| Sunday, 15th February 2026, 1:39 pm

ആറ് സിനിമകള്‍ ഓണത്തിന് റിലീസ് ചെയ്ത് മമ്മൂട്ടി, 40 വര്‍ഷത്തിന് ശേഷം അതേ രീതിയുമായി മോഹന്‍ലാല്‍, ആവേശത്തില്‍ ആരാധകര്‍

അമര്‍നാഥ് എം.

ഒരു വര്‍ഷം 30ലധികം സിനിമകള്‍ ചെയ്തിരുന്ന കാലം മമ്മൂട്ടിക്കും മോഹന്‍ലാലിനുമുണ്ടായിരുന്നു. 1986ല്‍ മമ്മൂട്ടി 36 സിനിമകള്‍ ചെയ്തപ്പോള്‍ അതേ വര്‍ഷം 32 സിനിമകളാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയത്. ആ വര്‍ഷം ഓണത്തിന് മമ്മൂട്ടിയുടെ ആറ് സിനിമകളാണ് റിലീസ് ചെയ്തത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ഈ കൗതുകം മോഹന്‍ലാലിന്റെ കാര്യത്തില്‍ ആവര്‍ത്തിക്കുകയാണ്.

40 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ഓണം സീസണില്‍ മോഹന്‍ലാല്‍ ഭാഗമാകുന്ന മൂന്ന് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ പോവുകയാണ്. മൂന്ന് സിനിമകളിലും മോഹന്‍ലാല്‍ അതിഥിവേഷമാണ് കൈകാര്യം ചെയ്യുന്നതെന്നാണ് ഇതിലെ മറ്റൊരു പ്രത്യേകത. പൃഥ്വിരാജ് നായകനാകുന്ന ഖലീഫ, മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന തുടക്കം, തമിഴ് ചിത്രം ജയിലര്‍ 2 എന്നിവ ഈ വര്‍ഷം ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തും.

ഓഗസ്റ്റ് 15ന് ജയിലര്‍ 2 തിയേറ്ററുകളിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ആദ്യഭാഗത്തിലെ മാത്യൂസ് എന്ന കഥാപാത്രം രണ്ടാം ഭാഗത്തിലും ഗംഭീര പ്രകടനം തന്നെ കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. രജിനി- മോഹന്‍ലാല്‍- ശിവ രാജ്കുമാര്‍ എന്നിവര്‍ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമാണ്.

ജയിലര്‍ 2 റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് ഓണം റിലീസുകള്‍ തിയേറ്ററുകളിലെത്തുക. പൃഥ്വിരാജ് നായകനായ ഖലീഫയില്‍ ശക്തമായ വേഷമാണ് മോഹന്‍ലാലിന്റേത്. മാമ്പറക്കല്‍ അഹമ്മദ് അലി എന്ന ഗ്യാങ്സ്റ്ററായാണ് ഖലീഫയില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. എമ്പുരാന് ശേഷം പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്.

2018ന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കത്തിലും മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ട്. വിസ്മയയുടെ മെന്ററായാകും മോഹന്‍ലാല്‍ തുടക്കത്തില്‍ വേഷമിടുകയെന്നാണ് റിപ്പോര്‍ട്ട്. ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് ഇടുക്കിയില്‍ പുരോഗമിക്കുകയാണ്. ആക്ഷന്‍ ത്രില്ലറായാണ് തുടക്കം ഒരുങ്ങുന്നത്.

മൂന്ന് വ്യത്യസ്ത ഴോണറുകളുള്ള സിനിമയില്‍ മൂന്ന് തരത്തിലുള്ള അതിഥിവേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മൂന്ന് സിനിമകള്‍ക്കും കേരള ബോക്‌സ് ഓഫീസില്‍ ഹൈപ്പ് കയറുന്നത് മോഹന്‍ലാല്‍ എന്ന ഫാക്ടര്‍ ഉള്ളതുകൊണ്ടാണ്. സൂപ്പര്‍താരങ്ങളുടെ ഒന്നിലധികം സിനിമകള്‍ ഒന്നിച്ച് തിയേറ്ററുകളിലെത്തുമ്പോള്‍ ഏത് ചിത്രമാകും വിജയിക്കുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlight: Three films releasing in august that Mohanlal plays an important role

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more