| Friday, 1st March 2013, 10:48 am

പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാര്‍ക്ക് വേണ്ടി പാക് സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്ത് ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

കറാച്ചി: രാജ്യദ്രോഹക്കുറ്റമാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ തടവുകാരായ സരബ്ജിത്ത് സിങ്, കൃപാല്‍ സിങ് എന്നിവരുടെ മോചനത്തിനായി പാക്കിസ്ഥാനില്‍ ഒരു പ്രസ്ഥാനം തന്നെ ആരംഭിക്കുന്നു.

മനുഷ്യാവകാശങ്ങള്‍ക്കായുള്ള മുന്‍ പാക് ഫെഡറല്‍ മന്ത്രി അന്‍സര്‍ ബര്‍ണിയുടെ പേരിലുള്ള അന്‍സര്‍ ബര്‍ണി ഇന്റര്‍നാഷണല്‍ ട്രസ്റ്റ് ആണ് ഇതിനായി പ്രസ്ഥാനം രൂപീകരിക്കുന്നത്. []

തൂക്കിലേറ്റുന്നതും കാത്ത് രണ്ട് പതിറ്റാണ്ടിലേറെക്കാലമായി സരബ്ജിത്ത് സിങ്, കൃപാല്‍ സിങ് എന്നിവര്‍ ജയിലില്‍ കഴിയുന്നു. കൊലക്കയറിന്റെ നിഴലില്‍ ഇത്രയും കാലം ഏകാന്ത സെല്ലില്‍ കഴിയുന്ന ഇവരുടെ അവസ്ഥ ഭീകരമാണെന്ന് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സയ്യീദ് ഫഹദ് ബര്‍ണി പറഞ്ഞു.

നിലവില്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി പത്ത് ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചിട്ടുണ്ട്. കറാച്ചിയിലെ ലാന്‍ഡി ജയിലിലും പഞ്ചാബി ജയിലുകളിലും അടച്ചിരുന്ന ഇന്ത്യന്‍ തടവുകാരെയാണ് ഇന്നലെ മോചിപ്പിക്കാന്‍ തീരുമാനമായത്. ഇവരെ ഇന്ന് വാഗ അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുമെന്ന് അന്‍സര്‍ ബര്‍ണി വ്യക്തമാക്കിയിട്ടുണ്ട്.

ജയിലില്‍ നിന്ന് ഇന്ത്യന്‍ തടവുകാരെ ഏറ്റുവാങ്ങി സ്വന്തം വാഹനത്തില്‍ വാഗ അതിര്‍ത്തിയിലെത്തിച്ച് അവരെ പാക്കിസ്ഥാന്‍ റെയ്ഞ്ചര്‍മാരെ ഏല്‍പിക്കുമെന്ന് സയ്യിദ് ഫഹദ് ബര്‍ണി അറിയിച്ചു. ഇവരാണ് മോചിപ്പിച്ച തടവുകാരെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുക.

മാന്‍ സിങ് ഭഗവാന്‍, ഖേമ, ശിവദാസ്, മന്ന, ഭരത് ധീരു, ഗോവിന്ദ് ബമനിയ, ലാല പന്‍സഭിക ബേലു എന്നിവരാണ് ജയില്‍ മോചിതരായ മത്സ്യത്തൊഴിലാളികള്‍. ഈ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ട്രസ്റ്റ് പാക്കിസ്ഥാന്‍ സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു.

ഇവര്‍ക്ക് പുറമെ വേറെ നൂറോളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാക് ജയിലുകളില്‍ കഴിയുന്നുണ്ട്.  ഇവരേയും മോചിപ്പിക്കാനുള്ള ശക്തമായ പ്രവര്‍ത്തനത്തിലാണ് അന്‍സര്‍ ബര്‍ണി ഇന്റര്‍നാഷണല്‍ ട്രസ്റ്റ്.

We use cookies to give you the best possible experience. Learn more