 100 റണ്‍സിനായിരുന്നു പുറത്തായത്. ജോമല്‍ വാരിക്കനാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. ഇതോടെ ടെസ്റ്റില്‍ തന്റെ 10ാം സെഞ്ചറിയും രേഖപ്പെടുത്താന്‍ താരത്തിന് സാധിച്ചിരുന്നു.
അഞ്ചാമനായി ഇറങ്ങിയ ജുറേല്‍ ഏവരേയും അമ്പരപ്പിച്ചുകൊണ്ടാണ് തന്റെ ക്ലാസിക് പ്രകടനം പുറത്തെടുത്തത്. 210 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 15 ഫോറും ഉള്‍പ്പെടെ 125 റണ്‍സിനാണ് കൂടാരം കയറിയത്. ഖാരി പിയറിക്കാണ് താരത്തിന്റെ വിക്കറ്റ്. പുറത്തായെങ്കിലും തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ച്വറി രേഖപ്പെടുത്താനും ജുറേലിന് സാധിച്ചു.
ആറാമനായി ഇറങ്ങിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ 176 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 104 റണ്‍സാണ് നിലവില്‍ നേടിയത്. പുറത്താകാതെയാണ് താരം ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത്.
മൂന്ന് ഇന്ത്യന്‍ താരങ്ങളുടെയും സെഞ്ച്വറി കരുത്തിലാണ് മത്സരത്തിന്റെ രണ്ടാം ദിനം വിന്‍ഡീസിനെതിരെ ഇന്ത്യ മികച്ച സ്‌കോറില്‍ എത്തിയതും. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ജഡ്ഡുവും ഒമ്പത് റണ്‍സ് നേടയ വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസിലുള്ളത്.
നിലവില്‍ വിന്‍ഡീസിനായി റോസ്ട്ടണ്‍ ചെയ്‌സ് രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജെയ്ഡന്‍ സീല്‍സും വാരിക്കനും ഖാരി പിയറിയും ഓരോ വിക്കറ്റുകളും നേടി.
അതേസമയം 48 പന്തില്‍ 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. താരത്തിന് പുറമെ ഷായ് ഹോപ്പും ( 36 പന്തില്‍ 26) ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്സും (43 പന്തില്‍ 24) ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും ബൗളിങ്ങില്‍ മികവ് കാട്ടി. സിറാജ് നാല് വിക്കറ്റും ബുംറ മൂന്ന് വിക്കറ്റും സ്വന്തമാക്കി. കൂടാതെ, കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.
Content Highlight: Three India Players Achieve Century Against West Indies In Test