| Wednesday, 27th August 2025, 10:52 pm

അമേരിക്കയില്‍ കുട്ടികള്‍ക്ക് നേരെ വെടിവെപ്പ്; അക്രമി ഉള്‍പ്പെടെ മൂന്ന് മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയിലെ മിനിയാപൊളിസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പ്. ആക്രമണത്തില്‍ തോക്കുധാരി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. അക്രമിയ്ക്ക് പുറമെ എട്ടും പത്തും വയസുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്.

ഇന്ന് (ബുധന്‍) രാവിലെയാണ് ആക്രമണമുണ്ടായത്. മിനിസോട്ടയിലെ ഒരു കത്തോലിക്കാ സ്‌കൂളിലാണ് സംഭവം. സ്‌കൂളിനോട് ചേര്‍ന്നുള്ള പള്ളയിലെ കുര്‍ബാനയില്‍ പങ്കെടുത്ത് പുറത്തേക്കിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്.

ആക്രമണത്തില്‍ 20ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്ത് ആളുകളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു.

‘ഭീകരമായ അക്രമത്തില്‍ തകര്‍ന്ന നമ്മുടെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

വെടിവെപ്പില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചു. കുട്ടികള്‍ക്ക് നേരെയുണ്ടായ ആക്രമണം ഭയാനകമാണെന്ന് ട്രംപ് പറഞ്ഞു. സംഭവം വൈറ്റ് ഹൗസ് നിരീക്ഷിക്കുമെന്നും ട്രംപ് അറിയിച്ചു.

‘ഇത് നിരപരാധികളായ കുട്ടികള്‍ക്കും സമാധാനപരമായി ആരാധന നടത്തുന്നവര്‍ക്കും നേരെയുള്ള മനഃപൂര്‍വമായ അക്രമമായിരുന്നു,’ മിനിയാപൊളിസ് പൊലീസ് മേധാവി ബ്രയാന്‍ ഒഹാര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷം അക്രമി സ്വയം നിറയൊഴിച്ചതാകാമെന്നാണ് സംശയിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ച മറ്റു പൊലീസ് മേധാവികള്‍ പറഞ്ഞു.

20 വയസ് തോന്നിക്കുന്ന യുവാവാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ അനുമാനം. കറുത്ത വസ്ത്രം ധരിച്ചാണ് ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് എത്തിയത്.

Content Highlight: Three dead, including children, after gunman fires into US school

We use cookies to give you the best possible experience. Learn more