| Thursday, 8th October 2026, 2:15 pm

മൂന്ന് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാക്കള്‍ ഒരൊറ്റ സിനിമയില്‍; നെല്‍സന്റേത് വല്ലാത്ത ഭാഗ്യമെന്ന് സിനിമാപേജുകള്‍

അമര്‍നാഥ് എം.

കോളിവുഡിലെ ബെഞ്ച്മാര്‍ക്കായി മാറുമെന്ന് കരുതുന്ന ചിത്രമാണ് ജയിലര്‍ 2. രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ അണിയിച്ചൊരുക്കുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പല അത്ഭുതങ്ങളും സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. സമീപകാലത്ത് ചെയ്ത സിനിമകളൊന്നും പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാല്‍ ജയിലര്‍ 2ല്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്.

ഇന്ത്യന്‍ സിനിമയിലെ പല വമ്പന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇത്രയും വലിയ താരനിരയെ സംവിധായകന്‍ നെല്‍സണ്‍ എങ്ങനെ ഉപയോഗിക്കുമെന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇത്രയും താരങ്ങള്‍ രജിനിയുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നത് തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റുമെന്ന് ഉറപ്പാണ്.

ചിത്രത്തില്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ സ്വന്തമാക്കിയ മൂന്ന് താരങ്ങള്‍ ജയിലര്‍ 2ല്‍ അണിനിരക്കുന്നുണ്ട്. രജിനികാന്ത് (2019), മോഹന്‍ലാല്‍ (2025), മിഥുന്‍ ചക്രവര്‍ത്തി (2022) എന്നിവരാണ് ഫാല്‍ക്കെ അവാര്‍ഡ് ജേതാക്കള്‍.

സിനിമാലോകത്തെ സമഗ്ര സംഭാവനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ. ഇന്ത്യന്‍ സിനിമയുടെ പിതാവിന്റെ പേരില്‍ അറിയപ്പെടുന്ന ഈ പുരസ്‌കാരം നേടിയ മൂന്ന് പേരെ ഒരു സിനിമയില്‍ കാസ്റ്റ് ചെയ്തത് അപൂര്‍വ സംഭവമാണെന്ന് പലരും പ്രതികരിക്കുന്നു. മൂന്ന് പേരുടെയും ഗംഭീര പ്രകടനം തന്നെ കാണാനാകുമെന്നാണ് പ്രതീക്ഷ.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എവിടെ നിര്‍ത്തിയോ അവിടുന്ന തുടങ്ങുന്ന ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായാണ് രജിനി വേഷമിടുന്നത്. തലൈവരെ മാക്‌സിമം സ്വാഗില്‍ തന്നെ നെല്‍സണ്‍ പ്രസന്റ് ചെയ്യുമെന്ന് ഉറപ്പാണ്. നായകന്റെ പഴയ സുഹൃത്തുക്കളില്‍ ഒരാളായ, എന്ത് സഹായത്തിനും വിളിക്കാന്‍ കഴിയുന്ന മാത്യു എന്ന ഗ്യാങ്സ്റ്ററായി മോഹന്‍ലാലും കൂടിയെത്തുമ്പോള്‍ സംഗതി കളറാകുന്നു.

ആദ്യഭാഗത്തില്‍ വെറും രണ്ട് സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട് മാസിന്റെ എക്‌സ്ട്രീം വേര്‍ഷന്‍ കാണിച്ച മാത്യു ഇത്തവണയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്. മോഹന്‍ലാലിന്റെ ഗെറ്റപ്പടക്കം പലതും ഇതിനോടകം ചര്‍ച്ചയായി. വരുന്ന സീനുകളില്‍ മാത്യുവിന്റെ വക മാക്‌സിമം സ്‌കോറിങ് പ്രതീക്ഷിക്കാം. വില്ലന്മാരുടെ ഗ്യാങ്ങിലെ പ്രധാനിയായാണ് മിഥുന്‍ ചക്രവര്‍ത്തി വേഷമിടുന്നത്. രജിനിയെ വിറപ്പിക്കുന്ന വില്ലനാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 15ന് ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ പഴങ്കഥയാക്കാന്‍ ചിത്രത്തിന് സാധിക്കും.

Content Highlight: Three Dadhasaheb Phalke award winners are part of Jailer 2 movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more