മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമയിലേക്കെത്തി ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകരുള്ള നടനായി മാറിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. ആദ്യചിത്രമായ സെക്കന്‍ഡ് ഷോയില്‍ തന്നെ തന്റെ റേഞ്ച് വ്യക്തമാക്കിയ ദുല്‍ഖര്‍ പിന്നീട് മികച്ച സ്‌ക്രിപ്റ്റ് സെലക്ഷനിലൂടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചു.
മലയാളത്തില്‍ മാത്രം ഒതുങ്ങിക്കൂടാതെ അന്യഭാഷയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ താരത്തിന് സാധിച്ചു. മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്മണിയിലൂടെ തമിഴില്‍ അരങ്ങേറിയ ദുല്‍ഖര്‍ അവിടെയും തന്റെ റേഞ്ച് വ്യക്തമാക്കി. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടിയിലൂടെ തെലുങ്കിലും സോയാ ഫാക്ടറിലൂടെ ബോളിവുഡിലും ഡി.ക്യു തന്റെ സാന്നിധ്യമറിയിച്ചു.
42ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ന് ആരാധകര്‍ക്ക് ട്രിപ്പിള്‍ ട്രീറ്റാണ് ദുല്‍ഖര്‍ ഒരുക്കിയിട്ടുള്ളത്. മൂന്ന് സിനിമകളുടെ അപ്‌ഡേറ്റാണ് ബര്‍ത്ത് ഡേ സ്‌പെഷ്യലായി പുറത്തിറങ്ങുന്നത്. ദുല്‍ഖര്‍ നിര്‍മാതാവായെത്തുന്ന ലോകാഃയുടെ ടീസറാണ് ഇതില്‍ ആദ്യം. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് ലോകാഃ ചാപ്റ്റര്‍ വണ്‍- ചന്ദ്ര.
നസ്‌ലെന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സൂപ്പര്‍ഹീറോ ഴോണറിലുള്ള ചിത്രമാകും ഇതെന്നാണ് റൂമറുകള്‍. ടൊവിനോയുടെ എക്‌സ്റ്റന്‍ഡഡ് കാമിയോയോടൊപ്പം ദുല്‍ഖറും ചിത്രത്തില്‍ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓണം റിലീസായെത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ന് 11.11ന് പുറത്തുവിടും.
നവാഗതനായ സെല്‍വമണി സെല്‍വരാജ് ഒരുക്കുന്ന കാന്തയുടെ ടീസറും ഇന്ന് പുറത്തുവിടും. തമിഴിലെ ആദ്യകാല സൂപ്പര്‍സ്റ്റാര്‍ എം.കെ. ത്യാഗരാജ ഭാഗവതരുടെ കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖറിനൊപ്പം തെലുങ്ക് സൂപ്പര്‍താരം റാണാ ദഗ്ഗുബട്ടിയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. വൈകിട്ട് മൂന്ന് മണിക്കാണ് കാന്തയുടെ ടീസര്‍ പ്രേക്ഷകരിലേക്കെത്തുക.
കാന്തയോടൊപ്പം ഷൂട്ട് ആരംഭിച്ച മറ്റൊരു തെലുങ്ക് ചിത്രമായ ആകാസം ലോ ഒക്ക താര എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സും ഇന്ന് പുറത്തിറങ്ങും. ആന്ധ്രയിലെ ഒരു സാധാരണ ഗ്രാമത്തില്‍ നിന്ന് നാസയിലേക്കെത്താന്‍ ശ്രമിക്കുന്ന ഒരു കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ആകാസം ലോ ഒക്ക താര. വൈകുന്നേരം ആറ് മണിക്കാണ് ഗ്ലിംപ്‌സ് പുറത്തിറക്കുക.
ഈ മൂന്ന് അപ്‌ഡേറ്റുകള്‍ക്ക് പുറമെ ഐ ആം ഗെയിമിന്റെ സ്‌പെഷ്യല്‍ പോസ്റ്ററും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ദുല്‍ഖര്‍- പൂജ ഹെഗ്‌ഡേ കോമ്പോയിലൊരുങ്ങുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റും ഇന്ന് തന്നെയുണ്ടാകുമെന്ന് കരുതുന്നു. കരിയറിലെ മികച്ച സിനിമകളുടെ അപ്‌ഡേറ്റുമായി ഗംഭീര ബര്‍ത്ത്‌ഡേ തന്നെയാണ് ഇത്തവണ ദുല്‍ഖറിനുള്ളത്.
Content Highlight: Three big updates of Dulquer Salmaan’s upcoming projects on his birthday